മുംബൈ: സംസ്ഥാനം കൊടുംവരള്‍ച്ച നേരിടുന്ന സമയത്ത് ഐ.പി.ല്ലിനായി ലിറ്ററുകണക്കിന് വെള്ളം വിനിയോഗിക്കുന്നതിനെതിരെ ബോംബെ ഹൈക്കോടതി. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനെതിരെ രൂക്ഷവിമര്‍ശമുന്നയിച്ച കോടതി ജനങ്ങളേക്കാള്‍ പ്രധാനമാണോ ഐ.പി.എല്‍ എന്നും ആരാഞ്ഞു.

ഐ.പി.എല്‍ മത്സരത്തിനായി പിച്ച് തയ്യാറാക്കുന്നതിന് ധാരാളം വെള്ളം ആവശ്യമായി വരുമെന്നും കുടിവെള്ളക്ഷാമം നേരിടുന്ന മഹാരാഷ്ട്രയിലെ ജനങ്ങളോടുള്ള അനീതിയാണ് ഇതെന്നും ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ അഭിപ്രായപ്രകടനം.

ജലക്ഷാമമനുഭവിക്കുന്ന സംസ്ഥാനത്ത് ഈ ധൂര്‍ത്ത് ക്രിമിനല്‍ കുറ്റമാണെന്ന് നിരീക്ഷിച്ച കോടതി ഐ.പി.എല്‍ മത്സരങ്ങള്‍ മഹാരാഷ്ട്രയില്‍ നിന്നും ജലദൗര്‍ലഭ്യമില്ലാത്ത മറ്റു സംസ്ഥാനങ്ങളിലേക്ക് മാറ്റാനും നിര്‍ദേശിച്ചു.

അതേസമയം പുറത്ത് നിന്നും വാങ്ങുന്ന ജലമാണ് പിച്ച് തയ്യാറാക്കാനായി ഉപയോഗിക്കുന്നതെന്ന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ കോടതിയില്‍ വാദിച്ചു. കുടിക്കാന്‍ അനുയോജ്യമായ വെള്ളമല്ല ഉപയോഗിക്കുന്നതെന്നും അസോസിയേഷന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ അസോസിയേഷന്റെ വാദം കോടതി മുഖവിലയ്‌ക്കെടുത്തില്ല.

ഏപ്രില്‍ 9 മുതലാണ് ഐ.പി.എല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. മുംബൈ, നാഗ്പൂര്‍, പുണെ എന്നിവിടങ്ങളിലായി 19 ഐ.പി.എല്‍ മത്സരങ്ങളാണ് ഈ സീസണില്‍ മഹാരാഷ്ട്രയില്‍ നടക്കേണ്ടത്. ഇതിനായി 60 ലക്ഷം ലിറ്റര്‍ വെള്ളം വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

മഹാരാഷ്ട്രയുടെ വരള്‍ച്ചയില്‍ പ്രയാസമുണ്ടെന്നും മൈതാനം നനക്കുന്നതിനാവശ്യമായ ജലം കൊണ്ട് കുടിവെള്ളക്ഷാമം പരിഹരിക്കാനാകില്ലെന്നും ഐ.പി.എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല പറഞ്ഞു.
മത്സരങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കിയ പോലെ നടക്കുമെന്നും  രാജീവ് ശുക്ല അറിയിച്ചു. ഹര്‍ജിയില്‍ വാദം നാളെയും തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here