ഗാന്ധിനഗര്‍: ഗുജറാത്തിലെ മോര്‍ബി തൂക്കുപാലദുരന്തവുമായി ബന്ധപ്പെട്ട് ഒന്‍പതു പേര്‍ അറസ്റ്റില്‍. തൂക്കുപാലത്തിന്റെ നവീകരണം നടത്തിയ ‘ഒറേവ’ കമ്പനിയിലെ മാനേജര്‍മാര്‍, പാലത്തിലെ പ്രവേശന ടിക്കറ്റ് കളക്ടര്‍മാര്‍, സുരക്ഷാജീവനക്കാര്‍ എന്നിവരുള്‍പ്പെടെയാണ് അറസ്റ്റിലായിരിക്കുന്നത്. ഞായറാഴ്ച വൈകിട്ട് ആറരയോടെ ഉണ്ടായ ദുരന്തത്തില്‍ 141 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് വിവരം.

 

ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒറേവ, സുരക്ഷയുമായി ബന്ധപ്പെട്ട പല നിയമങ്ങളും ലംഘിച്ചുവെന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. നവീകരണത്തിനു ശേഷം പൊതുജനങ്ങള്‍ക്കായി പാലം തുറന്നുകൊടുത്തതിന്റെ നാലാംദിനമാണ് വന്‍ ദുരന്തമുണ്ടായത്. തൂക്കുപാലത്തിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് മോര്‍ബി നഗര ഭരണകൂടവുമായി 15 കൊല്ലത്തെ കരാറിലാണ് ഒറേവ ഒപ്പുവെച്ചത്. എന്നാല്‍ പാലം നവീകരണവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ക്ക് മുന്‍പരിചയമില്ലാത്ത ചെറുകമ്പനിയായ ദേവപ്രകാശ് സൊല്യൂഷന്‍സിനെ ഏല്‍പിക്കുകയായിരുന്നു എന്നാണ് വിവരം..

മാര്‍ച്ച് മാസത്തിലാണ് തൂക്കുപാലം നവീകരണം ഒറേവയെ ഏല്‍പിക്കുന്നത്. തുടര്‍ന്ന് ഏഴുമാസത്തിനു ശേഷം ഗുജറാത്തി പുതുവര്‍ഷമായ ഒക്ടോബര്‍ 26-ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയും ചെയ്തു. അറ്റകുറ്റപ്പണികള്‍ക്കും നവീകരണത്തിനുമായി ചുരുങ്ങിയത് എട്ടു മുതല്‍ 12 മാസംവരെ പാലം അടച്ചിടണമെന്ന് കരാറിലുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച പാലം തുറന്നുകൊടുത്തത് ഗുരുതരമായ ഉത്തരവാദിത്വമില്ലായ്മയും ശ്രദ്ധയില്ലായ്മയുമാണെന്ന് പോലീസിന്റെ എഫ്.ഐ.ആറില്‍ പറയുന്നു. പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കും നവീകരണത്തിനും നടത്തിപ്പിനും ചുമതലപ്പെടുത്തിയിരുന്നവര്‍ അത് വേണ്ടവിധത്തില്‍ ചെയ്തില്ലെന്നും എഫ്.ഐ.ആര്‍. വ്യക്തമാക്കുന്നു.

 

തൂക്കുപാലത്തിലേക്കുള്ള പ്രവേശനത്തിനുള്ള ടിക്കറ്റ് വിറ്റിരുന്നത് 12-17 രൂപയ്ക്കാണ്. അഞ്ഞൂറോളം പേരാണ് സംഭവസമയത്ത് തൂക്കുപാലത്തിലുണ്ടായിരുന്നത്. 125 പേരെ താങ്ങാനുള്ള കരുത്തുമാത്രമാണ് പാലത്തിനുണ്ടായിരുന്നത്. പാലം തകര്‍ന്ന് നദിയില്‍ വീണവര്‍ക്കു വേണ്ടിയുള്ള ഞായറാഴ്ചത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. തിങ്കളാഴ്ച രാവിലെ തിരച്ചില്‍ പുനരാരംഭിക്കും. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം മരിച്ചവരില്‍ 47 പേര്‍ കുട്ടികളാണ്. ഇതില്‍ ഏറ്റവും ചെറിയകുട്ടിയ്ക്ക് രണ്ടുവയസ്സാണ് പ്രായം.

LEAVE A REPLY

Please enter your comment!
Please enter your name here