ഹരാരെ ∙ ഇന്ത്യയുടെ രണ്ടാംനിരയുടെ കരുത്തിന്റെ പരീക്ഷണ വേദിയൊരുങ്ങി. സിംബാബ്‌വെയ്ക്കെതിരെ മൂന്നു മൽസര ഏകദിന പരമ്പരയ്ക്ക് ഇന്നു തുടക്കമിടുമ്പോൾ ചില സീനിയർ താരങ്ങളോടൊപ്പം യുവതാരങ്ങളും മികവിന്റെ പുതിയ ഉയരങ്ങളാണ് ലക്ഷ്യമിടുന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30ന് മൽസരത്തിനു തുടക്കമാവും. ടെൻ ക്രിക്കറ്റിൽ തൽസമയം കാണാം.

ബംഗ്ലദേശിനെതിരെ നിരാശാജനകമായ പരമ്പരയ്ക്കു ശേഷം ഇന്ത്യയുടെ ആദ്യ പോരാട്ടമാണിന്ന്. അതുകൊണ്ടു തന്നെ ലോകകപ്പ് സെമിഫൈനലിസ്റ്റുകൾക്ക് നാണക്കേട് ഒഴിവാക്കാൻ സമ്പൂർണ വിജയം കൊണ്ടേ സാധിക്കൂ.

ഒട്ടേറെ സീനിയർ താരങ്ങൾക്കു വിശ്രമം നൽകിയപ്പോൾ അജിങ്ക്യ രഹാനെയ്ക്കാണു നായകപദവി ലഭിച്ചത്. സിലക്ടർമാർ തന്നിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനുള്ള ശ്രമം രഹാനെയുടെ ഭാഗത്തു നിന്നുണ്ടാവുമെന്നുറപ്പ്. അതു ബാറ്റിങ്ങിൽ അധിക സമ്മർദ്ദമായി മാറിയാൽ ഇന്ത്യയ്ക്കു തിരിച്ചടിയാകും. ബംഗ്ലദേശിനെതിരായ അവസാന രണ്ട് ഏകദിനങ്ങൾക്കുള്ള അവസാന ഇലവനിൽനിന്നു രഹാനെയെ ഒഴിവാക്കിയിരുന്നു. വേഗം കുറഞ്ഞ പിച്ചുകളിൽ രഹാനെയ്ക്കു സ്ട്രൈക്ക് റൊട്ടേറ്റു ചെയ്യാനാവുന്നില്ലെന്നായിരുന്നു ധോണിയുടെ ന്യായം.

നന്നായി കളിക്കുന്നുണ്ടെന്നു വിനയം വിടാതെ രഹാനെ മറുപടി നൽകുകയും ചെയ്തു. എങ്കിലും ബംഗ്ലദേശിലേതിനു സമാന പിച്ച് തന്നെയാവും ഇവിടെയും ഇന്ത്യയെ കാത്തിരിക്കുന്നത്.

രഹാനെയ്ക്കു പുറമേ ഇന്ത്യൻ മധ്യനിരയിൽ സ്ഥിരം സ്ഥാനം മോഹിച്ച് റോബിൻ ഉത്തപ്പ, മനോജ് തിവാരി, കേദാർ ജാദവ്, അമ്പാട്ടി റായുഡു, മനീഷ് പാണ്ഡെ തുടങ്ങിയവരും അവസരം മുതലെടുക്കാൻ കാത്തിരിക്കുന്നു. ഭുവനേശ്വർ കുമാർ ഇന്ത്യൻ ബോളിങ്ങിനെ നയിക്കും. മോഹിത് ശർമയാവും ഓപ്പണിങ് പങ്കാളി. മൂന്നു പേസർമാരെ ഉൾപ്പെടുത്താൻ തീരുമാനിച്ചാൽ ധവാൽ കുൽക്കർണിയെയും പരിഗണിക്കും. ടീമിലെ സീനിയർ താരമായ ഹർഭജൻ സിങ്ങിനൊപ്പം അക്‌ഷർ പട്ടേൽ സ്പിൻ നിരയിലുണ്ടാവും.

പാക്കിസ്ഥാനിലേക്കു നടത്തിയ പരമ്പരയിൽ ഏകദിന, ട്വന്റി20 പരമ്പരകൾ തോറ്റെങ്കിലും മികച്ച പോരാട്ടം നടത്തിയ ആത്മവിശ്വാസത്തോടെയാണ് സിംബാബ്‌വെ താരങ്ങൾ ഇന്ത്യയ്ക്കെതിരെ പോരിനിറങ്ങുന്നത്. ക്യാപ്റ്റൻ എൽട്ടൻ ചിഗുംബുരയുടെ നേതൃത്വത്തിലുള്ള ബാറ്റിങ് നിര നിശ്ചയദാർഢ്യത്തോടെ ബാറ്റ് ചെയ്തു. സികന്ദർ റാസ, വുസി സിബാൻഡ, ചാമു ചിഭാഭ തുടങ്ങിയവരെല്ലാം മികവു പുലർത്തി.

ടീമുകൾ: ഇന്ത്യ–അജിങ്ക്യ രഹാനെ(ക്യാപ്റ്റൻ), റോബിൻ ഉത്തപ്പ(വിക്കറ്റ് കീപ്പർ), മുരളി വിജയ്, സ്റ്റുവർട്ട് ബിന്നി, മനോജ് തിവാരി, ഹർഭജൻ സിങ്, കേദാർ ജാദവ്, ധവാൽ കുൽക്കർണി, ഭുവനേശ്വർ കുമാർ, മനീഷ് പാണ്ഡെ, അക്‌ഷർ പട്ടേൽ, അമ്പാട്ടി റായുഡു, സന്ദീപ് ശർമ, മോഹിത് ശർമ.

സിംബാബ്‌വെ: എൽട്ടൻ ചിഗുംബുര(ക്യാപ്റ്റൻ), റെജിസ് ചകബ്വ, ചാമു ചിഭാഭ, ഗ്രെയിം ക്രീമർ, നെവിൽ മാഡ്‌സിവ, ഹാമിൽട്ടൻ മസകഡ്സ, റിച്ച്മോണ്ട് മുടുംബാനി, ടിനാഷെ പന്യങ്കര, സികന്ദർ റാസ, ഡൊണാൾഡ് ടിരിപാനോ, പ്രോസ്പർ ഉത്സേയ, മാൽക്കം വാല്ലർ, സീൻ വില്ല്യംസ്.

LEAVE A REPLY

Please enter your comment!
Please enter your name here