ബംഗളുരു: രാജ്യാന്തര-ആഭ്യന്തര ക്രിക്കറ്റില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച്‌ പാതി മലയാളിയായ ഇന്ത്യന്‍താരം റോബിന്‍ ഉത്തപ്പ. ഇന്നലെ ട്വിറ്ററിലൂടെയായിരുന്നു വിരമിക്കല്‍ പ്രഖ്യാപനം. ആഭ്യന്തരക്രിക്കറ്റില്‍ അവസാനമായി കളിച്ച കേരള ടീം മാനേജ്‌മെന്റിനും നന്ദിയറിയിച്ചായിരുന്നു വിടവാങ്ങല്‍. ഏതു ശുഭകാര്യത്തിനും ഒരു അവസാനമുണ്ട്‌. രാജ്യത്തിനായി കളിക്കാന്‍ കഴിഞ്ഞത്‌ ഏറ്റവും വലിയ ബഹുമതിയായി കരുതുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിക്കുകയാണ്‌. വിദേശ ലീഗുകളില്‍ തുടര്‍ന്നും കളിക്കാന്‍ താല്‍പര്യമുണ്ട്‌. ജീവിതത്തിലെ പുതിയ ഘട്ടത്തിനായി കാത്തിരിക്കുന്നു- വിരമിക്കല്‍ ട്വീറ്റില്‍ മുപ്പത്താറുകാരനായ ഉത്തപ്പ കുറിച്ചു.
2004-ലെ ഇന്ത്യയുടെ അണ്ടര്‍-19 ലോകകപ്പ്‌ ടീമില്‍ അംഗമായിരുന്ന ഉത്തപ്പ 2006-ലാണ്‌ സീനിയര്‍ ടീമില്‍ ആദ്യമായി ഇടംപിടിച്ചത്‌. ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ ട്വന്റി-20 ലോകകപ്പില്‍ മഹേന്ദ്ര സിങ്‌ ധോണിക്കു കീഴില്‍ കിരീടമുയര്‍ത്തിയ ഇന്ത്യന്‍ ടീമില്‍ ഉത്തപ്പയും സാന്നിധ്യമറിയിച്ചു. 2006-ല്‍ ഇംഗ്ലണ്ടിനെതിരേ ഇന്‍ഡോറില്‍ നടന്ന മത്സരത്തിലായിരുന്നു ഏകദിന അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം കുട്ടിക്രിക്കറ്റിലും ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞു. 2015 ജൂലൈ 14 നാണ്‌ അവസാന രാജ്യാന്തരമത്സരം കളിച്ചത്‌. 2002-03 സീസണില്‍ കര്‍ണാടക ജഴ്‌സിയില്‍ ആദ്യ ആഭ്യന്തരമത്സരം കളിച്ച ഉത്തപ്പ അവസാനമായി കളിച്ചത്‌ 2020-21 സീസണില്‍ കേരളത്തിനുവേണ്ടിയായിരുന്നു. സൗരാഷ്‌ട്രയ്‌ക്കായും കളിച്ചിട്ടുണ്ട്‌.
ഇന്ത്യന്‍ കുപ്പായത്തില്‍ 46 ഏകദിനങ്ങളില്‍നിന്ന്‌ 934 റണ്ണാണു സമ്പാദ്യം. ആറ്‌ അര്‍ധസെഞ്ചുറി നേടിയ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 86 ആണ്‌. 13 ട്വന്റി 20 മത്സരങ്ങളില്‍ 249 റണ്‍സ്‌ നേടിയിട്ടുണ്ട്‌. ഉയര്‍ന്ന ടി-20സ്‌കോര്‍ 50. 142 ഫസ്‌റ്റ്ക്ല ാസ്‌ മത്സരങ്ങളില്‍ 22 സെഞ്ചുറി അടക്കം 9,446 റണ്ണടിച്ചു. 203 ലിസ്‌റ്റ് എ മത്സരങ്ങളിലും ഉത്തപ്പ കളത്തിലിറങ്ങി.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15 സീസണുകളില്‍ വിവിധ ടീമുകള്‍ക്കായി കളിച്ച താരമാണ്‌ ഉത്തപ്പ. 205 മത്സരങ്ങളില്‍ നിന്ന്‌ 4,952 റണ്‍ സ്വന്തം പേരിലാക്കി. 130.35 പ്രഹരശേഷിയിലായിരുന്നു ഇത്രയും റണ്‍ ഐ.പി.എല്ലില്‍ വാരിയത്‌. 2014-ല്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനും 2021-ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനുമൊപ്പം കിരീടം ചൂടി. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ്‌, രാജസ്‌ഥാന്‍ റോയല്‍സ്‌, പുനെ വാറിയേഴ്‌സ് ടീമുകള്‍ക്കായും കളത്തിലിറങ്ങി. അവസാനമായി കളിച്ചത്‌ ചെന്നൈ ജഴ്‌സിയിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here