മുംബൈ: മുംബൈ ട്വന്റി 20യിൽ ഇന്ത്യക്ക് ജയം. അവസാന പന്ത് വരെ നീണ്ട പോരിൽ ശ്രീലങ്കയെ രണ്ടു റൺസിനാണ് പരാജയപ്പെടുത്തിയത്.

അരങ്ങേറ്റ മത്സരത്തിൽ തന്നെ ശിവം മാവി നാലു വിക്കറ്റുമായി ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. നാലു ഓവറിൽ 22 റൺസാണ് താരം വിട്ടുകൊടുത്തത്. സ്കോർ: ഇന്ത്യ -20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 162. ശ്രീലങ്ക -20 ഓവറിൽ 160.

അവസാന ഓവറുകളിൽ ചാമിക കരുണരത്‌നെയുടെ വെടിക്കെട്ട് ബാറ്റിങ് ടീമിന് പ്രതീക്ഷ നൽകിയെങ്കിലും രണ്ട് റൺസ് അകലെ ജയം നഷ്ടമായി. താരം 16 പന്തിൽ 23 റൺസെടുത്ത് പുറത്താകാതെ നിന്നു. സന്ദർശകർക്കായി നായകൻ ദസുൻ ഷനക 27 പന്തിൽ 45 റൺസെടുത്ത് ടോപ് സ്കോററായി.

 

പാതും നിസ്സാങ്ക (മൂന്നു പന്തിൽ ഒന്ന്), കുസൽ മെൻഡിസ് (25 പന്തിൽ 28), ധനഞ്ജയ ഡിസിൽവ (ആറ് പന്തിൽ എട്ട്), ചരിത് അസലങ്ക (15 പന്തിൽ 12), ഭാനുക രാജപക്‌സ (11 പന്തിൽ 10), വനിന്ദു ഹസരംഗ (10 പന്തിൽ 21), മഹേഷ് തീക്ഷണ (നാലു പന്തിൽ ഒന്ന്), കസുൻ രജിത (നാല് പന്തിൽ അഞ്ച്) എന്നിവർ പുറത്തായി.

അവസാന ഓവറിൽ ജയക്കാൻ വേണ്ടിയിരുന്നത് 14 റൺസായിരുന്നു. അക്സർ പട്ടേൽ എറിഞ്ഞ ഓവറിൽ 12 റൺസെടുക്കാനെ ലങ്കക്ക് കഴിഞ്ഞുള്ളു. ഇന്ത്യക്കായി ഉമ്രാൻ മാലിക്, ഹർഷൽ പട്ടേൽ എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി. നേരത്തെ, അവസാന ഓവറുകളിൽ ദീപക് ഹൂഡയും അക്സർ പട്ടേലും നടത്തിയ ആക്രമണമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 23 പന്തിൽ 41 റൺസെടുത്ത് പുറത്താകാതെ നിന്ന ദീപക് ഹൂഡയാണ് ഇന്ത്യയുടെ ടോപ് സ്കോറർ.

ഓപ്പണർ ഇഷാൻ കിഷൻ 29 പന്തിൽ 37 റൺസും അക്സർ പട്ടേൽ പുറത്താകാതെ 20 പന്തിൽ 31 റൺസും എടുത്തു. മലയാളി താരം സഞ്ജു സാംസൺ അഞ്ച് റൺസെടുത്ത് പുറത്തായി. ശുഭ്മാൻ ഗിൽ (അഞ്ച് പന്തിൽ ഏഴ്), സൂര്യകുമാർ യാദവ് (10 പന്തിൽ ഏഴ്), ഹാർദിക് പാണ്ഡ്യ (27 പന്തിൽ 29) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.

ലങ്കക്കായി ദിൽഷൻ മധുശങ്ക, മഹേഷ് തീക്ഷണ, ധനഞ്ജയ ഡിസിൽവ, ചാമിക കരുണരത്‌നെ, വനിന്ദു ഹസരംഗ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. നേരത്തെ ടോസ് നേടിയ ശ്രീലങ്ക ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ശുഭ്മാന്‍ ഗില്ലും ശിവം മാവിയും ട്വന്റി 20യില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു. അസുഖം കാരണം അര്‍ഷ്ദീപ് സിങ്ങിനെ ടീമിലേക്ക് പരിഗണിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here