ബീജിങ്‌: ആഫ്രിക്കൻ രാജ്യങ്ങൾ ഈ വർഷം തിരിച്ചടയ്‌ക്കേണ്ട മുഴുവൻ പലിശരഹിത വായ്പകളും എഴുതിത്തള്ളുമെന്ന്‌ ചൈനീസ് പ്രസിഡന്റ്‌ ഷി ജിൻപിങ്. കോവിഡ്‌ മഹാമാരിക്കെതിരെ ഐക്യദാർഡ്യത്തിനുള്ള ചൈന ആഫ്രിക്ക ഓൺലൈൻ ഉച്ചകോടിയിൽ മറ്റ്‌ പല സഹായങ്ങളും ഷീ പ്രഖ്യാപിച്ചു. കോവിഡ്‌ പ്രതിരോധത്തിന്‌ ആഫ്രിക്കയിൽ കൂടുതൽ ആശുപത്രികൾ പണിയുകയും കൂടുതൽ ആരോഗ്യ വിദഗ്ധരെ അയക്കുകയും ചെയ്യും. വായ്‌പാസഹായം നൽകുന്നത്‌ സംബന്ധിച്ച്‌ ആഫ്രിക്കൻ രാജ്യങ്ങളുമായി ചർച്ച നടത്താൻ ഷീ ജിൻപിങ്‌ ചൈനയിലെ മുനനിര ധനസ്ഥാപനങ്ങളോട്‌ ആവശ്യപ്പെട്ടു.

ആഫ്രിക്കയിൽ അടിയന്തര വൈദ്യസഹായവും വെന്റിലേറ്ററുകളും പരിശോധനാ ഉപകരണങ്ങളും ആവശ്യമാണെന്ന് ഉച്ചകോടിയിൽ അധ്യക്ഷനായ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമാഫോസ പറഞ്ഞു. ആഫ്രിക്കയിൽ രണ്ടരലക്ഷം കോവിഡ് -കേസും 7,000 മരണവും ബുധനാഴ്‌ചവരെ റിപ്പോർട്ട്‌ ചെയ്‌തു. കോവിഡ്––19 വാക്സിൻ കണ്ടെത്തുമ്പോൾ ആഫ്രിക്കയിൽ മുൻ‌ഗണന നൽകി എത്തിക്കുമെന്ന്‌ ചൈന വ്യക്തമാക്കി. അന്താരാഷ്ട്ര നാണ്യ നിധിയിൽനിന്ന് ആഫ്രിക്കയ്‌ക്ക്‌ വായ്‌പയ്‌ക്കും ചൈന സഹായിക്കും.

ചൈനയിൽനിന്ന് അവശ്യസാധനങ്ങൾ ലഭ്യമാക്കാൻ സംവിധാനമുണ്ടാക്കും.
ആഫ്രിക്കയിലേതടക്കമുള്ള 77 പിന്നോക്ക വികസ്വര രാജ്യങ്ങൾ വായ്‌പാ തിരിച്ചടവിന്‌ കാലാവധി കൂട്ടിനൽകുമെന്ന്‌ കഴിഞ്ഞയാഴ്‌ച ചൈന അറിയിച്ചിരുന്നു. ദരിദ്ര രാജ്യങ്ങളുടെ വായ്‌പാ തിരിച്ചടവ്‌ ഈവർഷം മരവിപ്പിയ്ക്കാൻ ഏപ്രിലിൽ ജി 20 ഉച്ചകോടി തീരുമാനിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here