റായ്പുര്‍: ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ യുവനിര. പരമ്പരയിലെ നാലാം മത്സരത്തില്‍ 20 റണ്‍സിന്റെ ജയം സ്വന്തമാക്കിയാണ് ഒരു മത്സരം ശേഷിക്കേ ഇന്ത്യ പരമ്പര സ്വന്തമാക്കിയത് (3-1). ഇന്ത്യ ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിന് 7 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ സൂര്യകുമാര്‍ യാദവിന്റെ ആദ്യ പരമ്പര വിജയം കൂടിയാണിത്.

നാല് ഓവറില്‍ വെറും 16 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ അക്ഷര്‍ പട്ടേലും 17 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ രവി ബിഷ്‌ണോയിയുമാണ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. 44 റണ്‍സ് വഴങ്ങിയെങ്കിലും നിര്‍ണായകമായ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ദീപക് ചാഹറും വിജയത്തില്‍ പങ്കുവഹിച്ചു.

175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഓസീസിനായി ട്രാവിസ് ഹെഡ് പതിവുപോലെ തകര്‍ത്തടിച്ച് തുടങ്ങി. ഇതിനിടെ നാലാം ഓവറില്‍ രവി ബിഷ്‌ണോയിയെ സൂര്യകുമാര്‍ പന്തേല്‍പ്പിച്ചു. ആദ്യ പന്തില്‍ തന്നെ ജോഷ് ഫിലിപ്പ് (8) പുറത്ത്. തുടര്‍ന്ന് അഞ്ചാം ഓവറില്‍ അപകടകാരിയായ ഹെഡിനെ മടക്കി അക്ഷര്‍ പട്ടേല്‍ ഇന്ത്യയ്ക്ക് പ്രതീക്ഷയേകി. വെറും 16 പന്തില്‍ നിന്ന് അഞ്ച് ഫോറും ഒരു സിക്‌സുമടക്കം 31 റണ്‍സെടുത്താണ് ഹെഡ് മടങ്ങിയത്. ഏഴാം ഓവറില്‍ ആരോണ്‍ ഹാര്‍ഡിയേയും (8) മടക്കിയ അക്ഷര്‍ ഓസീസിനെ പ്രതിരോധത്തിലാക്കി. റണ്‍ കണ്ടെത്താന്‍ വിഷമിച്ച ബെന്‍ മക്‌ഡെര്‍മോട്ടിനെയും മടക്കിയ അക്ഷര്‍ മൂന്ന് വിക്കറ്റുകള്‍ തികച്ചു. 22 പന്തില്‍ നിന്ന് 19 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്.


പിന്നാലെ നിര്‍ണായക ഘട്ടത്തില്‍ വമ്പനടിക്ക് കെല്‍പ്പുള്ള ടിം ഡേവിഡിനെ മടക്കി ദീപക് ചാഹറും വിക്കറ്റ് വേട്ടയില്‍ പങ്കാളിയായി. 20 പന്തില്‍ നിന്ന് 19 റണ്‍സായിരുന്നു ഡേവിഡിന്റെ സമ്പാദ്യം. തുടര്‍ന്ന് 19 പന്തില്‍ നിന്ന് 22 റണ്‍സെടുത്ത മാത്യു ഷോര്‍ട്ടിനെയും പുറത്താക്കിയ ചാഹര്‍ ഇന്ത്യയുടെ വിജയ സാധ്യത വര്‍ധിപ്പിച്ചു. 23 പന്തില്‍ നിന്ന് 36 റണ്‍സുമായി ക്യാപ്റ്റന്‍ മാത്യു വെയ്ഡ് പൊരുതി നോക്കിയെങ്കിലും അത് ടീമിനെ വിജയത്തിലെത്തിക്കാന്‍ പോന്നതായില്ല.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തിരുന്നു. റിങ്കു സിങ്, യശസ്വി ജയ്‌സ്വാള്‍, ജിതേഷ് ശര്‍മ, ഋതുരാജ് ഗെയ്ക്‌വാദ് എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യയെ 174-ല്‍ എത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here