പൂനെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ വിജയത്തുടക്കം പ്രതീക്ഷിച്ച് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍. കെയ്ന്‍ വില്യംസന്‍ നയിക്കുന്ന ഹൈദരാബാദ് ഇത്തവണ ഏറ്റവും മോശം നിരയെന്ന് വിലയിരുത്തപ്പെടുന്നവരുടെ നിരയാണ്. അതല്ലെന്ന് പ്രകടനം കൊണ്ട് തെളിയിക്കേണ്ടത് ഓറഞ്ച് പടയുടെ അഭിമാന പ്രശ്‌നമാണ്. സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം കളിക്കുന്ന 100ാമത്തെ മത്സരം കൂടിയാണ് ഇന്നത്തേത്. അതുകൊണ്ട് തന്നെ വെടിക്കെട്ട് പ്രകടനവും ജയവും സഞ്ജുവും സംഘവും സ്വപ്‌നം കാണുന്നു.

അവസാന സീസണിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന്റെ ചീത്തപ്പേര് രണ്ട് ടീമിനും മായ്‌ക്കേണ്ടതായുണ്ട്. രാജസ്ഥാന്‍ ഏഴാം സ്ഥാനത്തും ഹൈദരാബാദ് ആറാം സ്ഥാനത്തുമായാണ് അവസാന സീസണ്‍ അവസാനിപ്പിച്ചത്. അതുകൊണ്ട് തന്നെ ഇത്തവണ ശക്തമായ തിരിച്ചുവരവ് തന്നെയാണ് രണ്ട് ടീമിന്റെയും പ്രതീക്ഷ. രാജസ്ഥാന്‍ മികച്ച താരനിരയെ ഇത്തവണ ഒപ്പം കൂട്ടിയിട്ടുണ്ട്. എന്നാല്‍ ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍‌സ്റ്റോ, റാഷിദ് ഖാന്‍ എന്നിവരെയെല്ലാം ഒഴിവാക്കിയ ഹൈദരാബാദിന് ഇത്തവണ എന്ത് അത്ഭുതം കാട്ടാനാവുമെന്ന് കണ്ടറിയണം.

ജോസ് ബട്‌ലര്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, ദേവ്ദത്ത് പടിക്കല്‍, ട്രന്റ് ബോള്‍ട്ട്, ആര്‍ അശ്വിന്‍, യുസ് വേന്ദ്ര ചഹാല്‍, പ്രസിദ്ധ് കൃഷ്ണ എന്നിവരെല്ലാം ഉള്‍പ്പെടുന്ന രാജസ്ഥാനാണ് ടീം വിലയിരുത്തുമ്പോള്‍ മുന്‍തൂക്കം. എന്നാല്‍ വില്യംസന്‍ നയിക്കുന്ന ഹൈദരാബാദിനെ നിസാരക്കാരായി കാണാനാവില്ല. നിക്കോളാസ് പൂരന്‍, എയ്ഡന്‍ മര്‍ക്രാം, രാഹുല്‍ ത്രിപാഠി, വാഷിങ്ടണ്‍ സുന്ദര്‍, ടി നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരിലെല്ലാം പ്രതീക്ഷ വെച്ചാണ് ഹൈദരാബാദിന്റെ വരവ്.

15 മത്സരങ്ങളിലാണ് ഇതുവരെ ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയത്. എട്ട് തവണയും ഹൈദരാബാദ് ജയിച്ചപ്പോള്‍ ഏഴ് തവണയാണ് രാജസ്ഥാന് ജയിക്കാനായത്. രാജസ്ഥാനെതിരേ ഹൈദരാബാദിന്റെ ഉയര്‍ന്ന സ്‌കോര്‍ 201 റണ്‍സും രാജസ്ഥാന്റെ ഉയര്‍ന്ന സ്‌കോര്‍ 220 റണ്‍സുമാണ്. ഹൈദരാബാദിന്റെ കുറഞ്ഞ സ്‌കോര്‍ 127 റണ്‍സും രാജസ്ഥാന്റേത് 102 റണ്‍സുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here