Rammohan Paliyath

കൊച്ചി: അടുത്തിടെ റിലീസ് ചെയ്ത മലയാള സിനിമകളായ പട, നാരദന്‍, വെയില്‍ എന്നിവയുടെ ആഗോള ഡിജിറ്റല്‍ പ്രീമിയര്‍ തീയതികള്‍ പ്രൈം വിഡിയോ പ്രഖ്യാപിച്ചു. തീയേറ്ററുകളിലെ മികച്ച പ്രതികരണത്തെത്തുടര്‍ന്നാണ് മാര്‍ച്ച് 30ന് കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന പട, ഏപ്രില്‍ എട്ടിന് ടൊവിനോ തോമസ് നായകനായ നാരദന്‍, ഏപ്രില്‍ 15ന് ഷെയ്ന്‍ നിഗം നായകനായ വെയില്‍ എന്നീ ചിത്രങ്ങള്‍ സ്ട്രീമിംഗിനെത്തുക.

കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, വിനായകന്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ക്രൈം ആന്‍ഡ് ഡ്രാമ ത്രില്ലറായ പടയുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് കമല്‍ കെ. എം. ഇന്ത്യയിലെ തദ്ദേശീയ സമൂഹങ്ങളുടെ കുടിയൊഴിപ്പിക്കലിനെയും ഭൂമിയെയും കുറിച്ചുള്ള പ്രധാന ചോദ്യമാണ് പട ഉയര്‍ത്തുന്നതെന്ന് പ്രൈം വിഡിയോയുടെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. വിവിധ സര്‍ക്കാരുകള്‍ തദ്ദേശീയരുടെ ജീവിതരീതിയും പലപ്പോഴും അവരുടെ ഭൂമിയും നിഷേധിക്കുന്ന നിയമങ്ങള്‍ ഉണ്ടാക്കി, ചങ്ങാത്ത മുതലാളിത്ത താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചു. ഈ ചോദ്യം ഉയര്‍ത്തുന്ന 90കളിലെ വിയോജിപ്പിന്റെ ഒരു ആവിഷ്‌കാരമാണ് പട അവതരിപ്പിക്കുന്നത്.

ആഷിഖ് അബു സംവിധാനം ചെയ്ത നാരദനില്‍ ടൊവിനോ തോമസ്, അന്ന ബെന്‍, ഷറഫുദ്ദീന്‍, വിജയരാഘവന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ന്യൂസ് മലയാളത്തിന്റെ ഉയര്‍ന്നുവരുന്ന പത്രപ്രവര്‍ത്തകനും ടോക്ക് ഷോ അവതാരകനും ടെലിവിഷന്‍ വാര്‍ത്താ അവതാരകനുമായ ചന്ദ്രപ്രകാശിന്റെ നാടകീയ യാത്രയാണ് നാരദന്‍. തന്റെ എഡിറ്റര്‍മാരില്‍ നിന്നും മേലധികാരികളില്‍ നിന്നും ചാനലിന്റെ റേറ്റിംഗ് വര്‍ദ്ധിപ്പിക്കുന്ന സ്റ്റോറികള്‍ ചെയ്യുന്നതിന് അദ്ദേഹം സമ്മര്‍ദ്ദത്തിലാണ്. സഹപ്രവര്‍ത്തകനായ പ്രദീപ് ഒരു പുതിയ കഥ പറയുകയും ന്യൂസ് മലയാളത്തില്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്യുമ്പോള്‍ ചന്ദ്രപ്രകാശ് സ്വന്തം ധാര്‍മിക തത്വങ്ങള്‍ ഉപേക്ഷിച്ച് ഒന്നാം നമ്പര്‍ ആകുന്നതില്‍ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെയാണ് നാരദന്റെ കഥ മുന്നേറുന്നത്.


ശരത് മേനോന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന വെയിലില്‍ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമ്മയ്‌ക്കൊപ്പം താമസിക്കുന്ന സിദ്ധുവിന്റെയും കാര്‍ത്തിയുടെയും കഥയാണ് ഇത്. ഒരു കുടുംബമെന്ന നിലയില്‍, അവര്‍ ജീവിതത്തെ എങ്ങനെ അഭിമുഖീകരിക്കുന്നു, അവര്‍ക്ക് നേരെ വരുന്ന എല്ലാ വെല്ലുവിളികളും എങ്ങനെ കൈകാര്യം ചെയ്യുന്നു, ബന്ധങ്ങളുടെ സങ്കീര്‍ണ്ണതകള്‍ എന്നിവയാണ് വെയില്‍ എടുത്ത് കാട്ടുന്നത്.

ഇവയ്ക്കു പുറമെ ഏറെ ജനപ്രീതിയോടെ ആറാട്ടിന്റെ സ്ട്രീമിംഗും പ്രൈം വിഡിയോയില്‍ മുന്നേറുകയാണ്. ഉദയ്കൃഷ്ണ തിരക്കഥയെഴുതി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ഈ ആക്ഷന്‍ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ശ്രദ്ധ ശ്രീനാഥ്, രാമചന്ദ്ര രാജു, സിദ്ദിഖ്, വിജയരാഘവന്‍, സായികുമാര്‍, നെടുമുടി വേണു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോപന്‍ എന്ന റിയല്‍ എസ്റ്റേറ്റ് വ്യവസായിയെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്, അദ്ദേഹം ചിറ്റൂരില്‍ നിര്‍മാണ ആവശ്യത്തിനായി സ്ഥലം വാങ്ങുന്നു. പക്ഷേ, അദ്ദേഹം വരുമ്പോള്‍, ആന്ധ്ര ആസ്ഥാനമായുള്ള ഒരു റിയല്‍ എസ്റ്റേറ്റ് മാഫിയ അവരുടെ സ്ഥലത്ത് നിന്ന് താമസക്കാരെ ബലം പ്രയോഗിച്ച് കുടിയൊഴിപ്പിക്കുന്നതാണ് കാണുന്നത്. ഇതേത്തുടര്‍ന്നുള്ള നാടകീയ ആക്ഷന്‍ രംഗങ്ങളാണ് ആറാട്ടില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here