പത്താം ക്ലാസ് മലയാളം സെക്കൻഡ് പേപ്പറിൽ കുട്ടികളുടെ എഴുത്തിലുള്ള നൈപുണ്യം നേടിയെടുക്കുന്നതിന് വേണ്ടി കൊടുത്ത ഒരു ചോദ്യമിതായിരുന്നു.

നിങ്ങൾക്ക് ഏറ്റവും ഇഷ്ടപെട്ട, പ്രഗത്ഭനായൊരു വ്യക്തിയെ കുറച്ചും,അവർ നിങ്ങളുടെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെ കുറിച്ചും രണ്ടു പുറത്തിൽ കവിയാതെയൊരു ഉപന്യാസം തയ്യാറാക്കുക.

കുട്ടികൾ പരസ്പരം നോക്കി… സംശയങ്ങൾ ഉയർന്നു…..

മദർ തേരസായെ കുറിച്ച് മതിയോ….

സച്ചിനെ കുറച്ചു എഴുതിയാൽ കുഴപ്പം ഉണ്ടോ…?

എല്ലാവരും എഴുതി തുടങ്ങി. പിരീഡ് അവസാനിച്ചപ്പോൾ പേപ്പറും വാങ്ങി ടീച്ചർ സ്റ്റാഫ് റൂമിൽ എത്തി.

വെറുതെ ഒന്ന് ഓടിച്ചു നോക്കി… നല്ല ഭംഗിയായി തന്നെ എല്ലാവരും വച്ച് കാച്ചിയിട്ടുണ്ട്.

ഒന്നൊന്നായ് വായിച്ചു ഗ്രേഡ് ഇട്ടു തുടങ്ങി.

ആഹാ…. വായിച്ചു ചിരിക്കാനും, ചിന്തിക്കാനും ഉണ്ട്…

മമ്മൂട്ടി… മോഹൻലാൽ വിജയ്…
മദർ തേരസാ… മുരുകൻ കട്ടാക്കട… ധോണി… സച്ചിൻ… മഞ്ജു വാര്യർ… അബ്‌ദുൾകലാം…
അങ്ങനെ നീണ്ട നിര തന്നെയുണ്ട്…

അടുത്ത പേപ്പർ എടുത്തു വായിക്കാൻ നോക്കിയ ടീച്ചറോന്ന് ഞെട്ടി…!!! നരേന്ദ്രന്റ പേപ്പർ ആണ്…പത്തു ബി യിലെ കുട്ടിയാണ്.

കറുത്ത മഷിയിൽ വടിവൊത്ത അക്ഷരങ്ങൾ…

ദി ഗ്രേറ്റ്‌ ആർട്ടിസ്റ്റ് – കല്യാണികുട്ടി
(എന്റെ അമ്മ )

ഒട്ടൊരു കൗതുകത്തോടെയാണ് ടീച്ചർ വായന തുടർന്നത് …

കാരണം നരേന്ദ്രന്റെ അമ്മ കല്യാണിയെ അവർക്ക് നന്നായി അറിയാം.

അവന്റെ അച്ഛന്റെ മരണശേഷം കുട്ടികളെ വളർത്താൻ തൊഴിലുറപ്പ് പണിക്ക് പോയും, മറ്റുള്ള വീടുകളിൽ അടുക്കളപ്പണി ചെയ്‌തും കഴിയുന്ന കല്യാണി എങ്ങനെ ഗ്രേറ്റ് ആർട്ടിസ്റ്റ് ആവും….!!!???

ഇവനിതു എന്താണ് എഴുതിവച്ചിരിക്കുന്നത്…
വീണ്ടും ആ അക്ഷരങ്ങളിലേയ്ക്ക് കണ്ണോടിച്ചു…

ഈ ലോകത്തിലെ ഏറ്റവും വലിയ ഗായിക എന്റെ അമ്മയാണ്.. ആരുടെ പാട്ട് കേട്ടാണോ ഒരാൾ കരച്ചിൽ നിർത്തുന്നത്…. സന്തോഷത്തോടെയിരിക്കുന്നത്… സമാധാനത്തോടെ ഉറങ്ങുന്നത്… അത്,സ്വന്തം അമ്മയുടെ താരാട്ട് പാട്ടാണ്.

