ലോകത്തെ മുഴുവന്‍ ബാധിച്ച കൊവിഡിന് പിന്നാലെ മറ്റൊരു വൈറസിന്റെ സാന്നിദ്ധ്യം കൂടി കണ്ടെത്തി. എബോളയ്ക്ക് സമാനമായി മസ്തിഷ്‌ക ജ്വരത്തിന് കാരണമാകുന്ന ചപാരെ വൈറസ് ശരീര ദ്രവങ്ങളിലൂടെ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനാണ് ഇക്കാര്യം അറിയിച്ചത്. 2004ല്‍ ബൊളീവിയയിലാണ് ഈ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടത്.എബോളയോട് സമാനമായ ഈ വൈറസ് 2019 ല്‍ രണ്ടു പേരില്‍ കണ്ടെത്തിയിരുന്നു.

ഇവരില്‍ നിന്ന് മൂന്ന് ആരോഗ്യപ്രവര്‍ത്തകരിലേക്കും പകര്‍ന്നിരുന്നു. രണ്ട് ആരോഗ്യ പ്രവര്‍ത്തകരുടേതുള്‍പ്പെടെ മൂന്ന് മരണം സ്ഥിരീകരിച്ചിരുന്നു. 2019ല്‍ തന്നെയായിരുന്നു ചപാരെ ഏറ്റവുമധികം നാശം വിതച്ചത്. ലോകമെമ്പാടുമുള്ള സര്‍ക്കാരുകളും ശാസ്ത്രജ്ഞരും ആരോഗ്യ വിദഗ്ധരും കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തെ നേരിടാന്‍ പ്രയാസപ്പെടുന്നതിനിടയില്‍, യു.എസിന്റെ സി.ഡി.സിയിലെ ഗവേഷകര്‍ ഇപ്പോള്‍ ചപാര വൈറസ് മനുഷ്യരാശിക്ക് ഭീഷണിയാകുമോയെന്ന് പഠിക്കുകയാണ്.

എന്താണ് ചപാരെ വൈറസ് ?
എബോള വൈറസ് രോഗം (ഇ.വി.ഡി) പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്ന അതേ അരീനവൈറസ് വര്‍ഗമാണ് ചപാരെ ഹെമറേജിക് ഫീവര്‍ (സി.എച്ച്.എച്ച്.എഫ്) ഉണ്ടാകുന്നത്. സി.ഡി.സി. വെബ്‌സൈറ്റ് പ്രകാരം അരീനവൈറസുകള്‍ പോലുള്ള ചപാരെ വൈറസിന്റെ ഉറവിടം എലികളാണെന്നാണ് സംശയിക്കുന്നത്. എലികളുമായി നേരിട്ടുള്ള സമ്പര്‍ക്കം, അവയുടെ മൂത്രം, വിസര്‍ജ്യം എന്നിവയിലൂടെ പിന്നീട് വൈറസ് മനുഷ്യരിലേക്ക് എത്തിയതാവാമെന്നാണ് കരുതപ്പെടുന്നത്.വൈറസ് ആദ്യം കണ്ടെത്തിയത് ചപാരെ പ്രവിശ്യയിലായതിനാലാണ് ഇതിന് ചപാരെ വൈറസ് എന്ന് പേരിട്ടിരിക്കുന്നത്.വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടെത്തപ്പെട്ട വൈറസാണെങ്കിലും മരണനിരക്ക് വളരെ കുറവായിരുന്നതിനാല്‍ തന്നെ ഇതെക്കുറിച്ച് കൂടുതല്‍ പഠനങ്ങളൊന്നും നടന്നില്ല. അതുകൊണ്ട് വൈറസ് പിടികൂടിയാല്‍ രോഗിയില്‍ കാണപ്പെടുന്ന ലക്ഷണങ്ങള്‍ മുതല്‍ ചികിത്സ വരെയുള്ള വിഷയങ്ങളെ കുറിച്ച് പരിമിതമായ വിവരങ്ങള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്.

തലവേദന, പനി, കണ്ണുകള്‍ക്ക് പിന്നില്‍ വേദന, പേശീവേദന, ജോയിന്റ് പെയിന്‍, വയറുവേദന, എബോളയ്ക്ക് സമമായി ചര്‍മ്മത്തിലുണ്ടാകുന്ന പാടുകള്‍- കുമിളകള്‍, അസ്വസ്ഥത, മോണയില്‍ നിന്ന് ബ്ലീഡിംഗ്, ഛര്‍ദ്ദി, വയറിളക്കം എന്നിവയാണ് ‘ചപാരെ’ വൈറസ് ഉണ്ടാക്കുന്ന ‘ചപാരെ ഹെമറേജിക് ഫീവര്‍’ ലക്ഷണങ്ങളെന്നാണ് സി.ഡി.സി അറിയിക്കുന്നത്. വൈറസ് ബാധയേറ്റ് നാല് മുതല്‍ 21 വരെയുള്ള ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകുമെന്നും സി.ഡി.സി വിശദമാക്കുന്നു. കൂടുതല്‍ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍, പ്രത്യേകിച്ച്, ചെറിയ ചെവികളുള്ള പിഗ്മി എലികളെ സാധാരണയായി കണ്ടുവരുന്ന തെക്കേ അമേരിക്കയിലെ ചില ഭാഗങ്ങളില്‍ വൈറസിന്റെ അപകട സാദ്ധ്യത കൂടുതലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here