രാജേഷ് തില്ലങ്കേരി

കേരളം പലപ്പോഴും രാജ്യത്തിന് വിവിധ തരത്തിൽ മാതൃകയാവാറുണ്ട്, അങ്ങിനെ മാതൃകയായേക്കാവുന്ന ഒരു അവാർഡാണ് കേരളപിറവി ദിനത്തിൽ പ്രഖ്യാപിക്കപ്പെട്ടത്. ദേശീയതലത്തിൽ നൽകുന്ന പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ കേരള ജ്യോതി, കേരള പ്രഭ, കേരളശ്രീ അവാർഡുകളാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനും ജ്ഞാനപീഠം അവാർ ജേതാവുമായ എം ടി വാസുദേവൻ നായരെയാണ് ഇദംപ്രദമായുള്ള കേരള ജ്യോതി അവാർഡിനായി പരിഗണിച്ചത്. സാഹിത്യത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ചുള്ള അവാർഡിന് എം ടി എന്തുകൊണ്ടും അർഹനുമാണ്. എന്നാൽ നടൻ മമ്മൂട്ടിയെ കലാകാരന്മാരിൽ നിന്നും  കേരള പ്രഭ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതിലും ഡോ ബിജുവിനെ (ശാസ്ത്രം) എന്ന കാറ്റഗറിയിൽ വൈക്കം വിജയലക്ഷ്മിയെ തിരഞ്ഞെടുത്തതിലുമാണ് എതിരഭിപ്രായം ഉയരുന്നത്.

മലയാളത്തിന്റെ അഹങ്കാരമായ നടൻ മധുവിനെയും ഗാനഗന്ധർവ്വനായ യേശുദാസിനെയും അവാർഡിന് പരിഗണിച്ചില്ല. കാനായി കുഞ്ഞിരാമന് മുൻപ് പരിഗണിക്കപ്പെടേണ്ടിയിരുന്നത് 97 വയസ് പൂർത്തിയായ ആർട്ടിസ്റ്റ് നമ്പൂതിരിയെ ആയിരുന്നില്ലെ.  എന്തുകൊണ്ട് അവാർഡ് സമിതി ഈ വ്യക്തികളെയൊന്നും പരിഗണിച്ചില്ല എന്ന ചോദ്യങ്ങൾ പ്രസക്തമാവുകയാണ്. എം കെ സാനു, പ്രൊഫ. എം ലീലാവതി തുടങ്ങിയവരെയും പരിഗണിച്ചില്ല.  അവാർഡിന് അർഹതയുണ്ടായിരുന്ന അടൂർ ഗോപാലകൃഷണനെ അവാർഡ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതും ഏറെ ആരോപണങ്ങൾക്ക് വിധേയമാണ്.

കഴിഞ്ഞ കുറച്ചുകാലമായി കേരള സർക്കാർ നൽകുന്ന പത്മ ശുപാർശകളൊന്നും കേന്ദ്രസർക്കാർ പരിഗണിക്കാറുണ്ടായിരുന്നില്ല. ഇതോടെയാണ് കഴിഞ്ഞ സംസ്ഥാന ബജറ്റ് നിർദ്ദേശത്തിൽ പത്മാ മാതൃകയിൽ ഒരു അവാർഡ് നൽകാൻ തീരുമാനിച്ചത്. എന്നാൽ ഈ അവാർഡ് കുറച്ചുകൂടി ശ്രദ്ധേയമാക്കി മാറ്റാൻ എന്തുകൊണ്ടോ സർക്കാർ ശ്രമിച്ചില്ല എന്നു വേണം കാണാൻ.

മമ്മൂട്ടി അവാർഡിന് പരിഗണിക്കപ്പെടേണ്ട നടനല്ലെന്നോ, മമ്മൂട്ടിയുടെ സംഭാവനകൾ വിലകുറച്ചുകാണുകയോ അല്ല. മറിച്ച് മധു എന്ന മഹാനടനെ ഇനിയും അധികൃതർ അവഗണിക്കുന്നതിനെകുറിച്ചാണ് ചർച്ചകൾ.
അവാർഡുകൾ ലഭിച്ചവരും അവരുടെ ആരാധകരും ആനന്ദിപ്പിൻ.

ആർ എസ് പി നേതാവ് ടി ജെ ചന്ദ്രചൂഡൻ ഓർമ്മയാവുമ്പോൾ

കഴിഞ്ഞ ദിവസം അന്തരിച്ച ആർ എസ് പി നേതാവ് ടി.ജെ.ചന്ദ്രചൂഡനെ അനുസ്മരിക്കുകയാണ് രാഷ്ട്രീയ കേരളം. സംസ്ഥാന,  ദേശീയ രാഷ്ട്രീയങ്ങളിൽ ദീർഘകാലം  ഇടതുപക്ഷ നിലപാട് ഉയർത്തിപ്പിടിച്ച ആർഎസ്പി നേതാവിനെയാണ് നഷ്ടപ്പെട്ടത്. ഇടതുപക്ഷത്ത് ആർ എസ് പിയിലെ ഒരു വിഭാഗം ഉറച്ചുനിന്നപ്പോഴും, പിന്നീട് ആർ എസ് പി യു ഡി എഫ് പക്ഷത്തേക്ക് വഴിമാറിയപ്പോഴും ഇടതുനയങ്ങളിൽ വെള്ളം ചേർക്കാതെ നിൽക്കാൻ ശ്രമിച്ച നേതായിരുന്നു ചന്ദ്രചൂഡൻ.