ഈ ഭൂമിയിലേക്ക് പിറന്നുവീഴുന്ന ഓരോ കുഞ്ഞും കേൾക്കുന്നത് സംഗീതം പഠിച്ചയാളുടെയോ,, അവാർഡ് കിട്ടിയാളുടെയോ സ്വരമല്ല… രാഗവും,താളവുമില്ലെങ്കിലും …. അവന്റെ ഹൃദയത്തിൽ ആഴത്തിൽ സ്പർശിക്കുന്നത് ആ താരാട്ട് പാട്ട് തന്നെയാണ്.

എന്റെ അനുജത്തിയെ ഉറക്കുവാൻ വേണ്ടി അമ്മ പാടിയ താരാട്ടുപാട്ടിനോളം മാധുര്യമേറിയയൊരു സ്വരവും ഈ ഭൂമിയിൽ ഞാൻ വേറെ കേട്ടിട്ടില്ല. അതേ എന്റെ അമ്മയാണ് ഈ ലോകത്തിലെ ഏറ്റവും മികച്ച ഗായിക.

ഞാൻ കണ്ട ഏറ്റവും വലിയ കഥാകാരിയും എന്റെ അമ്മയാണ്..

പകലന്തിയോളം പണി കഴിഞ്ഞു, റേഷൻ പീടികയിൽ നിന്നും അരിയും വാങ്ങി വന്ന്, ഉണങ്ങാത്ത വിറക് ഊതി, ഊതി കത്തിച്ചു കഞ്ഞി, കാലം ആക്കുമ്പോൾ…

കരിയും,പുകയുമേറ്റ അടുക്കളയിൽ അമ്മക്കൊപ്പം ഞാനും ഏട്ടനും ഇരിക്കുന്നുണ്ടാവും…
അടുത്ത് തഴപായിൽ അനുജത്തിയെ കിടത്തിയിട്ടും ഉണ്ടാവും….
അപ്പോഴൊക്കെയും അടുപ്പിൽ നിന്നുയിരുന്ന പുകചുരുളുകൾ നോക്കി,അമ്മ പറഞ്ഞു തന്നിട്ടുള്ള മനോഹരമായ കഥകളോളം മികച്ചവ .

ഇതുവരെ ഞാൻ എങ്ങും വായിച്ചിട്ടുമില്ല,കേട്ടിട്ടുമില്ല…!

എന്റെ അമ്മയാണ് ഏറ്റവും വലിയ ശില്പിയും….

ഗോതമ്പുപൊടി കുഴച്ച്, ശോഷിച്ച കൈയാൽ അവ ഉരുളകളാക്കി,സ്റ്റീൽ പാത്രം കമിഴ്ത്തിവച്ച് അതിനു മുകളിൽ ആ ഗോതമ്പു ഉരുള വച്ചു ഗ്ലാസ്‌ കൊണ്ട് ചപ്പാത്തി പരത്തുന്ന അമ്മയുടെ കഴിവ്…

അതേ ഗോതമ്പു പൊടികൊണ്ട് കൊഴുക്കട്ട ഉണ്ടാക്കി… കലത്തിനു മുകളിൽ ഒരു തുണി ചുറ്റി കെട്ടി അതിന് മുകളിൽ ആ ആ കൊഴുക്കട്ട വച്ച് പുഴുങ്ങി എടുക്കുന്നത്….അതേ എന്റെ അമ്മയാണ് ഞാൻ കണ്ട ഏറ്റവും വിദഗ്ദ്ധയായ ശില്പി.

എന്റെ അമ്മയാണ് ഏറ്റവും വലിയ അഭിനേത്രി മിഴികൾ നിറയുമ്പഴും അധരത്തിൽ പുഞ്ചിരി പ്രകാശിപ്പിക്കുന്ന അമ്മയോളം മികച്ചയൊരു നടിയെ ഞാനിതുവരെ വേറെ കണ്ടിട്ടില്ല

പട്ടിണി കിടന്നു, മുണ്ട് മുറുക്കിയുടുത്തു….
മക്കളെ ഊട്ടി കുഞ്ഞുങ്ങളുറക്കമായാൽ കലത്തിൽ കോരി വച്ച കിണർ വെള്ളം കുടിച്ച്,വിശപ്പടക്കുന്ന എന്റെ അമ്മയോളം ത്യാഗശീലയായ ഒരാളെയും ഞാൻ ഇതുവരെ കണ്ടിട്ടില്ല…

അതേ ഏറെ അഭിമാനത്തോടെ… അതിലേറെ സന്തോഷത്തോടെ പറയട്ടെ എന്റെ അമ്മ കല്യാണി കുട്ടിയാണ് ഞാൻ കണ്ട ഏറ്റവും വലിയ ആർട്ടിസ്റ്റ്…
ദി റിയൽ ഹീറോയിൻ….

