ലാഹോര്‍: പാക്കിസ്ഥാന്റെ സുരക്ഷയ്ക്ക് വേണ്ടി ഭീകരസംഘടനകളായ ലഷ്‌കര്‍ ഇ ത്വയിബ, ജമാഅത് ഉദ് ദവഅ് എന്നിവയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ്. ലഷ്‌കര്‍ ഇ ത്വയിബ, ജമാഅത് ഉദ് ദവ എന്നീ സംഘടനകള്‍ രാജ്യസ്‌നേഹികളാണെന്നും മുഷറഫ് പറഞ്ഞതായി പാക്കിസ്ഥാനിലെ എആര്‍വൈ ന്യൂസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇരു സംഘടനകള്‍ക്കും വലിയ ജനപിന്തുണയുണ്ട്. പാക്കിസ്ഥാനുവേണ്ടി കാശ്മീരില്‍ സ്വന്തം ജീവിതംപോലും ഉപേക്ഷിച്ചവരാണ് അവര്‍. അവര്‍ നല്ലവരാണ്. ഇരു സംഘടനകളും ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാല്‍ ആര്‍ക്കും എതിര്‍ക്കാനാകില്ലെന്നും പര്‍വേസ് മുഷ്‌റഫ് വ്യക്തമാക്കി.

ഇന്ത്യന്‍ സൈന്യത്തിനെതിരെ താന്‍ ഭീകരസംഘടനയായ ലഷ്‌കറെ ത്വയ്ബയെ ഉപയോഗിച്ചിട്ടുണ്ടെന്ന് മുഷറഫ് നേരത്തേ വെളിപ്പെടുത്തിയിരുന്നു. ലഷ്‌കറെ ത്വയ്ബയുടെ ആരാധകനാണ് താനെന്നും മുഷറഫ് ഒരഭിമുഖത്തില്‍ പറഞ്ഞു. പാക്കിസ്ഥാനിലെ സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് മുന്‍ പാക്ക് പ്രസിഡന്റ് പര്‍വ്വേസ് മുഷറഫിന്റെ വിവാദ വെളിപ്പെടുത്തല്‍ ഉണ്ടായത്.
കാശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തെ നേരിടാന്‍ എക്കാലവും താന്‍ ലഷ്‌കറെ ത്വയ്ബയെ ഉപയോഗിച്ചിരുന്നു. ഇപ്പോഴും ലഷ്‌കറിനെ പിന്തുണയ്ക്കുന്നുണ്ടോയെന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ അതെ എന്നായിരുന്നു മുഷറഫിന്റെ മറുപടി. ലഷ്‌കര്‍ സ്ഥാപകനായ ഹാഫിസ് സയിദിനോടും തനിക്ക് അനുകൂല നിലപാടാണ്. പ്രസിഡന്റായിരുന്നപ്പോള്‍ ഹാഫിസുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും മുഷറഫ് വെളിപ്പെടുത്തിയിരുന്നു.
2008 ലെ മുബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനാണ് ഹാഫിസ് സയിദെന്ന ഇന്ത്യന്‍ വാദത്തെ എതിര്‍ത്ത് നേരത്തെയും മുഷറഫ് രംഗത്ത് വന്നിട്ടുണ്ട്. വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്ന ഹാഫിസ് സെയ്ദിനെ പാക്കിസ്ഥാന്‍ മോചിപ്പിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അനുകൂല നിലപാടുമായി മുഷറഫ് രംഗത്ത് വന്നതും ശ്രദ്ധേയമാണ്. പാക്കിസ്ഥാനില്‍നിന്ന് വിട്ട് ദുബായിലാണ് 74കാരനായ മുഷ്‌റഫ് ഇപ്പോള്‍.
166 പേരുടെ മരണത്തിനിടയാക്കിയ 2008 ലെ മുംബൈ ആക്രമണത്തെ തുടര്‍ന്ന് ലഷ്‌കര്‍ ഇ ത്വയിബയെ നിരോധിച്ചിരുന്നു. ജമാഅദ് ഉദ് ദവാഅ് വിദേശ ഭീകരസംഘടനയായി അമേരിക്ക 2014 ല്‍ പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here