എതിരഭിപ്രായങ്ങൾ മുഖം നോക്കാതെ വെട്ടിത്തുറന്ന് പറഞ്ഞുകൊണ്ട് രാഷ്ട്രീയത്തിൽ  എന്നും വ്യത്യസ്തനായി നിന്ന നേതാവായിരുന്നു പ്രൊ. ടി ജെ ചന്ദ്രചൂഢൻ. ആർ എസ് പി വിഭാഗീയതയിൽ ഒരു ഭാഗത്ത് നിന്ന് പോരാടുമ്പോഴും സി പി എമ്മിൻറെ നയവ്യതിയാനങ്ങളെയും അദ്ദേഹം എതിർത്തിരുന്നു. പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്ത് വരെ എത്തിയെങ്കിലും തെരഞ്ഞെടുപ്പുകളിൽ  ജയിക്കാൻ അദ്ദേഹത്തിനായില്ല. ചന്ദ്രചൂഢനെ രാജ്യസഭയിലേക്കയയ്ക്കാൻ എൽഡിഎഫ് തീരുമാനിച്ചപ്പോൾ സ്വന്തം പാർട്ടി നേതൃത്വം എ കെ ജി സെൻററിലെത്തി തങ്ങൾക്ക് ഇപ്പോൾ സീറ്റ് വേണ്ടെന്ന് പറഞ്ഞതും കേരള രാഷ്ട്രീയം കണ്ടു.

കേരള രാഷ്ട്രീയത്തിൽ എന്നും തലയെടുപ്പോടെ നിന്ന നേതാവായിരുന്നു ടി ജെ ചന്ദ്രചൂഡൻ. പി എസ്  യുവിലൂടെ പൊതുരംഗത്തേക്കെത്തിയ അദ്ദേഹം കേരള സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്കോടെയാണ് ബി എയും എം എയും പാസായത്. 60 -കളിൽ കെ ബാലകൃഷ്ണനൊപ്പം കൗമുദി വാരികയുടെ സഹപത്രാധിപരായി. കോളേജ് അധ്യാപകനായും കേരളാ പി എസ് സി അംഗമായും പ്രവർത്തിച്ച ശേഷം സജീവ രാഷ്ട്രീയത്തിലേക്കെത്തിയ അദ്ദേഹം പടിപടിയായി വളർന്ന് സംസ്ഥാന സെക്രട്ടറി പദത്തിലൂടെ ജനറൽ സെക്രട്ടറി പദം വരെയെത്തി.

വിഭാഗീയക്കാലത്ത് 2008 -ൽ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് വി പി രാമകൃഷ്ണ പിള്ളയോട് മത്സരിച്ച് തോറ്റെങ്കിലും ദേശീയ സമ്മേളനം അദ്ദേഹത്തെ ജനറൽ സെക്രട്ടറിയാക്കി. സി പി എമ്മിലെ വിഭാഗീയതയിൽ വി എസ് അച്ചുതാനന്ദനെ പിന്തുണച്ചതിലൂടെ ഔദ്യേഗിക നേതൃത്വത്തിന് അദ്ദേഹം അനഭിമതനായി തീർന്നു. അബ്ദുൽനാസർ മദനിയുമായി സി പി എം ചങ്ങാത്തം കൂടിയപ്പോഴും, മുസ്ലീം ലീഗിലെ സമ്പന്ന വിഭാഗവുമായി അവർ അടുപ്പം കാണിച്ചപ്പോഴുമൊക്കെ വിഎസിനൊപ്പം നിന്ന് ചന്ദ്രചൂഢൻ അതിനെയെല്ലാം എതിർത്തു.

