ഫത്തോർദ: ഐഎസ്‌എൽ പുതിയ സീസണിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്‌ ആദ്യ ജയം. ഏഴാം മത്സരത്തിൽ ഹൈദരാബാദ്‌ എഫ്‌സിയെ രണ്ടു ഗോളിന്‌ കീഴടക്കിയാണ്‌ മൂന്നു പോയിന്റ്‌ സ്വന്തമാക്കിയത്‌. മലയാളിതാരം അബ്‌ദുൾ ഹക്കുവും മുന്നേറ്റക്കാരൻ ജോർദാൻ മറെയും ഗോളടിച്ചു. ഏഴു കളിയിൽ ആറു പോയിന്റുമായി ഒമ്പതാമത്‌ തുടരുകയാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌. മുൻ മത്സരങ്ങളെ അപേക്ഷിച്ച്‌ ഇന്ത്യൻ താരങ്ങളായിരുന്നു ബ്ലാസ്‌റ്റേഴ്‌സ്‌ നിരയിൽ കൂടുതൽ. പ്രതിരോധം പൂർണമായും പരിശീലകൻ കിബു വികുന ഇന്ത്യൻ താരങ്ങളെ ഏൽപ്പിച്ചു.

ഹൈദരാബാദിനെതിരെ കളിയുടെ ആദ്യഘട്ടത്തിൽത്തന്നെ ബ്ലാസ്‌റ്റേഴ്‌സ്‌ മികവുകാട്ടി. അരമണിക്കൂർ തികയുംമുമ്പ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ ലീഡ്‌ നേടി. ഫക്കുണ്ടോ പെരേരയുടെ കോർണർ കിക്കിൽ കൃത്യമായി തലവച്ച്‌ ഹക്കു ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചു.രണ്ടാംപകുതിയിൽ ബ്ലാസ്‌റ്റേഴ്‌സിന്‌ നിരവധി അവസരങ്ങൾ കിട്ടി. സഹൽ അബ്‌ദുൾ സമദിനും ജെസെൽ കർണെയ്‌റോയ്‌ക്കും കിട്ടിയ അവസരങ്ങൾ പാഴായി. കെ പി രാഹുലിന്റെ മിന്നുന്ന ഷോട്ട്‌ ഹൈദരാബാദ്‌ ഗോൾ കീപ്പർ സുബ്രത പോൾ തട്ടിയകറ്റി. കളി അവസാനിക്കുന്നതിന്‌ തൊട്ടുമുമ്പ്‌ മറെ ലക്ഷ്യം കണ്ടതോടെ ബ്ലാസ്‌റ്റേഴ്‌സ്‌ ജയമുറപ്പാക്കി.
ജനുവരി രണ്ടിന്‌ മുംബൈ സിറ്റിയുമായിട്ടാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.

LEAVE A REPLY

Please enter your comment!
Please enter your name here