ബെർലിൻ ∙ ഗംഗാനദിയുടെ ശുദ്ധീകരണത്തിനു ജർമനിയുടെ സഹായ വാഗ്ദാനം. ജർമനിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംസ്കൃതം ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷകൾ പഠിപ്പിക്കുവാനും തീരുമാനം. ജർമൻ സന്ദർശനം വിജയകരമായി പൂർത്തിയാക്കി ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നാട്ടിലേക്കു മടങ്ങി.

ഗംഗാനദിയുടെ ഉത്തരാഖണ്ഡ് ഭാഗം ശുചിയാക്കുന്നതിനാണു ജർമനി സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. ജർമനിയിലെ റൈൻ നദി ശുചിയാക്കുന്നതിന് ഉപയോഗിച്ച സാങ്കേതികവിദ്യ ഇവിടെയും ഉപയോഗിക്കും. ജർമൻ വിദേശകാര്യമന്ത്രി ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമിയറുമായി സുഷമ നടത്തിയ രണ്ടു മണിക്കൂർ ദീർഘിച്ച ചർച്ചയിലാണ് ഇതു സംബന്ധിച്ചു തീരുമാനമായത്. ‘നിങ്ങൾ ഗംഗയെ മാതാവ് എന്നു വിളിക്കുന്നു. റൈൻ നദി ഞങ്ങൾക്കു പിതാവിനെപ്പോലെയായിരുന്നു. ഞങ്ങൾ സഹായിക്കാം’ എന്നിങ്ങനെയാണു ജർമൻ വിദേശകാര്യമന്ത്രി തന്നോടു പറഞ്ഞതെന്നു സുഷമ പിന്നീടു വാർത്താലേഖകരോടു സംസാരിക്കവേ അറിയിച്ചു.

ഇന്ത്യയിലെ ഓരോ സ്കൂളിലും പ്രവർത്തനക്ഷമമായ ടോയ്‌ലറ്റ് എന്ന ‘സ്വച്ഛവിദ്യാലയ’ പദ്ധതിയിലും ജർമനി സഹകരിക്കും. ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജർമൻ പഠിപ്പിക്കുന്നതു തുടരാനും ജർമനിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംസ്കൃതം ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷകൾ പഠിപ്പിക്കുവാനുമാണ് ഇരുവിഭാഗവും തമ്മിൽ ചർച്ചയിലൂടെ ധാരണയായത്. ഒക്ടോബറിൽ ജർമൻ ചാൻസലർ അംഗല മെർക്കൽ ഇന്ത്യ സന്ദർശിക്കുമ്പോൾ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നു സുഷമ സൂചിപ്പിച്ചു.

യുഎൻ രക്ഷാസമിതിയിൽ സ്ഥിരം സീറ്റ് പ്രതീക്ഷിക്കുന്ന ഇന്ത്യയും ജർമനിയും ഇതിനാവശ്യമായ ചട്ടങ്ങളിൽ പരിഷ്കാരം യുഎൻ 70–ാം വാർഷികത്തിൽ ഉണ്ടാകുമെന്ന പ്രതീക്ഷയും പങ്കിട്ടതായി വിദേശകാര്യമന്ത്രാലയം വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here