ടെഹ്‌റാൻ : ഇറാനിയന്‍ വിമാനം തകര്‍ന്നുവീണ് 66 പേര്‍ മരിച്ചു. തലസ്ഥാന നഗരിയായ തെഹ്‌റാനില്‍ നിന്ന് യാസൂജിലേക്ക് പറക്കുന്നതിനിടെ സെമിറോം നഗരത്തിനു സമീപത്താണ് തകര്‍ന്നുവീണത്.

യാത്രക്കാരായി 60 പേരും ബാക്കി ജീവനക്കാരുമായിരുന്നു ഇറാനിയന്‍ അസിമേന്‍ എയര്‍ലൈനില്‍ ഉണ്ടായിരുന്നത്. എല്ലാവരും സംഭവസ്ഥലത്തു തന്നെ മരിച്ചതായി സ്ഥിരീകരണം ലഭിച്ചു.

ഇറാനിലെ ഉള്‍പ്രദേശങ്ങള്‍ തമ്മിലും ചില അന്താരാഷ്ട്ര സര്‍വീസുകളും നടത്തുന്ന സെമി പ്രൈവറ്റ് കമ്പനിയാണ് ഇറാന്‍ അസിമേന്‍ എയര്‍ലൈന്‍സ്.

അപകട കാരണം

സാങ്കേതിക തകരാറായിരിക്കാമെന്ന കാരണം എയര്‍ലൈന്‍ കമ്പനി തള്ളിക്കളഞ്ഞു. മോശം കാലാവസ്ഥയായിരിക്കാമെന്നാണ് കമ്പനി പറയുന്നത്.

എന്നാല്‍, കഴിഞ്ഞ കുറച്ചാഴ്കളായി സാങ്കേതിക പ്രശ്‌നങ്ങള്‍ ഉള്ള വിമാനമാണിതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ജനുവരി 25ന് വിമാനം എമര്‍ജന്‍സി ലാന്റ് ചെയ്തിരുന്നു. പിന്നീട് പ്രശ്‌നം പരിഹരിച്ചാണ് ഓടിത്തുടങ്ങിയത്.

അതിനിടെ, കഴിഞ്ഞ ഒക്ടോബര്‍ 26ന്, വിമാനത്തിന്റെ കാലാവധി കഴിഞ്ഞതിനാല്‍ സര്‍വീസ് നിര്‍ത്തുന്നുവെന്ന് പറഞ്ഞ് കമ്പനി ട്വീറ്റ് ചെയ്തിരുന്നു. പിന്നീട് അത് ഡിലീറ്റ് ചെയ്‌തെങ്കിലും ഇതിന്റെ സ്‌ക്രീന്‍ഷോട്ട് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കൂടുതല്‍ അപകടം ഇറാനില്‍, കാരണം

ലോകത്ത് ഏറ്റവും കൂടുതല്‍ വിമാനം അപകടത്തില്‍പ്പെടുന്ന ഇറാനിയന്‍ വിമാനങ്ങളാണ്. ഇസ്‌ലാമിക വിപ്ലവം നടന്ന 1979 നും 2014നും ഇടയില്‍ ഇറാന്റെ 200 വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ആണവായുധത്തിന്റെ പേരില്‍ ലോകരാഷ്ട്രങ്ങള്‍ ഇറാനെ ഉപരോധിച്ച് ഒറ്റപ്പെടുത്തിയതു കാരണം വിമാനം പുതുക്കാന്‍ പറ്റാത്തതാണ് തുടരെത്തുടരെ അപകടത്തിലേക്കു നയിക്കുന്നത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ സര്‍വീസ് നടത്തുന്ന 37 വിമാനങ്ങളുടെ കാലപ്പഴക്കം ശരാശരി കാല്‍നൂറ്റാണ്ടാണ്. ഇന്ന് അപകടത്തില്‍പ്പെട്ട എ.ടി.ആര്‍ 72 എന്ന മോഡല്‍ വിമാനത്തിന്റെ പഴക്കം 24 വര്‍ഷമാണ്. ഡല്‍ഹിയിലേക്കു വരുന്ന ബി.എ ജംബോ വിമാനത്തിന് 27 വര്‍ഷമായി. 1984 ല്‍ ഉല്‍പാദനം നിര്‍ത്തിയ ബോയിങ് 727 വിമാനം സര്‍വീസ് നടത്തുന്ന ലോകത്തെ ഏക രാഷ്ട്രം ഇറാനാണ്.

രണ്ടു വര്‍ഷം മുന്‍പ് ഉപരോധം നീക്കിയപ്പോള്‍ 100 പുതിയ വിമാനങ്ങള്‍ക്ക് ഇറാന്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. എന്നാല്‍ ട്രംപ് വന്നതോടെ ആ കരാറിന്റെ കാര്യവും അനിശ്ചിതത്വത്തിലായി.

LEAVE A REPLY

Please enter your comment!
Please enter your name here