ഹരാരെ∙ അഞ്ചു പുതുമുഖങ്ങളുമായി സിംബാബ്‌വെയ്ക്കെതിരായ ഒന്നാം ട്വന്റി20 മൽസരത്തിനിറങ്ങിയ ഇന്ത്യയ്ക്ക് രണ്ടു റൺസിന്റെ ഞെട്ടിക്കുന്ന തോൽവി. സിംബാബ്‌വെ ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന പന്തിൽ വിജയത്തിലേക്ക് നാലു റൺസ് വേണ്ടിയിരിക്കെ ഒരു റണ്ണെടുക്കാനേ ഇന്ത്യൻ നായകൻ എം.എസ്. ധോണിക്കായുള്ളൂ. 35 പന്തിൽ ഒരു ബൗണ്ടറിയും മൂന്നു സിക്സുമുൾപ്പെടെ 48 റൺസെടുത്ത മനീഷ് പാണ്ഡെയാണ് ഇന്ത്യയുടെ ടോപ്സ്കോറർ. സിംബാബ്‌വെയ്ക്കായി മുസാറബനി, ചിബാബ എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി. ഇതോടെ മൂന്നു മൽസരങ്ങളടങ്ങിയ പരമ്പരയിൽ സിംബാബ്‌വെ 1-0ന് മുന്നിലെത്തി. സ്കോർ സിംബാബ‌വെ – 20 ഓവറിൽ ആറിന് 170. ഇന്ത്യ – 20 ഓവറിൽ ആറിന് 168.

യുശ്‌വേന്ദ്ര ചാഹൽ, റിഷി ധവാൻ, മൻദീപ് സിങ്, ലോകേഷ് രാഹുൽ, ജയ്ദേവ് ഉനദ്ഘട്ട് എന്നീ താരങ്ങളാണ് ഇന്ത്യൻ നിരയിൽ അരങ്ങേറ്റത്തിനിറങ്ങിയത്. സിംബാബ്‌വെ ഉയർത്തിയ 171 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്ക് ആദ്യ പന്തിൽത്തന്നെ ലോകേഷ് രാഹുലിന്റെ വിക്കറ്റ് നഷ്ടമായി. ട്വന്റി20 അരങ്ങേറ്റത്തിനിറങ്ങി ടിരിപാനോയുടെ പന്തിൽ ബൗൾഡായി മടങ്ങുമ്പോൾ ട്വന്റി20യുടെ ചരിത്രത്തിൽ ഇന്നിങ്സിന്റെ ആദ്യപന്തിൽ പുറത്താകുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡ് രാഹുലിന് സ്വന്തം. രാഹുലിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്ത മൻദീപ് സിങ് (27 പന്തിൽ 31), അമ്പാട്ടി റായിഡു (16 പന്തിൽ 19), കേദാർ യാദവ് (13 പന്തിൽ 19), ക്യാപ്റ്റൻ എം.എസ്.ധോണി (17 പന്തിൽ പുറത്താകാതെ 19), അക്ഷർ പട്ടേൽ (8 പന്തിൽ 18) എന്നിവരും മികച്ച സംഭാവനകൾ നൽകിയതോടെ ഇന്ത്യ വിജയത്തിലേക്കാണെന്ന തോന്നലുയർന്നു.

അവസാന ഓവറിൽ ഇന്ത്യയ്ക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത് എട്ടു റൺസ്. ക്രീസിൽ നായകൻ എം.എസ്.ധോണിയും രണ്ടു സിക്സും ഒരു ബൗണ്ടറിയുമുൾപ്പെടെ 9 പന്തിൽ 18 റൺസെടുത്ത് നിന്ന അക്ഷർ പട്ടേലും. മഡ്സീവയെറിഞ്ഞ അവസാന ഓവറിന്റെ ആദ്യ പന്തിൽ ധോണിയുടെ വക സിംഗിൾ. രണ്ടാം പന്തിൽ അക്ഷർ പട്ടേൽ പുറത്ത്. പകരമെത്തിയത് റിഷി ധവാൻ. മൂന്നാം പന്തിൽ ധോണിയുെട വക വീണ്ടും സിംഗിൾ. യോർക്കറായവതരിച്ച നാലാം പന്തിൽ റിഷി ധവാന് റണ്ണൊന്നുമെടുക്കാനായില്ല. അടുത്തത് വൈഡ്. അഞ്ചാം പന്തിൽ റിഷി ധവാന്റെ വക സിംഗിൾ. അതോടെ അവസാന പന്തിൽ ഇന്ത്യയ്ക്ക് ജയിക്കാൻ നാലു റൺസ്. ഏകദിനക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷറായ നായകൻ ധോണി ക്രീസിൽ നിൽക്കുമ്പോൾ വിജയം അപ്രാപ്യമായിരുന്നില്ലെങ്കിലും മഡ്സിവയുടെ പന്തിൽ ഒരു റണ്ണെടുത്ത് ധോണി തലതാഴ്ത്തിയതോടെ ഇന്ത്യയ്ക്ക് രണ്ടു റൺസ് തോൽവി.

‌നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 170 റൺസെടുത്തു. 26 പന്തിൽ 54 റൺസെടുത്ത് പുറത്താകാതെ നിന്ന എൽട്ടൺ ചിഗുംബുരയാണ് സിംബാബ്‌വെയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 26 പന്തിൽ ഒരു ബൗണ്ടറി മാത്രം നേടിയ ചിഗുംബുര, ഏഴു പന്തുകൾ നിലം തൊടാതെ അതിർത്തി കടത്തി. ഇതിൽ ഒരു പന്ത് സ്റ്റേഡിയത്തിന് പുറത്തുപോയി. ചാമു ചിബാബ (19 പന്തിൽ 20), മസാകഡ്സ (15 പന്തിൽ 25), സിക്കന്ദർ റാസ (18 പന്തിൽ 20), മൽകോം വാല്ലർ (21 പന്തിൽ 30) എന്നിവരും സിംബാബ്‌വെയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ചു. ഇന്ത്യയ്ക്കായി ബുംറ രണ്ടും ധവാൻ, അക്ഷർ പട്ടേൽ, ചാഹൽ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here