ഇംഗ്ലണ്ട് പര്യടനത്തിൽ ഉൾപ്പെട്ട താരങ്ങളെ വെസ്റ്റ് ഇൻഡീസിലെത്താൻ ബിസിസിഐ മുടക്കിയത് മൂന്നരക്കോടി രൂപയെന്ന് റിപ്പോർട്ട്. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ നിന്ന് വെസ്റ്റ് ഇൻഡീസിലെ ട്രിനിഡാഡിലേക്ക് ചാർട്ടേർഡ് ഫ്ലൈറ്റിൽ താരങ്ങളെയും കുടുംബാംഗങ്ങളെയും എത്തിച്ചതിനാണ് ബിസിസിഐയ്ക്ക് കോടിക്കണക്കിനു രൂപ ചെലവായത്. (BCCI crore flight Manchester)

 
 
 

16 കളിക്കാരും അവരുടെ കുടുംബാംഗങ്ങളും സപ്പോർട്ട് സ്റ്റാഫുമാണ് ചാർട്ടേർഡ് ഫ്ലൈറ്റിൽ ട്രിനിഡാഡിലേക്ക് പറന്നത്. ഇത്രയധികം അംഗങ്ങളുള്ളതിനാൽ ഇവർക്കെല്ലാം കമേഴ്ഷ്യൽ ഫ്ലൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യുക ബുദ്ധിമുട്ടായതിനാലാണ് ബിസിസിഐ പ്രത്യേക വിമാനം ഏർപ്പെടുത്തിയത്. നാളെയാണ് വിൻഡീസിനെതിരായ ഇന്ത്യൻ പര്യടനം ആരംഭിക്കുക. രോഹിത് ശർമ്മ ഉൾപ്പെടെ മുതിർന്ന താരങ്ങൾക്കൊക്കെ വിശ്രമം അനുവദിച്ചതിനാൽ യുവതാരങ്ങളാണ് ഏകദിന പരമ്പരയിൽ കളിക്കുക. മലയാളി താരം സഞ്ജു സാംസണും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ശിഖർ ധവാനാണ് നായകൻ.

മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയോടെയാണ് പര്യടനം ആരംഭിക്കുക. പരമ്പരയിലെ ആദ്യ മത്സരം നാളെ ഇന്ത്യൻ സമയം രാത്രി ഏഴിന് ട്രിനിഡാഡിലെ ക്വീൻസ് പാർക്ക് ഓവലിൽ ആരംഭിക്കും. മലയാളി താരം സഞ്ജു സാംസൺ 16 അംഗ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂലായ് മാസത്തിൽ ശ്രീലങ്കക്കെതിരെയാണ് സഞ്ജു ആദ്യമായും അവസാനമായും കളിച്ച ഏകദിന മത്സരം. കളിയിൽ താരം 46 റൺസെടുത്ത് പുറത്തായിരുന്നു.

ശിഖർ ധവാൻ ക്യാപ്റ്റനാവുമ്പോൾ താരം തന്നെ ഒരു ഓപ്പണറാവും. ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്ക്‌വാദ്, ശുഭ്മൻ ഗിൽ എന്നീ മൂന്ന് ഓപ്പണർമാരിൽ ഒരാൾ ധവാനൊപ്പം ഇറങ്ങും. കിഷന് തന്നെ നറുക്ക് വീഴാനാണ് സാധ്യത. ശുഭ്മൻ ഗിൽ മൂന്നാം നമ്പറിലും ശ്രേയാസ് അയ്യർ നാലാം നമ്പറിലും കളിച്ചേക്കും. ദീപക് ഹൂഡയോ സഞ്ജുവോ ആകും അഞ്ചാം നമ്പറിൽ. സമീപകാല ഫോം പരിഗണിക്കുമ്പോൾ ഹൂഡയ്ക്ക് നറുക്ക് വീഴാനാണ് കൂടുതൽ സാധ്യത. സൂര്യകുമാർ യാദവ് ആറാം നമ്പറിലും രവീന്ദ്ര ജഡേജ ഏഴാം നമ്പറിലും കളിച്ചേക്കും. സൂര്യ അഞ്ചാം നമ്പറിൽ കളിച്ച് ഹൂഡ ആറാം നമ്പറിൽ ഇറങ്ങാനും ഇടയുണ്ട്. അക്സർ പട്ടേലിനെയും പരിഗണിച്ചേക്കും. ശാർദ്ദുൽ താക്കൂർ, മുഹമ്മദ് സിറാജ്, ആവേശ് ഖാൻ അല്ലെങ്കിൽ പ്രസിദ്ധ് കൃഷ്ണ എന്നീ പേസർമാർക്കൊപ്പം യുസ്‌വേന്ദ്ര ചഹാൽ ആവും സ്പെഷ്യലിസ്റ്റ് സ്പിന്നർ.

LEAVE A REPLY

Please enter your comment!
Please enter your name here