മുംബൈ: ന്യൂസീലന്‍ഡിനെതിരായ ഏകദിന – ട്വന്റി 20 പരമ്പരകള്‍ക്കും ബംഗ്ലാദേശിനെതിരായ ഏകദിന – ടെസ്റ്റ് പരമ്പരകള്‍ക്കുമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ന്യൂസീലന്‍ഡിനെതിരായ ഏകദിന – ട്വന്റി 20 പരമ്പരകള്‍ക്കുള്ള ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടംപിടിച്ചു. ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി തിങ്കളാഴ്ചയാണ് ടീമിനെ പ്രഖ്യാപിച്ചത്.

 

ട്വന്റി 20 ലോകകപ്പ് ടീമിലുള്ള ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, കെ.എല്‍ രാഹുല്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ന്യൂസീലന്‍ഡിനെതിരേ ട്വന്റി 20 ടീമിനെ നയിക്കുന്നത്. ഋഷഭ് പന്താണ് വൈസ് ക്യാപ്റ്റന്‍. പരിക്കില്‍നിന്ന് മുക്തനാകാത്ത പേസര്‍ ജസ്പ്രീത് ബുംറയെ ടീമിലേക്ക് പരിഗണിച്ചില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേഷ് കാര്‍ത്തിക്കും ടീമിലില്ല.

 

മൂന്ന് ട്വന്റി 20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ലോകകപ്പ് ഫൈനലിനു ശേഷം അഞ്ചു ദിവസം കഴിഞ്ഞ് നവംബര്‍ 18-ന് വെല്ലിങ്ടണിലാണ് പരമ്പരയിലെ ആദ്യ മത്സരം. 20-ന് മൗണ്ട് മൗംഗാനുയിയില്‍ രണ്ടാം മത്സരവും 22-ന് നേപ്പിയറില്‍ മൂന്നാം മത്സരവും നടക്കും.

 

ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്.

ഏകദിന ടീമിനെ നയിക്കുന്നത് ധവാന്‍

ന്യൂസീലന്‍ഡിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന ടീമിനെ ശിഖര്‍ ധവാനാണ് നയിക്കുന്നത്. ട്വന്റി 20 പരമ്പരയ്ക്ക് ശേഷം നവംബര്‍ 25, 27, 30 തീയതികളില്‍ ഓക്ക്‌ലന്‍ഡ്, ഹാമില്‍ട്ടണ്‍, ക്രൈസ്റ്റ്ചര്‍ച്ച് എന്നിവിടങ്ങളിലാണ് ഏകദിനങ്ങള്‍. ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനും ഋഷഭ് പന്താണ്. രോഹിത് ശര്‍മയ്ക്കും, വിരാട് കോലിക്കും ഏകദിന പരമ്പരയിലും വിശ്രമം അനുവദിച്ചിട്ടുണ്ട്. കുല്‍ദീപ് സെന്നിന് ആദ്യമായി ടീമിലേക്ക് വിളിയെത്തി.

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍, ശാര്‍ദുല്‍ താക്കൂര്‍, ഷഹബാസ് അഹമ്മദ്, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ദീപക് ചാഹര്‍, കുല്‍ദീപ് സെന്‍, ഉമ്രാന്‍ മാലിക്ക്.

ബംഗ്ലാദേശിനെതിരായ ഏകദിന ടീം, രോഹിത്, കോലി മടങ്ങിയെത്തും

ബംഗ്ലാദേശിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മ നയിക്കും. കെ.എല്‍ രാഹുലാണ് വൈസ് ക്യാപ്റ്റന്‍. ഡിസംബറിലാകും ടൂര്‍ണമെന്റ്. ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. മലയാളി താരം സഞ്ജു സാംസണെ ടീമിലേക്ക് പരിഗണിച്ചില്ല.

കാല്‍മുട്ടിനേറ്റ പരിക്ക് മൂലം ട്വന്റി 20 ലോകകപ്പ് നഷ്ടമായ രവീന്ദ്ര ജഡേജയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫിറ്റ്‌നസ് തെളിയിക്കുന്നത് അനുസരിച്ചായിരിക്കും ജഡേജയുടെ സ്ഥാനം. രജത് പാട്ടിദാര്‍, യാഷ് ദയാല്‍ എന്നിവരെയും ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, വിരാട് കോലി, രജത് പാട്ടിദാര്‍, ശ്രേയസ് അയ്യര്‍, രാഹുല്‍ ത്രിപാഠി, ഋഷഭ് പന്ത്, ഇഷാന്‍ കിഷന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ശാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍, യാഷ് ദയാല്‍.

ഹനുമ വിഹാരിയില്ലാതെ ടെസ്റ്റ് ടീം

ബംഗ്ലാദേശിനെതിരേ രണ്ടു ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മ തന്നെ നയിക്കും. മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍ ഹനുമ വിഹാരിയുടെ അഭാവമാണ് ടെസ്റ്റ് ടീമിലെ സുപ്രധാന മാറ്റം. അതേസമയം, ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത പൃഥ്വി ഷാ, സര്‍ഫറാസ് ഖാന്‍ എന്നിവരുടെ അഭാവവും ശ്രദ്ധേയമായി. അജിങ്ക്യ രഹാനെയെ ഇത്തവണയും ടീമിലേക്ക് പരിഗണിച്ചില്ല.

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, കെ.എസ് ഭരത്, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ശാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.

LEAVE A REPLY

Please enter your comment!
Please enter your name here