വാഷിങ്ടൻ: ഭീകര സംഘടനയായ അൽ ഖായിദയിലെ രണ്ടാമനെ ഓഗസ്റ്റിൽ ഇറാനിൽ ഇസ്രയേൽ വധിച്ചതായി റിപ്പോർട്ട്. യുഎസ് മാധ്യമമായ ന്യൂയോർക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യുഎസിന്റെ അറിവോടെയാണ് അബു മുഹമ്മദ് അൽ മസ്‌റി എന്നറിയപ്പെടുന്ന അബ്ദുല്ല അഹമ്മദ് അബ്ദുല്ലയെ വധിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

1998ൽ അഫ്രിക്കയിലെ രണ്ട് യുഎസ് എംബസികൾക്കുനേരെയുണ്ടായ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഇയാളായിരുന്നു. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ പസ്ദാരൻ മേഖലയിലെ തെരുവിൽ ബൈക്കിലെത്തിയ രണ്ടുപേരാണ് മസ്റിയെ വെടിവച്ചുവീഴ്ത്തിയത്. ഓഗസ്റ്റ് ഏഴിനായിരുന്നു സംഭവം. യുഎസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ തിരയുന്ന ഭീകരരുടെ പട്ടികയിൽ സ്ഥാനംപിടിച്ചയാളാണ് ഇയാൾ.

അൽ ഖായിദയുടെ നിലവിലെ മേധാവി അയ്മാൻ അൽ സവാഹിരിക്കുശേഷം സംഘടനയുടെ അമരത്തെത്തുമെന്നു വിശ്വസിക്കപ്പെട്ടിരുന്നയാളാണ് മസ്റി. അതേസമയം, ഇയാളെ വധിച്ചതിൽ യുഎസ് പങ്കെടുത്തിരുന്നോയെന്ന് വ്യക്തമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. തങ്ങളുടെ മണ്ണിൽ അൽ ഖായിദ ഭീകരരില്ലെന്ന് പറഞ്ഞ് ഇറാനും റിപ്പോർട്ട് നിഷേധിച്ചിട്ടുണ്ട്. നുണകൾ പറഞ്ഞും മാധ്യമങ്ങൾക്കു തെറ്റായ വിവരങ്ങൾ കൈമാറിയും ഇത്തരം സംഘടനകളുമായി ഇറാനെ കൂട്ടിക്കെട്ടാനാണ് യുഎസും ഇസ്രയേലും ശ്രമിക്കുന്നതെന്ന് ഇറാൻ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here