ദോഹ: ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പില്‍നിന്ന്‌ ഒരു വമ്പന്‍ കൂടി മടങ്ങി. അല്‍ തുമാമ സ്‌റ്റേഡിയത്തില്‍ നടന്ന പ്രീ ക്വാര്‍ട്ടറില്‍ മൊറോക്കോ പോര്‍ചുഗലിനെ 1-0 ത്തിനു തോല്‍പ്പിച്ചു. ലോകകപ്പ്‌ സെമി ഫൈനലില്‍ കളിക്കുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമാണു മൊറോക്കോ. കാമറൂണ്‍ (1990), സെനഗല്‍ (2002), ഘാന (2010) എന്നിവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിച്ചതായിരുന്നു മികച്ച പ്രകടനം.
42-ാം മിനിറ്റിലെ യൂസഫ്‌ എന്‍ നെസിരിയുടെ ഹെഡര്‍ പോര്‍ചുഗലിന്റെയും സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയുടെയും കിരീട സ്വപ്‌നത്തിനു മേല്‍ പതിച്ചു. 41 മിനിറ്റ്‌ വരെ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി മൊറോക്കോയും പോര്‍ചുഗലും കളം നിറഞ്ഞു. 71 ശതമാനം സമയത്തും പന്ത്‌ കൈവശം വച്ച പോര്‍ചുഗലിന്‌ യാസിന്‍ ബൗനു കാത്ത മൊറോക്കന്‍ വല ഭേദിക്കാനായില്ല. യാഹിയ അറ്റിയാറ്റിന്റെ ക്രോസ്‌ യൂസഫ്‌ എന്‍ നെസിരി ഹെഡ്‌ ചെയ്‌താണു പോര്‍ചുഗല്‍ വലയിലാക്കിയത്‌. ഗോള്‍ കീപ്പര്‍ ഡീഗോ കോസ്‌റ്റയും പന്തിനായി ഉയര്‍ന്നു ചാടിയെങ്കിലും കിട്ടിയത്‌ എന്‍ നെസിരിയുടെ തലയ്‌ക്കു പാകത്തിന്‌. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഇരു ടീമും മികച്ച മുന്നേറ്റങ്ങള്‍ നടത്തി.
അഞ്ചാം മിനിറ്റില്‍ തന്നെ പോര്‍ചുഗലിന്‌ ആദ്യ അവസരം ലഭിച്ചു. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഫ്രീ കിക്കില്‍ നിന്നുള്ള ജാവോ ഫെലിക്‌സിന്റെ ഗോളെന്നുറച്ച ഹെഡര്‍ മൊറോക്കന്‍ ഗോള്‍ കീപ്പര്‍ യാസിന്‍ ബോനോ തട്ടിയകറ്റി. ഏഴാം മിനിറ്റില്‍ മൊറോക്കോയ്‌ക്കും ഒരു അവസരം ലഭിച്ചു. ഹകിം സിയെച്ചെടുത്ത കോര്‍ണറിനെ ഗോളിലേക്കു മാറ്റാനുള്ള അവസരം നെസിരി നഷ്‌ടപ്പെടുത്തി. ഹെഡര്‍ ക്രോസ്‌ ബാറിന്‌ മുകളിലൂടെ പറന്നു. 26-ാം മിനിറ്റിലും നസിരി മികച്ച അവസരം നഷ്‌ടപ്പെടുത്തി. സിയെചിന്റെ ഫ്രീ കിക്കില്‍ നിന്നുള്ള നെസിരിയുടെ ഹെഡര്‍ ക്രോസ്‌ബാറിന്‌ മുകളിലൂടെ പറന്നു. 31-ാം മിനിറ്റില്‍ ജാവോ ഫെലിക്‌സിന്റെ ഹാഫ്‌ വോളി ജവാദ്‌ എല്‍ യാമിക്‌ തടഞ്ഞു. 42-ാം മിനിറ്റില്‍ നേരത്തെ നഷ്‌ടപ്പെടുത്തിയ അവസരങ്ങള്‍ക്ക്‌ നെസിരി പ്രായശ്‌ചിത്തം ചെയ്‌തു. പോര്‍ചുഗല്‍ കോച്ച്‌ ഫെര്‍ണാണ്ടോ സാന്റോസ്‌ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയെ പകരക്കാരനായാണു കളിപ്പിച്ചത്‌. 51-ാം മിനിറ്റില്‍ റാഫേല്‍ ഗുരേരോയ്‌ക്കു പകരക്കാരനായ താരത്തെ ഇറക്കി. ഇഞ്ചുറി ടൈമില്‍ വാലിദ്‌ ചെദിര ചുവപ്പ്‌ കാര്‍ഡ്‌ കണ്ടതോടെ മൊറോക്കോ പത്തു പേരായി ചുരുങ്ങി. മിനിറ്റുകളുടെ ഇടവേളയിലാണു ചെദിര രണ്ടാം മഞ്ഞക്കാര്‍ഡ്‌ കണ്ടത്‌. സാന്റോസും മൊറോക്കന്‍ കോച്ച്‌ വാലിദ്‌ റെഗ്രാഗുയും 4-3-3 ഫോര്‍മേഷനാണു താല്‍പര്യപ്പെട്ടത്‌.

LEAVE A REPLY

Please enter your comment!
Please enter your name here