കോവിഡ് വാക്‌സിന്‍ വിതരണത്തിന് തുടക്കം കുറിക്കാനൊരുങ്ങി ബ്രിട്ടണ്‍. വാക്‌സിന് വിതരണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ബ്രിട്ടണിലെ ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു. അതേസമയം വാക്‌സിന്‍ വളരെ താഴ്ന്ന താപ നിലയില്‍ സൂക്ഷിക്കണമെന്നതും മൂന്നാഴ്ചത്തെ ഇടവേളകളില്‍ കുത്തിവെപ്പ് നടത്തണമെന്നതും വിതരണത്തെ സങ്കീര്‍ണമാക്കാന്‍ സാധ്യതയുണ്ട്.

ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്‌ലന്‍ഡ് എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. വടക്കന്‍ അയലന്‍ഡില്‍ വാക്‌സിന്‍ നല്‍കുന്ന കൃത്യമായ തീയതി പുറത്തു വിട്ടിട്ടില്ല. ഫൈസറും ബയോടെകും സംയുക്തമായി വികസിപ്പിച്ചിരിക്കുന്ന വാക്‌സിന് അനുമതി നല്‍കുന്ന ആദ്യ രാജ്യമാണ് ബ്രിട്ടണ്‍. അതുകൊണ്ട് തന്നെ ലോകത്താദ്യമായി കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്ന രാജ്യമെന്ന വിശേഷണവും ബ്രിട്ടനുണ്ട്. രാജ്യം മുഴുവന്‍ ആകാംഷയോടെയാണ് ഇക്കാര്യം വീക്ഷിക്കുന്നത്.

പ്രായമായവര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിങ്ങനെ മുന്‍ഗണനാ ക്രമത്തിലാകും വാക്‌സിന്‍ വിതരണം ചെയ്യുക. അവസാന ഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പ്രതിരോധ പ്രശ്‌നങ്ങളൊന്നുമില്ലാതെ വാക്‌സിന്‍ 95% ഫലപ്രദമാണെന്ന് ഫിസറും ബയോ ടെക്കും നേരത്തേ പ്രതികരിച്ചിരുന്നു. 2020 ലും 2021 ലും 40 ദശലക്ഷം ഡോസുകള്‍ യുകെയിലേക്ക് വിതരണം ചെയ്യുന്നതിനുള്ള കരാറിലാണ് കമ്പനികള്‍ ഒപ്പുവെച്ചിരിക്കുന്നത്. ആദ്യപടിയായി വാക്‌സിന്റെ ഒരു കോടി ഡോസുകള്‍ ഉടന്‍ ലഭ്യമാക്കും. ആദ്യപടിയായി എട്ട് ലക്ഷത്തോളം വാക്‌സിന്‍ ഡോസുകളാണ് യുകെയിലെത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here