ഗുവാഹത്തി: ഐ.പി.എല്ലിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 57റൺസിന് കീഴടക്കി രാജസ്ഥാൻ റോയൽസ് പോയിന്റ് ടേബിളിൽ ഒന്നാമതെത്തി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 199 റൺസെന്ന മികച്ച ടോട്ടൽ നേടി.മറുപടിക്കിറങ്ങിയ ഡൽഹിക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.

ഡൽഹി അക്കൗണ്ട് തുറക്കുന്നതിന് മുന്നേ തന്നെ ആദ്യ ഓവറിലെ മൂന്നും നാലും പന്തുകളിൽ ഇംപാക്ട് പ്ലെയർ പ്രിഥ്വി ഷായേയും (0) മനീഷ് പാണ്ടേയേയും (0) പുറത്താക്കി ട്രെൻഡ് ബോൾട്ട് രാജസ്ഥാന് ഇരട്ട ബ്രേക്ക് ത്രൂനൽകി. പ്രിഥ്വിയെ പുറത്താക്കാൻ രാജസ്ഥാൻ ക്യാപ്ടനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസൺ വലത്തോട്ട് പറന്ന് വലങ്കൈയിൽ ഒതുക്കിയ ക്യാച്ച് അതിമനോഹരമായിരുന്നു. പാണ്ടേയെ ബോൾട്ട് വിക്കറ്റിന് മുന്നിൽ കുടുക്കി. തുടർച്ചയായ രണ്ടാം മത്സരത്തിൽ അർദ്ധ സെഞ്ച്വറി കണ്ടെത്തിയ ക്യാപ്ടൻ ഡേവിഡ് വാർണറിനും (65), ലളിത് യാദവിനും (24 പന്തിൽ 38) മാത്രമേ ഡൽഹി നിരയിൽ പിടിച്ചു നിൽക്കാനായുള്ളൂ. 14 റൺസെടുത്ത റൂസോയാണ് ഇവരെക്കൂടാതെ രണ്ടക്കം കണ്ട ഏക ഡൽഹി ബാറ്റർ. 36/3 എന്ന നിലയിൽ ക്രീസിൽ ഒന്നിച്ച വാർണറും ലളിതും ഡൽഹിയ്ക്ക് പ്രതീക്ഷ നൽകി മുന്നേറവെ 13-ാം ഓവറിൽ ബോൾട്ടിനെ തിരികെ കൊണ്ടുവന്ന് സഞ്ജു കൂട്ടുകെട്ട് പൊളിക്കുകയായിരുന്നു. ലളിതിനെ ക്ലീൻബൗൾഡാക്കിയാണ് ബോൾട്ട് വീണ്ടും ബ്രേക്ക് ത്രൂനൽകിയത്. വാർണറും ലളിതും 46 പന്തിൽ 64 റൺസിന്റെ കൂട്ടുകെട്ടാണ് നാലാം വിക്കറ്രിലുണ്ടാക്കിയത്. അധികം വൈകാതെ വമ്പനടിക്കാരായ അക്സർ പട്ടേലിനെ (2) ചഹലിന്റെ പന്തിൽ സഞ്ജു സ്റ്റമ്പ് ചെയ്തും റോവ്‌മാൻ പവലിനെ (2) അശ്വിന്റെ പന്തിൽ ഹെറ്റ്‌മേയർ ക്യാച്ചെടുത്തും പുറത്താക്കിയതോടെ ഡൽഹി പ്രതിരോധത്തിലായി. അഭിഷഏക് പോറലിനും (7) തിളങ്ങാനായില്ല. രാജസ്ഥാനായി ബോൾട്ടും ചഹലും മൂന്നും അശ്വിൻ രണ്ട് വിക്കറ്റും വീഴ്ത്തി.

നേരത്തേ യശ്വസി ജയ്‌സ്‌വാളും (31 പന്തിൽ 60), ജോസ് ബട്ട്ലറും (51 പന്തിൽ 79) നൽകിയ വെടിക്കെട്ട് തുടക്കമാണ് രാജസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്. ഇരുവരും 11 ഫോറും 1 സിക്സും വീതം നേടി.

ഒന്നാം വിക്കറ്റിൽ 51 പന്തിൽ 98 റൺസാണ് ഇരുവരും നേടിയത്. സഞ്ജു സാംസണും (0), പരാഗും (7) നിരാശപ്പെടുത്തിയെങ്കിലും അവസാന ഓവറുകളിൽ ഹെറ്റ്‌മേയ‌ർ ( 21 പന്തിൽ 39 ) കത്തിക്കയറി. മുകേഷ് കുമാർ ഡൽഹിക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി. 3 മത്സരങ്ങളിൽ നിന്ന് രണ്ടാം ജയം നേടിയ രാജസ്ഥാന് 4 പോയിന്റുണ്ട്. ഡൽഹിയുടെ തുടർച്ചയായ മൂന്നാം തോൽവിയാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here