ദോഹ: ലോകകപ്പിലെ ആദ്യ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ അമേരിക്കയ്‌ക്കെതിരെ ഓറഞ്ചു പടയ്ക്ക് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു നെതര്‍ലന്‍ഡിന്റെ വിജയം. മത്സരത്തിന്റെ പത്താം മിനുട്ടില്‍ മെംഫിസ് ഡിപേയിലൂടെ മുന്നിലെത്തിയ ഓറഞ്ച് പട കളിയുടെ ആധിപത്യം ഉറപ്പിച്ചു. ഒപ്പമെത്താന്‍ അമേരിക്ക ഓറഞ്ച് പടയുടെ ഗോള്‍ മുഖത്തേയ്ക്ക് അക്രമണം അഴിച്ചുവിട്ടെങ്കിലും വല ചലിപ്പിക്കാനായില്ല.

ലോകകപ്പ് ഫുട്‌ബോള്‍ പ്രീ ക്വാര്‍ട്ടറില്‍ പന്തടക്കത്തില്‍ മുന്നിലായിരുന്നെങ്കിലും ഫിനിഷിങിലെ പോരായ്മയാണ് യു.എസിനു തിരിച്ചടിയായത്. മെംഫിസ് ഡിപായെയും കോഡി ഗാക്‌പോയെയും മുന്നില്‍ നിര്‍ത്തിയ 3-4-1-2 ഫോര്‍മേഷനാണു ഡച്ച് കോച്ച് ലൂയിസ് വാന്‍ ഗാല്‍ തെരഞ്ഞെടുത്തത്. യു.എസ്. കോച്ച് ഗ്രെഗ് മാത്യു ബെര്‍ഹാള്‍ട്ടര്‍ 4-3-3 ഫോര്‍മേഷനില്‍ തുടര്‍ന്നു. ക്രിസ്റ്റിയന്‍ പുലിസിച്, ജോഫ്ര ഫെരേര, ടിം വിയ എന്നിവര്‍ മുന്നില്‍ കളിച്ചു. ഒരു ഗോളും രണ്ട് അസിസ്റ്റും നല്‍കിയ ഡംഫ്രെസ് ടീമിന്റെ ജയത്തില്‍ വലിയ പങ്ക് വഹിച്ചു.

 

10-ാം മിനിറ്റില്‍ തന്നെ ഹോളണ്ട് മുന്നിലെത്തി. കോഡി ഗാക്‌പോ മറിച്ചു നല്‍കിയ പന്ത് ഡംഫ്രീസ് ബോക്‌സിലേക്ക് കൈമാറി. കിട്ടിയ അവസരം ഡിപായ് വലയിലേക്ക് തൊടുത്തു. താരത്തിന്റെ 42-ാം രാജ്യാന്തര ഗോളാണു പിറന്നത്. 21-ാം മിനിറ്റില്‍ ഒരു അവസരം കൂടി. പക്ഷേ ഡി പയ്ക്ക് ലക്ഷ്യം കാണാനായില്ല. 42-ാം മിനിറ്റില്‍ ടിം വിയയുടെ ഷോട്ട് ഡച്ച് ഗോള്‍ കീപ്പര്‍ നൊപേര്‍ട് തടുത്തിട്ടു. ഇഞ്ചുറി ടൈമില്‍ ഡംഫ്രെസിന്റെ സഹായത്തോടെ ബ്ലിന്‍ഡ് ഹോളണ്ടിന്റെ രണ്ടാം ഗോളടിച്ചതോടെ ഒന്നാം പകുതി കഴിഞ്ഞു.

രണ്ടാം പകുതിയില്‍ കളി കൂടുതല്‍ ആവേശകരമായി. അമേരിക്ക ആക്രമണത്തിലേക്കു തിരിഞ്ഞതോടെ കൂടുതല്‍ അവസരങ്ങള്‍ വരാന്‍ തുടങ്ങി. 61-ാം മിനിറ്റില്‍ ഡിപായുടെ ഷോട്ട് യു.എസ്. ഗോള്‍ കീപ്പര്‍ മാര്‍ക് ടര്‍ണര്‍ മുഴുനീള ഡൈവിലൂടെ രക്ഷിച്ചു. 72-ാം മിനിറ്റില്‍ ടര്‍ണര്‍ ഡബിള്‍ സേവും നടത്തി. 76-ാം മിനിറ്റില്‍ ഹാജി റൈറ്റിലൂടെ അമേരിക്കയുടെ ആദ്യ ഗോള്‍ വീണു. പുലിസികിന്റെ ഒരു പാസ് ഫ്‌ളിക്ക് ചെയ്താണു റൈറ്റ് ലക്ഷ്യം കണ്ടത്. 81-ാം മിനിറ്റില്‍ ഡംഫ്രീസിന്റെ ഗോള്‍ ഡച്ചുകാര്‍ക്കു രണ്ട് ഗോള്‍ ലീഡ് തിരിച്ചു നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here