ജനീവ: കശ്​മീർ വിഷയത്തിൽ തുര്‍ക്കി പ്രസിഡൻറ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാർ ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പരാമര്‍ശത്തെ അപലപിച്ച് ഇന്ത്യ. ഉർദുഗാ​െൻറ പ്രസംഗം ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലാണ്‌. ഇത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ഉർദുഗാൻ മറ്റ്​ രാഷ്​ട്രങ്ങളുടെ പരമാധികാരത്തെ മാനിക്കാൻ പഠിക്കണമെന്നും ഇന്ത്യ പ്രതികരിച്ചു.

ഉർദുഗാ​െൻറ പ്രസംഗത്തിന് പിന്നാലെ യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.തിരുമൂര്‍ത്തിയാണ് ട്വിറ്ററിലൂടെ ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയത്.

‘ജമ്മു കശ്മീനെ സംബന്ധിച്ച് തുര്‍ക്കി പ്രസിഡൻറ്​ നടത്തിയ പരാമര്‍ശങ്ങള്‍ ഞങ്ങള്‍ കണ്ടു. അവ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള കടുത്ത ഇടപെടലാണ്, പൂര്‍ണ്ണമായും അസ്വീകാര്യമാണ്. മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കാനും സ്വന്തം നയങ്ങൾ ആഴത്തില്‍ പ്രതിഫലിപ്പിക്കാനും തുര്‍ക്കി പഠിക്കണം’ -തിരുമൂര്‍ത്തി ട്വിറ്ററില്‍ കുറിച്ചു.

കശ്​മീർ സംഘർഷം ഇപ്പോഴും കത്തുന്ന പ്രശ്​നമാണെന്നായിരുന്നു ഉർദുഗാ​െൻറ പരാമർശം. ദക്ഷിണേഷ്യയുടെ സമാധാനത്തിനായി യു.എൻ പ്രമേയത്തി​െൻറ ചട്ടക്കൂടിൽ നിന്നുള്ള സംഭാഷണങ്ങളിലൂടെ പ്രത്യേകിച്ച് കശ്മീര്‍ ജനതയുടെ പ്രതീക്ഷകള്‍ക്ക് അനുസൃതമായി ഈ പ്രശ്‌നം പരിഹരിക്കണമെന്നും അതിനോട്​ തങ്ങൾക്ക്​ യോജിപ്പാണുള്ളത് എന്നുമായിരുന്നു ഉർദുഗാ​ൻ യു.എൻ ജനറല്‍ അസംബ്ലിയില്‍ നടത്തിയ വെർച്വൽ പ്രസംഗത്തിൽ പറഞ്ഞത്​.

കഴിഞ്ഞ വർഷവും യു.എൻ പൊതുസഭയിൽ ജമ്മു-കശ്​മീരിന്​ പ്രത്യേക പദവി നൽകിയിരുന്ന 370ാം ഭരണഘടന വകുപ്പ്​ റദ്ദാക്കിയതിനെ ഉർദുഗാൻ വിമർശിച്ചിരുന്നു. അന്നും കശ്​മീർ ഇന്തയുടെ ആഭ്യന്തര വിഷയമാണെന്ന മറുപടിയാണ്​ നൽകിയത്​.

LEAVE A REPLY

Please enter your comment!
Please enter your name here