കാൻബറ: ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിക്കാൻ തകർപ്പൻ കൂട്ടുകെട്ടൊരുക്കിയ ഹാർദിക് പാണ്ഡ്യ– രവീന്ദ്ര ജഡേജ സഖ്യം, ഇരുവരുടെയും കരിയറിനേക്കാളും പഴക്കമുള്ളൊരു റെക്കോർഡും പഴങ്കഥയാക്കി. 32–ാം ഓവറിൽ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 152 റൺസെന്ന നിലയിൽ നിൽക്കെ ക്രീസിൽ ഒരുമിച്ച പാണ്ഡ്യ – ജഡേജ സഖ്യം, ശേഷിച്ച 108 പന്തുകളിൽനിന്ന് 150 റൺസാണ് അടിച്ചുകൂട്ടിയത്. ഇതിൽ ഹാർദിക് പാണ്ഡ്യ 76 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 92 റൺസെടുത്തപ്പോൾ, രവീന്ദ്ര ജഡേജ 50 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 66 റൺസുമെടുത്തു.

ഏകദിനത്തിൽ കഴിഞ്ഞ 21 വർഷത്തിനിടെ ഓസ്ട്രേലിയയ്‌ക്കെതിരെ ആറാം വിക്കറ്റിൽ പിറക്കുന്ന ഇന്ത്യൻ താരങ്ങളുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ് പാണ്ഡ്യയും ജഡേജയും ചേർന്ന് സ്വന്തം പേരിലാക്കിയത്. 1999ൽ റോബിൻ സിങ്ങും സഡഗോപൻ രമേശും ചേർന്ന് കൊളംബോയിൽവച്ച് ഓസീസിനെതിരെ നേടിയ 123 റൺസിന്റെ റെക്കോർഡാണ് ഇവർക്കു മുന്നിൽ തകർന്നത്.

ഏകദിനത്തിൽ ഇന്ത്യൻ സഖ്യത്തിന്റെ ഉയർന്ന മൂന്നാമത്തെ ആറാം വിക്കറ്റ് കൂട്ടുകെട്ട് കൂടിയാണ് ഇവരുടേത്. 2015ൽ ഹരാരെയിൽ സിംബാബ്‌വെയ്‌ക്കെതിരെ അമ്പാട്ടി റായുഡുവും സ്റ്റുവാർട്ട് ബിന്നിയും ചേർന്ന് നേടിയ 160 റൺസാണ് ഇതിൽ മുന്നിൽ. 2005ൽ ഹരാരെയിൽ സിംബ്‌ബ്‌വെയ്‌ക്കെതിരെ തന്നെ യുവരാജ് സിങ്ങും മഹേന്ദ്രസിങ് ധോണിയും ചേർന്ന് നേടിയ 158 റൺസാണ് രണ്ടാമത്.

LEAVE A REPLY

Please enter your comment!
Please enter your name here