ഗാലെ: ആസ്‌ട്രേലിയയെ ഇന്നിങ്സിനും 39 റൺസിനും തോൽപിച്ച് ശ്രീലങ്കയുടെ ചരിത്ര വിജയം. ദിനേശ് ചണ്ഡിമലിന്റെ ആദ്യ ഇരട്ട സെഞ്ച്വറിയും അരങ്ങേറ്റക്കാരൻ ഇടംകൈയൻ സ്പിന്നർ പ്രഭാത് ജയസൂര്യയുടെ 12 വിക്കറ്റ് നേട്ടവുമാണ് ടീമിന് തുണയായത്. നാടകീയമായ അവസാന സെഷനിൽ ഒമ്പത് വിക്കറ്റ് നഷ്ടമായ ആസ്‌ട്രേലിയ കളി തീരാൻ ഒരു ദിവസം ബാക്കി നിൽക്കെ തോൽവി ഏറ്റുവാങ്ങുകയായിരുന്നു.

1983ൽ ആദ്യമായി ഏറ്റുമുട്ടിയ ശേഷം ആസ്‌ട്രേലിയക്കെതിരെ ശ്രീലങ്കയുടെ ആദ്യ ഇന്നിങ്സ് ജയമാണിത്. 190 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ ആസ്‌ട്രേലിയ രണ്ടാം ഇന്നിങ്സിൽ 151 റൺസിന് പുറത്താവുകയായിരുന്നു. 32 റൺസ് നേടിയ ലബൂഷെയ്ൻ ആണ് ടോപ് സ്കോറർ.

 

ആദ്യ ടെസ്റ്റിൽ 10 വിക്കറ്റിന് പരാജയപ്പെടുകയും പിന്നീട് കോവിഡ് കാരണം നാല് കളിക്കാർ പുറത്താവുകയും ചെയ്ത ശ്രീലങ്കയുടെ വിജയത്തിന് തിളക്കമേറെയാണ്. മൂന്ന് അരങ്ങേറ്റക്കാരാണ് ഈ ടെസ്റ്റിൽ അവർക്കായി ഇറങ്ങിയത്. കരിയറിലെ ആദ്യ ടെസ്റ്റിൽ തന്നെ 177 റൺസിന് 12 വിക്കറ്റ് വീഴ്ത്തിയ പ്രഭാത് ജയസൂര്യയാണ് കളിയിലെ കേമൻ.

മുൻ ക്യാപ്റ്റൻ ചണ്ഡിമൽ പുറത്താകാതെ 206 റൺസ് നേടി ഓസ്‌ട്രേലിയക്കെതിരെ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ലങ്കൻ താരമായി. മിച്ചൽ സ്റ്റാർക്കിനെ തുടർച്ചയായി രണ്ട് സിക്‌സറുകൾ പറത്തി ഇരട്ട സെഞ്ച്വറി പൂർത്തിയാക്കിയ വലംകൈയൻ പരമ്പരയിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here