മെൽബൺ: ഓസ്‌ട്രേലിയൻ പര്യടനത്തിലെ രണ്ടാം ടെസ്റ്റിൽ ഓസിസിനെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ. ഇതോടെ പരമ്പരയിൽ ഇന്ത്യ ഒപ്പമെത്തി (1-1). രണ്ടാം ഇന്നിങ്‌സിൽ ഓസീസ് ഉയർത്തിയ 70 റൺസ് വിജയലക്ഷ്യം 15.5 ഓവറിൽ രണ്ടു വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. ഇന്ത്യയ്ക്ക് നഷ്ടമായത് മായങ്ക് അഗർവാൾ (5), ചേതേശ്വർ പൂജാര (3) എന്നിവരുടെ വിക്കറ്റുകളാണ്. ശുഭ്മാൻ ഗിൽ 36 പന്തിൽ നിന്ന് 35 റൺസോടെയും, ക്യാപ്റ്റൻ അജിങ്ക്യ രഹാനെ 40 പന്തിൽ നിന്ന് 27 റൺസോടെയും പുറത്താകാതെ നിന്നു. അതേസമയം നാലാം ദിനം ആറു വിക്കറ്റ് നഷ്ടത്തിൽ 133 റൺസെന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ ഓസ്‌ട്രേലിയയ്ക്ക് 67 റൺസ് കൂടിയേ കൂട്ടിച്ചേർക്കാൻ സാധിച്ചുള്ളു.

രണ്ടാം ഇന്നിങ്‌സിൽ 103.1 ഓവറിൽ 200 റൺസിന് ഓസീസ് ഓൾഔട്ടായി. 69 റൺസിന് മാത്രമാണ് ലീഡ്.നാലാം ദിനത്തിൽ പാറ്റ് കമ്മിൻസിനെ വീഴ്ത്തി ജസ്പ്രീത് ബുംറയാണ് ഓസീസിന് ആദ്യം തിരിച്ചടി നൽകിയത്. അടുത്ത പ്രഹരം കാമറൂൺ ഗ്രീനിലൂടെയായിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യൻ ബൗളിങ് ആക്രമണത്തെ പ്രതിരോധിച്ചുനിന്ന കാമറൂൺ ഗ്രീനിനെ, മുഹമ്മദ് സിറാജാണ് വീഴ്ത്തിയത്. 146 പന്തിൽ നിന്ന് അഞ്ചു ബൗണ്ടറികളോടെ 45 റൺസായിരുന്നു കാമറൂൺ നേടിയത്. അഡ്‌ലെയ്ഡ് ടെസ്റ്റിലെ തോല്‍വിയ്ക്കുള്ള തകർപ്പൻ മറുപടിയാണ് ഇന്ത്യ കൊടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here