ന്യൂഡൽഹി: ഈ വ‍ര്‍ഷത്തെ ട്വന്റി 20 ലോകകപ്പ് വേദി ഇന്ത്യയിൽ നിന്ന് മാറ്റിയേക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വേദി മാറ്റുന്നതിൽ എതിർപ്പില്ലെന്ന് ബിസിസിഐ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിനെ അറിയിച്ചെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

ഈ വർഷം ഒക്‌ടോബർ-നവംബർ മാസങ്ങളിൽ നടക്കേണ്ട ട്വന്റി 20 ലോകകപ്പ് ഇന്ത്യയിലെ കൊവിഡ് വ്യാപനം കാരണം അനിശ്ചിതത്വത്തിലാണ്. നടത്തിപ്പിന്റെ കാര്യത്തിൽ അന്തിമ തീരുമാനം അറിയിക്കാൻ നാലാഴ്ച സമയം വേണമെന്നാണ് ഐസിസിയെ ബിസിസിഐ അറിയിച്ചിരിക്കുന്നത്. എന്നാൽ കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ ലോകകപ്പ് വേദി ഇന്ത്യയിൽ നിന്ന് മാറ്റുന്നതിൽ എതിർപ്പില്ലെന്ന് ഐസിസിയോട് ബിസിസിഐ വ്യക്തമാക്കിയെന്നാണ് പിടിഐയുടെ റിപ്പോർട്ട്. ഇക്കാര്യത്തിൽ അനൗദ്യോഗിക അറിയിപ്പ് നൽകിയെന്ന് ബിസിസിഐ ഉന്നതനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

യുഎഇയും ഒമാൻ തലസ്ഥാനമായ മസ്‌കറ്റും ടൂർണമെന്‍റിന് വേദിയാകുമെന്നാണ് റിപ്പോര്‍ട്ട്. പ്രാഥമിക റൗണ്ട് മത്സരങ്ങളാണ് മസ്‌കറ്റിൽ നടക്കുക. പിന്നീട് ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ മത്സരങ്ങൾ നടത്താനാണ് ആലോചിക്കുന്നത്.

ഐപിഎല്‍ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയിൽ അവസാനിച്ച ശേഷമാകും ലോകകപ്പ്. ഇന്ത്യയിൽ ലോകകപ്പ് നടത്താനാണ് ബിസിസിഐയുടെ ശ്രമമെങ്കിലും ഒക്‌ടോബറിലെ കൊവിഡ് സാഹചര്യത്തെക്കുറിച്ച് ഉറപ്പുനൽകാൻ കഴിയാത്തതാണ് വെല്ലുവിളി. എട്ട് ടീമുകൾ പങ്കെടുക്കുന്ന ഐപിഎൽ വേദി ഇന്ത്യക്ക് പുറത്തേക്ക് മാറ്റിയ സാഹചര്യത്തിൽ ഇരട്ടി ടീമുകളെത്തുന്ന ലോകകപ്പിന്റെ കാര്യത്തിൽ ബിസിസിഐക്ക് മറിച്ചൊരു തീരുമാനമെടുക്കുക സാധ്യമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here