ന്യൂഡൽഹി ∙ കഴിഞ്ഞ രണ്ടുമാസത്തിലധികമായി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‍ലി തകർപ്പൻ ഫോമിലാണ്. കോഹ്‍ലിയുടെ പ്രകടനത്തെ പലരും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുമായാണ് താരതമ്യം ചെയ്യുന്നത്. എന്നാൽ സച്ചിനുമായി താരതമ്യം ചെയ്യുന്നത് തന്നെ കുഴക്കുന്നുവെന്നാണ് കോഹ്‍ലിയുടെ പക്ഷം.

സച്ചിനെ ആരുമായും താരതമ്യം ചെയ്യാൻ സാധിക്കില്ല. വ്യത്യസ്തമായ കഴിവുള്ള ഒരു വ്യക്തിയാണ് അദ്ദേഹം. ഞാൻ കളിക്കാൻ തുടങ്ങിയിട്ട് രണ്ടുവർഷത്തിലധികം ആകുന്നേയുള്ളു. സച്ചിൻ 24 വർഷം രാജ്യത്തെ സേവിച്ച വ്യക്തിയാണ്. ഈ തലമുറയിലെ ഏതു കളിക്കാരനേക്കാളും രണ്ടു നിരമുകളിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. സച്ചിന്റെ പ്രകടനങ്ങളിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് ഞാൻ എന്റെ സ്വന്തം വഴിയുണ്ടാക്കുന്നത്- കോഹ്‍ലി പറഞ്ഞു.

ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കോഹ്‍ലി മനസു തുറന്നത്. ഇപ്പോഴുള്ള മികച്ച ഫോം തന്റെ ഏറ്റവും മികച്ചതാണോ എന്നറിയില്ല. ഏതാനും മാസംമുൻപ് മാത്രമാണ് ഇത്തരമൊരു ഫോമിലേക്ക് എത്തിയത്. മൽസരത്തിനിറങ്ങും മുൻപ് ഹൃദയമിടിപ്പ് പരിശോധിക്കുമെന്ന മറ്റൊരു രഹസ്യവും കോഹ്‍ലി വെളിപ്പെടുത്തി. ഹൃദയമിടിപ്പ് കൂടുതലാണെങ്കിൽ അത് കുറക്കാൻ നോക്കും. എങ്കിൽ മാത്രമേ മികച്ച പ്രകടനം നടത്താൻ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

ഒരോ മൽസരത്തിലും ഞാൻ ക്രിക്കറ്റിനെ കൂടുതൽ ബഹുമാനിക്കുന്നു. ഞാൻ എന്നെ പൂർണമായും ഒരോ കളിക്കും സമ്മാനിക്കുന്നു. എനിക്ക് അറിയുന്ന കളി കളിക്കുന്നു. മികച്ചൊരു വ്യക്തിയായി വളരാനാണ് ഞാൻ ഏറ്റവും ആഗ്രഹിക്കുന്നത്- കോഹ്‍ലി വ്യക്തമാക്കി. 

 

LEAVE A REPLY

Please enter your comment!
Please enter your name here