ബാംബോലിം: ഫിനിഷിങ്ങിലെ പോരായ്മകളും നിർഭാഗ്യവും ചേർന്ന് തട്ടിത്തെറിപ്പിച്ച അവസരങ്ങളെ ഓർത്ത് കേരളാ ബ്ലാസ്റ്റേഴ്സിന് നിരാശപ്പെടാം. തീർച്ചയായും സമനിലയെങ്കിലും അർഹിച്ചിരുന്ന മത്സരത്തിൽ കരുത്തരായ മുംബൈ സിറ്റി എഫ്‍സിയോട് ബ്ലാസ്റ്റേഴ്സ് തോറ്റു മടങ്ങുമ്പോൾ അതിൽ നിർഭാഗ്യത്തിന്റെ ചെറുതല്ലാത്ത സ്വാധീനമുണ്ട്. ആവേശം വാനോളമുയർന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്റെ തോൽവി. ആദ്യ 11 മിനിറ്റിനിടെ വഴങ്ങിയ ഇരട്ടഗോളുകളാണ് ബ്ലാസ്റ്റേഴ്സിന്റെ വിധി നിർണയിച്ചത്. മൂന്നാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് സ്ട്രൈക്കർ ആദം ലേഫോൻഡ്രേ, 11–ാം മിനിറ്റിൽ ഹ്യൂഗോ ബോമു എന്നിവരാണ് മുംബൈയ്ക്കായി ലക്ഷ്യം കണ്ടത്. രണ്ടാം പകുതിയിലും മുംബൈയ്ക്ക് അനുകൂലമായി പെനൽറ്റി ലഭിച്ചെങ്കിലും തകർപ്പൻ സേവുമായി ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ആൽബിനോ ഗോമസ് രക്ഷകനായി.

ഇരു പകുതികളിലുമായി ഗോളെന്ന് ഉറപ്പിച്ച നാലോളം അവസരങ്ങളാണ് ബ്ലാസ്റ്റേഴ്സ് നഷ്ടമാക്കിയത്. അധ്വാനിച്ച് കളിച്ച മലയാളി താരം സഹൽ അബ്ദുൽ സമദ് ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ കയ്യിലേക്ക് അടിച്ചുകൊടുത്തത് രണ്ട് അവസരങ്ങൾ. മിഡ്ഫീൽഡർ വിസെന്റെ ഗോമസിന്റെ ഗോളെന്നുറപ്പിച്ച തകർപ്പനൊരു ലോബ് ക്രോസ് ബാറിൽത്തട്ടി തെറിക്കുകയും ചെയ്തു. മുംബൈ ക്യാപ്റ്റൻ കൂടിയായ ഗോൾകീപ്പർ അമരീന്ദർ സിങ്ങിന്റെ തകർപ്പൻ ഫോമും ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിന് തിരിച്ചടിയായി. ഏഴാം സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ നാലാം തോൽവിയാണിത്.
വിജയത്തോടെ എട്ടു കളികളിൽനിന്ന് ആറു ജയവും ഒരു സമനിലയും സഹിതം 19 പോയിന്റുമായി മുംബൈ സിറ്റി എഫ്‍സി ഒന്നാം സ്ഥാനത്തേക്ക് കയറി. എട്ടു കളികളിൽനിന്ന് 17 പോയിന്റുള്ള എടികെ മോഹൻ ബഗാനെയാണ് പിന്നിലാക്കിയത്. എട്ടു കളികളിൽനിന്ന് ഒരേയൊരു ജയവും മൂന്നു സമനിലയും സഹിതം ആറു പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ഒൻപതാം സ്ഥാനത്ത് തുടരുന്നു.

പെനൽറ്റിയിൽനിന്നായിരുന്നു മുംബൈ സിറ്റി എഫ്‍സിയുടെ ആദ്യ ഗോൾ. മത്സരത്തിന്റെ രണ്ടാം മിനിറ്റിൽത്തന്നെ അപകടകരമായ മുന്നേറ്റവുമായി ബ്ലാസ്റ്റേഴ്സ് ബോക്സിലേക്കു കടന്ന ഹ്യൂഗോ ബോമുവിനെ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലെ ആഫ്രിക്കൻ കരുത്ത് കോസ്റ്റ നമോയ്നെസു വീഴ്ത്തിയതിനാണ് റഫറി മുംബൈയ്ക്ക് പെനൽറ്റി അനുവദിച്ചത്. ആദം ലേഫോൻഡ്രേയുടെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ആൽബിനോ ഗോമസിന്റെ കാലിൽത്തട്ടിയെങ്കിലും വലകുലുക്കി. സ്കോർ 1–0.

ആദ്യ ഗോളിന്റെ ആവേശമടങ്ങും മുൻപേ മുംബൈ സിറ്റി എഫ്‍സി രണ്ടാം ഗോളും നേടി. ഇത്തവണയും ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ പിഴവാണ് മുംബൈയ്ക്ക് സഹായമായത്. സ്വന്തം ബോക്സിനുള്ളിൽ മുംബൈ ഇന്ത്യൻസിന് അനുകൂലമായി ഫ്രീകിക്ക് ലഭിക്കുമ്പോൾ അതിൽ അപകടത്തിന്റെ അംശം ലവലേശമുണ്ടായിരുന്നില്ല. എന്നാൽ കിക്കെടുത്ത അഹമ്മദ് ജാഹുവിന്റെ കണക്കുകൂട്ടൽ കൃത്യമായി. ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് ഓടിക്കയറാൻ തയാറായി നിന്ന ഹ്യൂഗോ ബോമുവിനെ ലക്ഷ്യമിട്ട് ജാഹുവിന്റെ നെടുനീളൻ പാസ്. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെയും തടയാനായി മുന്നിലേക്ക് കയറിയെത്തിയ ഗോൾകീപ്പർ ആൽബിനോ ഗോമസിനെയും കാഴ്ചക്കാരാക്കി ബോമുവിന്റെ കിറുകൃത്യം ഫിനിഷ്. സ്കോർ 2–0.

LEAVE A REPLY

Please enter your comment!
Please enter your name here