1982 -ലും 87 -ലും തിരുവനന്തപുരം വെസ്റ്റിൽ മത്സരിച്ചെങ്കിലും തോറ്റു. 2006 ൽ ആര്യനാട്ട് മത്സരിച്ചെങ്കിലും അദ്ദേഹത്തിന് വിജയിക്കാൻ കഴിഞ്ഞില്ല. അന്ന് ചന്ദ്രചൂഢൻ ജയിച്ചിരുന്നെങ്കിൽ വി എസ് മന്ത്രിസഭയിൽ അദ്ദേഹത്തിന് ഒരു മന്ത്രിസ്ഥാനം ഉണ്ടാകുമായിരുന്നു. ഒന്നാം യുപിഎ സർക്കാരിൻറെ കാലത്ത് ആണവകരാർ വിഷയത്തിൽ ഇടതുപക്ഷത്തിൻറെ നാവായി നിന്ന് ദേശീയ രാഷ്ട്രീയത്തിൽ അദ്ദേഹം ശ്രദ്ധേയനായി. 2009 -ൽ ചന്ദ്രചൂഡനെ രാജ്യസഭയിലെത്തിക്കണമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞപ്പോൾ സീറ്റ് കൊടുക്കാൻ സിപിഎം സംസ്ഥാന നേതൃത്വം തയ്യാറായെങ്കിലും ആർഎസ് പി നേതാക്കൾ വേണ്ടെന്ന് പറഞ്ഞത് അദ്ദേഹത്തിന് തിരിച്ചടിയായി.

അതേ പാർട്ടി കൊല്ലം ലോക്‌സഭാ സീറ്റിൻറെ പേരിൽ എൽഡിഎഫ് വിട്ടപ്പോൾ ചന്ദ്രചൂഢൻ മൗനം പാലിച്ച് ഒപ്പം നിന്നു. പക്ഷേ പിന്നീട് അദ്ദേഹം ആ തീരുമാനത്തെ തള്ളിപ്പറഞ്ഞു. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും എല്ലാവരുമായി നല്ല ബന്ധം കാത്ത് സൂക്ഷിക്കാൻ അദ്ദേഹം പ്രത്യെകം ശ്രദ്ധിച്ചിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ഏറെ നാളുകളായി രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നെങ്കിലും വ്യത്യസ്ത അഭിപ്രായങ്ങൾ കൊണ്ട് എന്നും ശ്രദ്ധേയനായ ചന്ദ്രചൂഡനെന്ന പ്രമുഖ നേതാവിൻറെ വിയോഗം ആർഎസ്പിക്കും  കേരള രാഷ്ട്രീയത്തിനും കനത്ത നഷ്ടം തന്നെയാണ്.

അരിവില കുതിച്ചുയരുമ്പോൾ കിതച്ചുണരുന്ന കേരളം

അരിയുടെ വില ദിനംപ്രതി ഉയരുകയാണ്. അരിയാഹാരം കഴിക്കുകയും, എന്നാൽ അരിയുൽപ്പാദനത്തിൽ ഏറ്റവും പിന്നിലുമായ കേരളമാണ് ഈ വിലക്കയറ്റത്തിൽ പൊറുതിമുട്ടിയിരിക്കുന്നത്. അരിക്കും പലവ്യജ്ഞനത്തിനും പച്ചക്കറിക്കുമടക്കം തീപ്പിടിച്ച വിലയായതോടെ ഉപഭോക്തൃസംസ്ഥാനമായ കേരളജനത തീർത്തും ദുരിതത്തിലായിരിക്കയാണ്.
ഗവർണർ- സർക്കാർ തർക്കത്തിനിടയിൽ കേരളത്തിലെ അരിവില ഉയർന്നതൊന്നും സർക്കാർ അറിഞ്ഞിട്ടില്ല. വിലയക്കയറ്റത്തിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞത് കേരളത്തിനു മാത്രമാണെന്നൊക്കെ മന്ത്രിമാർ പത്രക്കാരോട് വീമ്പളക്കിയിട്ട് ഏറെക്കാലമൊന്നും ആയിട്ടില്ല.

എല്ലാം ശരിയാവുമെന്നുള്ള പ്രതീക്ഷയിയിൽ കഴിയുന്ന കേരളീയർക്കേറ്റ കനത്ത പ്രഹരമാണ് ഈ അരിവിലയിലുള്ള കുതിച്ചുചാട്ടം. കേരളീയരുടെ കാർഷിക ഉൽപ്പന്നങ്ങൾക്ക് വിലയിടിവും, മറുനാട്ടിൽ നിന്നും വരുന്ന ഭക്ഷ്യോൽപ്പന്നങ്ങൾക്ക് തീപിടിച്ചവിലയുമാണിപ്പോൾ.

വാൽകഷണം: സ്വപ്‌നാ സുരേഷ് വ്യാജ ബിരുദസർട്ടിഫിക്കറ്റ് സംഘടിപ്പിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ കുറ്റപത്രം സമർപ്പിച്ചു. അന്വേഷണ സംഘം ഇതൊക്കെ സംഘടിപ്പിച്ചുകൊടുത്ത പ്രമുഖ സംഘാടകനായ ശിവശങ്കറെ കണ്ടതുപോലുമില്ല….

—–

രണ്ടുവർഷക്കാലമായി ഞാൻ കേരളാ ടൈംസിൽ എഴുതിക്കൊണ്ടിരുന്ന ‘കുറിപ്പുകൾ’ എന്ന ഈ കോളം ഇന്നോടെ അവസാനിക്കുകയാണ്. എല്ലാ വായനക്കാർക്കും എന്റെ നന്ദി അറിയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here