ന്യൂയോർക്ക്∙ 2001 ലെ വേൾഡ് ട്രെഡ് സെന്റർ ആക്രമണത്തിന്റെ ജീവിക്കുന്ന പ്രതീകമായി മാറിയ ‘ഡസ്റ്റ് ലേഡി’ മേഴ്സി ബോർഡേഴ്സ് അന്തരിച്ചു. ആമാശയ അർബുദത്തെ തുടർന്നാണ് നാല്‍പ്പത്തിരണ്ടുകാരിയായ മേഴ്സി ബോർഡേഴ്സിന്റെ അന്ത്യം. മേഴ്സി അന്തരിച്ച വിവരം ഫെയ്സ്ബുക്കിലൂടെയാണ് ബന്ധുക്കൾ ലോകത്തെ അറിയിച്ചത്.

യുഎസിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണ സമയത്ത് ഓടി രക്ഷപ്പെടാൻ ശ്രമിക്കവെ ശരീരം മുഴുവൻ പൊടിപുരണ്ടു നിൽക്കുന്ന നിലയിൽ ക്യാമറയിൽ പതിഞ്ഞ ഇവരുടെ ചിത്രം ഏറെ ജനശ്രദ്ധ നേടിയിരുന്നു. സ്റ്റാന്‍ ഹോണ്ടാ എന്ന എഎഫ്പി ഫോട്ടോഗ്രാഫറാണ് ബോർഡേഴ്സിന്റെ ചിത്രം പകർത്തിയത്. എന്നാൽ, ചിത്രം പകർത്തിയ വിവരം ഇവർ അറിഞ്ഞിരുന്നില്ല. എഎഫ്പിയിലൂടെ പുറത്ത് വന്ന ഈ ചിത്രം ആക്രമണത്തിന്റെ ഭീകരാവസ്ഥ വെളിപ്പെടുത്തുന്ന ചിത്രമായി ലോകം ഏറ്റെടുക്കുകയായിരുന്നു. വേൾഡ് ട്രേഡ് സെന്റർ ആക്രമണം സൃഷ്ടിച്ച ദുരന്തത്തിന്റെ ആഴം വ്യക്തമാക്കുന്ന മേഴ്സിയുടെ ചിത്രം ടൈം മാഗസിന്‍റെ ശക്തമായ 25 ചിത്രങ്ങളുടെ പട്ടികയിലും ഇടംപിടിച്ചിരുന്നു.

ആക്രമണത്തെ തുടർന്നുണ്ടായ പൊ‌ടി ശ്വസിച്ചതാണ് തനിക്ക് അർബുദം ബാധിക്കാനുള്ള കാരണമെന്ന് ബോർഡേഴ്സ് വെളിപ്പെടുത്തിയിരുന്നു. ആക്രമണം നടക്കുമ്പോൾ നോർത്ത് ടവറിലെ 81-ാം നിലയിലുള്ള ബാങ്ക് ഓഫ് അമേരിക്കയുടെ ഓഫിസിൽ ജോലി ചെയ്യുകയായിരുന്നു മേഴ്സി. ഭീകരാക്രമണത്തിന് ശേഷം കടുത്ത വിഷാദരോഗം ബാധിച്ച മേഴ്സി രക്ഷതേടി ലഹരിയുടെ പിടിയിലമരുകയായിരുന്നു. ഇതോടെ കുടുംബാംഗങ്ങളിൽനിന്നുമകന്ന മേഴ്സി 2011 ല്‍ ലഹരി പുനരധിവാസ കേന്ദ്രത്തിലെ ചികില്‍സയോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തി.

2001 സെപ്തംബർ 11 നാണ് ലോകത്തെ ഞെ‍ട്ടിച്ച് ന്യൂയോർക്കിലെ ഇരട്ടഗോപുരമായ വേൾഡ് ട്രേഡ് സെന്ററിനു നേരെ ഭീകരർ ആക്രമണം നടത്തിയത്. യാത്രാവിമാനങ്ങൾ തട്ടിയെടുത്ത് ലോകവ്യാപാര കേന്ദ്രത്തിലേക്ക് ഇടിച്ചു കയറ്റിയായിരുന്നു ആക്രമണം.

LEAVE A REPLY

Please enter your comment!
Please enter your name here