ഒരു കാര്യം കൂടി പറയാതെ വയ്യ… കണ്ടു നേരിയ ഒരു ഓർമ്മ മാത്രമേയുള്ളൂ എനിക്കെന്റെ അച്ഛനെ… പകലു മുഴുവനും പണികഴിഞ്ഞു രാത്രി അടുത്ത വീട്ടിലെ മുറ്റത്തു ഒരു മലപോലെ കൂട്ടിയിട്ടിരിക്കുന്ന തേങ്ങ പൊതിച്ചെടുക്കുന്ന എന്റെ അച്ഛനോളം വലിയൊരു കായികാഭ്യാസിയെ ഞാൻ കണ്ടിട്ടില്ല…
ആ സ്നേഹവും കരുതലും കുഞ്ഞിലേ നഷ്ട്ടപ്പെട്ടുവെങ്കിലും അതറിയിക്കാതെ വളർത്തിയ എന്റെ അമ്മയെ മറന്നൊരു ജീവിതം എനിക്കില്ല.

ഇനി ഒരു ജന്മം ഉണ്ടെങ്കിൽ എന്റെ അച്ഛന്റെയും,അമ്മയുടെയും രണ്ടാമത്തെ മകനായി… ഏട്ടന്റെ അനുജനായി… അനുജത്തികുട്ടിയുടെ കുഞ്ഞേട്ടനായി… ആ കൊച്ചു വീട്ടിൽ തന്നെ എനിക്ക് പിറക്കണം…

കല്യാണം കഴിഞ്ഞു പതിനെട്ടു വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു കുഞ്ഞിന് ജന്മം കൊടുക്കാൻ കഴിയാത്ത ആ ടീച്ചർ വയറ്റിൽ കൈ വച്ചു കണ്ണീരോടെ പ്രാർത്ഥിച്ചു …

നരേന്ദ്രാ……. ഈ വയറ്റിൽ നീ പിറന്നില്ലല്ലോ… നിന്നെ പോലെ ഒരു മകന് ജന്മം കൊടുക്കുന്നതിനോളം പുണ്യം മറ്റെന്തുണ്ട്… അടുത്ത ജന്മത്തിലെങ്കിലും നീ എനിക്ക് മകനായി പിറക്കണം…

ടീച്ചറുടെ കണ്ണീർ വീണ, അവന്റെ അക്ഷരങ്ങൾ നോക്കി…കുറച്ചു നേരം ആ ടീച്ചർ ഇരുന്നു പോയി…

അവന്റെ അക്ഷരങ്ങൾക്ക് ഗ്രേഡ് ഇടാനുള്ള യോഗ്യത എനിക്കില്ല… ഞാൻ പഠിച്ച ഒരു ഡിഗ്രിയും എനിക്ക് അതിന് അനുമതി നൽകില്ല… കാരണം അവനെഴുതിയത് ജീവിതമാണ്…
സ്വന്തം രക്തം ചാലിച്ചെഴുതിയ ജീവിതം…

സുഹൃത്തുക്കളെ,
ഇന്ന് നമ്മൾ മക്കളെങ്കിൽ നാളെ രക്ഷിതാക്കളാവും അതുകൊണ്ട് നാം എന്ന ശില്പം മെനഞ്ഞ ആ ഗ്രേറ്റ് ആര്ടിസ്റ്റുമാരായ നമ്മുടെ മാതാപിതാക്കാക്കളെ മറക്കരുത് ഒരിക്കലും…
നെഞ്ചോട് ചേർത്ത് വയ്ക്കണം അവരുടെ അവസാന ശ്വാസം വരെയും…


(ഒരു വാട്സ് ആപ്പ് സന്ദേശത്തിൽ നിന്ന് കടമെടുത്തത് )

LEAVE A REPLY

Please enter your comment!
Please enter your name here