
ഏകദിന സെഞ്ചറികളുടെ എണ്ണത്തില്‍ അര്‍ധസെഞ്ചുറി തികച്ച് ഇന്ത്യന്‍ താരം വിരാട് കോലി. 49 സെഞ്ചറി നേടിയ സച്ചിന്റെ റെക്കോര്‍ഡാണ് മറികടന്നത്. ഏകദിന ലോകകപ്പിലെ റണ്‍നേട്ടത്തിലും സച്ചിന്‍ തെന്‍ഡുല്‍ക്കറെ കോലി പിന്നിലാക്കി. 2003 ലോകകപ്പില്‍ സച്ചിന്‍ നേടിയ 673 റണ്‍സെന്ന റെക്കോര്‍ഡാണ് കോലി തകര്‍ത്തത്. ഗാലറിയിലെ ക്രിക്കറ്റ് ഇതിഹാസത്തെ തല താഴ്ത്തി നമിച്ച ശേഷമാണു താരം ബാറ്റിങ് വീണ്ടും തുടങ്ങിയത്.
ലോകകപ്പ് ചരിത്രത്തിൽ ഒരു എഡിഷനിൽ തന്നെ 700ന് മുകളിൽ റൺസ് നേടുന്ന ആദ്യ താരവുമായി വിരാട് കോലി. മറ്റൊരു പ്രത്യേകത കൂടി വിരാട് കോലിയുടെ സെഞ്ചറിക്കുണ്ട്. 2013 നവംബർ 15നാണ് സച്ചിൻ വാങ്കഡെ സ്റ്റേഡിയത്തിൽ അവസാനമായി ബാറ്റ് ചെയ്തത്. പത്ത് വർഷങ്ങൾക്കു ശേഷം അതേ സ്റ്റേഡിയത്തില്‍ അതേ ദിവസമാണ് കോലി സച്ചിനെ സെഞ്ചറി നേട്ടത്തിൽ പിന്നിലാക്കിയത്.