ട്വന്റി20 ലോകകപ്പിലെ ആദ്യവിജയം തേടിയിറങ്ങിയ ഓസ്ട്രേലിയയ്ക്ക് ബംഗ്ലദേശിനെതിരെ 157 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശ് നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തു. 29 പന്തിൽ ഏഴു ബൗണ്ടറിയും ഒരു സിക്സുമുൾപ്പെടെ 49 റൺസെടുത്ത് പുറത്താകാതെ നിന്ന മഹ്മൂദുല്ലയുടെ ഇന്നിങ്സാണ് ബംഗ്ലദേശ് സ്കോർ 150 കടത്തിയത്. ഷാക്കിബ് അൽ ഹസൻ 25 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്സുമുൾപ്പെടെ 33 റൺസെടുത്ത് പുറത്തായി. ഓസീസിനായി ആദം സാംപ മൂന്നു വിക്കറ്റെടുത്തു. ഷെയ്ൻ വാട്സൺ രണ്ടു വിക്കറ്റ് വീഴ്ത്തി.

ആറാം വിക്കറ്റിൽ മുഷ്ഫിഖുർ റഹിം–മഹ്മൂദുല്ല സഖ്യം കൂട്ടിച്ചർത്ത 51 റൺസാണ് ബംഗ്ലദേശിന് പൊരുതാവുുന്ന സ്കോർ സമ്മാനിച്ചത്. മുഷ്ഫിഖുർ റഹിം 11 പന്തിൽ 15 റൺസെടുത്ത് പുറത്താകാതെ നിന്നു. ഓപ്പണർ മുഹമ്മദ് മിഥുൻ (22 പന്തിൽ 23), സാബിർ റഹ്മാൻ (17 പന്തിൽ 12), ഷുവാഗാത്ത ഹോം (10 പന്തിൽ 13) എന്നിവരും ബംഗ്ലദേശ് ഇന്നിങ്സിലേക്ക് ഭേദപ്പെട്ട സംഭാവനകൾ നൽകി.

ആദ്യ മൽസരത്തിൽ ന്യൂസീലൻഡിനോട് തോൽവി വഴങ്ങിയ ഓസ്ട്രേലിയയ്ക്കും പാക്കിസ്ഥാനോട് തോറ്റ ബംഗ്ലദേശിനും ഇന്നത്തെ മൽസരം നിർണായകമാണ്. ആതിഥേയരായ ഇന്ത്യയ്ക്കും ശക്തരായ പാക്കിസ്ഥാനുമെതിരെയാണ് ഓസ്ട്രേലിയയുടെ അവശേഷിക്കുന്ന മൽസരങ്ങൾ. സെമിയിൽ കടക്കാൻ അവർക്ക് മറികടക്കേണ്ടത് ഈ രണ്ടു ടീമുകളെയാകാനാണ് സാധ്യതയും. അതുകൊണ്ടു തന്നെ ഇന്ന് ബംഗ്ലദേശിനെതിരെ വൻ വിജയം നേടി അവർക്കു മുന്നിലേക്ക് ചെല്ലാനാകും ഓസീസിന് ഇഷ്ടം.

ആദ്യ മൽസരത്തിൽ പാക്കിസ്ഥാനോട് തോറ്റതിന് പിന്നാലെ പ്രധാന ബോളർമാരായ ടസ്കിൻ അഹമ്മദിനും അറാഫാത്ത് സണ്ണിക്കും ഐസിസി വിലക്ക് ഏർപ്പെടുത്തിയതിന്റെ ക്ഷീണത്തിലാണ് ബംഗ്ലദേശ്. ഇരുവരുടെയും ബോളിങ് ആക്ഷൻ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഐസിസി ഇരുവർക്കും വിലക്ക് ഏർപ്പെടുത്തിയത്. ഓസ്ട്രേലിയയെ ട്വന്റി20 മൽസരങ്ങളിൽ തോൽപ്പിക്കാനായിട്ടില്ലെന്ന കുറവു പരിഹരിക്കുകയാണ് ബംഗ്ലദേശിന്റെ ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here