ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിനിടെ പരുക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗ്ലാദേശ് ഇന്നിംഗ്സിൽ, മുഹമ്മദ് സിറാജ് രണ്ടാം ഓവറിലെ നാലാം പന്തിൽ സ്ലിപ്പിൽ നിൽക്കെ ബംഗ്ലാദേശ് ഓപ്പണർ അനാമുൽ ഹഖിൻ്റെ ക്യാച്ച് കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കവെയാണ് രോഹിതിൻ്റെ ഇടതുകൈക്ക് പരുക്കേറ്റത്. ക്യാച്ച് നിലത്തിട്ട രോഹിതിനെ ഉടൻ ഇന്ത്യൻ ടീമിൻ്റെ വൈദ്യ സംഘം പരിശോധിച്ചു. ശേഷം രോഹിത് ഡ്രസിംഗ് റൂമിലേക്ക് മടങ്ങി. മധ്യപ്രദേശ് താരം രജത് പാടിദാർ രോഹിതിനു പകരം ഫീൽഡ് ചെയ്യാനിറങ്ങി.

 

പരുക്കേറ്റ് ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയ രോഹിതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് സ്കാൻ ചെയ്തു എന്നാണ് ബിസിസിഐ നൽകുന്ന വിവരം. രോഹിതിൻ്റെ അഭാവത്തിൽ ഉപനായകൻ കെഎൽ രാഹുൽ ക്യാപ്റ്റൻസി ചുമതല ഏറ്റെടുത്തു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ബംഗ്ലാദേശ് 32 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 134 റൺസ് നേടിയിട്ടുണ്ട്. 6 വിക്കറ്റ് നഷ്ടത്തിൽ 69 റൺസ് എന്ന നിലയിൽ തകർന്ന ബംഗ്ലാദേശിനെ കഴിഞ്ഞ കളിയിലെ ഹീറോ മെഹദി ഹസൻ (39), മഹ്‌മൂദുള്ള (30) എന്നിവർ ചേർന്ന് കരകയറ്റുകയായിരുന്നു. ഇരുവരും ചേർന്ന് അപരാജിതമായ 67 റൺസാണ് ഇതുവരെ കൂട്ടിച്ചേർത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here