വർഗീസ് പോത്താനിക്കാട്  

ഇക്കഴിഞ്ഞ ഒക്ടോബര്‍ 14 വ്യാഴാഴ്ച നടന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ചരിത്ര വിസ്മയമായി. പരുമലയില്‍ പ്രത്യേകം തയ്യാറാക്കിയ പരിശുദ്ധ ബസേലിയോസ് മാര്‍തോമ്മാ നഗറില്‍ പൗലോസ് ദ്വിതീയന്‍ ലോകത്തിന്റെ ഏതാണ്ട് അറുപതില്‍ പരം രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭാ വിശ്വാസികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ഈ മഹാപ്രതിപുരുഷ യോഗം തികച്ചും അതിശയകരമായി അനുഭവമായി.

ലോകം മുഴുവന്‍ കോവിഡ് മഹാമാരിയുടെ പിടിയിലമര്‍ന്ന് മനുഷ്യ ഇടപെടലുകള്‍ക്ക് നിയന്ത്രണങ്ങളും വിലക്കുകളും ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ സാമൂഹിക കൂട്ടായ്മകളും ഉറ്റവരുടെ ഒത്തുചേരല്‍ പോലും നിയന്ത്രിക്കപ്പെട്ടപ്പോള്‍ വിവര സാങ്കേതിക വിദ്യയുടെ സൂം പ്ലാറ്റ്ഫോമില്‍ 3091 അംഗങ്ങളെ ഉള്‍പ്പെടുത്തതിക്കൊണ്ട് യാതൊരു തകരാറുകളും കൂടാതെ ഇങ്ങനെ ഒരു മീറ്റിംഗ് നടത്താന്‍ കഴിഞ്ഞത് യാദൃശ്ചികമായിരുന്നില്ല.

ബാംഗ്ലൂര്‍, ഹൈദരാബാദ്, കേരളം എന്നിവിടങ്ങളില്‍ നിന്നും സാങ്കേതിക വിദഗ്ദരുടെ ടീം രാപകലില്ലാതെ പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഈ സമ്മേളനം വിജയകരമായി തീര്‍ന്നത്. ലോക ചരിത്രത്തില്‍ വിര്‍ച്വലായി വിവിധ രാജ്യങ്ങളിലുള്ളവര്‍ ഒരു ഭരണാധികാരിയേയോ, സഭാ നേതാവിനെയോ തെരഞ്ഞെടുത്തതായി കേട്ടിട്ടില്ല. ആ നിലയ്ക്ക് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ഒരു ചരിത്ര സംഭവം തന്നെയാണ്.

മലങ്കര മെത്രാപ്പൊലീത്തയും കാതോലിക്ക ബാവയുമായിരുന്ന കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍തോമ്മാ പൗലോസ് ദ്വിതീയ തിരുമേനിയുടെ പിന്‍ഗാമിയായി കണ്ടനാട് വെസ്റ്റ് ഭദ്രാസാധിപനായ ഡോ. മാത്യൂസ് മാര്‍ സെവേറിയോസ് മെത്രാപ്പൊലീത്തയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയാണ് യോഗത്തില്‍ നടന്നത്. പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സൂനഹദോസിന്റെ ഏക നോമിനേഷന്‍ ആണ് ഉണ്ടായിരുന്നത് എന്നതിനാല്‍ മാര്‍ സെവേറിയോസിനെ ഐക്യകണ്ഠേനെയാണ് തിരഞ്ഞെടുത്തത്.

അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്നുള്ള ഫാ. അലക്സാണ്ടര്‍ കുര്യനായിരുന്നു തിരഞ്ഞെടുപ്പിന്റെ മുഖ്യ വരണാധികാരി. ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട് എന്ന ഗ്രാമത്തില്‍ നിന്നുള്ള ഫാ. അലക്സാണ്ടര്‍ കുര്യന്‍ യുഎസ് പ്രസിഡന്റ് ഓഫീസിലെ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍, യുഎസ് പ്രസിഡന്‍ഷ്യല്‍ കമ്മീഷന്റെ എക്സിക്യുട്ടീവ് ഡയറക്ടര്‍ തുടങ്ങിയ അമേരിക്കന്‍ ഗവണ്‍മെന്റിന്റെ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

മലങ്കര അസോസിയേഷനില്‍ തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ തന്നെ മാര്‍ സെവേറിയോസ് മലങ്കര മെത്രാപ്പൊലീത്തയായി ചുമതലയേല്‍ക്കുന്ന സ്ഥാനാരോഹണം നടന്നു. പരിശുദ്ധ കാതോലിക്ക സ്ഥാനാരോഹണ ശുശ്രൂഷകള്‍ ഒക്ടോബര്‍ 15ാം തീയതി വെള്ളിയാഴ്ച രാവിലെ 6.30ന് പരുമല സെമിനാരിയില്‍ വെച്ച് നടന്നു.

അഭിവന്ദ്യ തിരുമേനി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ 22ാമത്തെ മലങ്കര മെത്രാപ്പൊലീത്തയും ഒന്‍പതാമത്തെ പൗരസ്ത്യ കാതോലിക്കയായും വാഴിക്കപ്പെട്ടു. അഭിവന്ദ്യ തിരുമേനി പരിശുദ്ധ ബസേലിയോസ് മാര്‍തോമ്മാ മാത്യൂസ് ത്രിതിയന്‍ കാതോലിക്ക ബാവ എന്ന് ഇനിമേല്‍ അറിയപ്പെടും.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here