സന: ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനിൽ നിന്നും ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിലിനെ മോചിപ്പിച്ചു. യെമനിലെ തടവറയിലായിരുന്ന അദ്ദേഹം മോചിതനായി ഒമാനിലെ മസ്കറ്റിൽ എത്തിയെന്നാണ് റിപ്പോർട്ടുകൾ. ഒമാൻ സർക്കാരിന്‍റെ ഇടപെടലിനെ തുടർന്നാണ് മോചനം സാധ്യമായതെന്ന് ഒമാൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ കേന്ദ്ര സർക്കാർ വാർത്ത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യങ്ങൾ പരിശോധിച്ചു വരികയാണെന്നും ഒമാൻ സർക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്നുമാണ് ഡൽഹിയിൽ നിന്നും വ്യക്തമാക്കിയിരിക്കുന്നത്.

നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഫാ.ടോമിനെ അലട്ടുന്നുണ്ടെന്നാണ് വിവരം. ഒമാനിൽ എത്തിച്ച അദ്ദേഹത്തിന് വിദഗ്ധ ചികിത്സ സർക്കാരിന്‍റെ മേൽനോട്ടത്തിൽ നൽകുന്നുണ്ട്. അടുത്ത ദിവസം തന്നെ അദ്ദേഹം കേരളത്തിലേക്ക് എത്തുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

2016 മാർച്ച് നാലിനാണു യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്‍റെ വൃദ്ധസദനം അക്രമിച്ച ശേഷം നാലു കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിക്കുകയും ഫാ. ടോമിനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തത്. പിന്നീട് ഫാ.ടോമിനെ വിട്ടുതരണമെങ്കിൽ വൻ തുക മോചനദ്രവ്യം നൽകണമെന്ന് ഭീകരർ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സലേഷ്യൻ വൈദികനും പാലാ രാമപുരം സ്വദേശിയുമായ ഫാം. ടോം യെമനിലാണ് പ്രവർത്തിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here