ലണ്ടൻ ∙ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിലെ തോൽവിക്കു കാരണക്കാരനെ ഓസ്ട്രേലിയ കണ്ടെത്തി; ഷെയ്ൻ വാട്സൺ ! രണ്ടിന്നിങ്സിലും കൂടി 49 റൺസ് സമ്പാദ്യം. രണ്ടുതവണയും പുറത്തായത് എൽബിഡബ്ല്യുവിലൂടെ. ഒരു വിക്കറ്റുപോലും നേടിയതുമില്ല. ഓൾറൗണ്ടറെന്ന ലേബലിൽ ടീമിലെത്തിയശേഷം നടത്തിയ നിരാശാജനകമായ പ്രകടനത്തിനുള്ള പ്രതിഫലം ഓസീസ് സിലക്ടർമാർ കരുതിവച്ചു– ടീമിൽനിന്നു പുറത്തേക്ക്. പകരമെത്തിയത് മിച്ചൽ മാർഷ്.

പക്ഷേ, ക്രിക്കറ്റ് ഡയറക്ടറായി മുൻ നായകൻ ആൻഡ്രൂ സ്ട്രോസും പരിശീലകനായി ട്രെവർ ബേലിസും എത്തിയശേഷം ഉയർത്തെഴുന്നേറ്റ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടാൻ ഈ ഓസീസ് നിരയ്ക്കാവുമോയെന്ന സംശയം തന്നെയാണ് ഇന്നു രണ്ടാം ടെസ്റ്റ് ആരംഭിക്കുമ്പോഴും ബാക്കിയാവുന്നത്.

വാട്സന് ഇനി ടെസ്റ്റ് ടീമിൽ ബാല്യം ബാക്കിയുണ്ടോയെന്ന ചോദ്യവും പ്രസക്തമാണ്. 34 വയസ്സായി. മിച്ചൽ മാർഷിനു പ്രായം 23 മാത്രം. രണ്ടാം ടെസ്റ്റിൽ തിളങ്ങിയാൽ ടീമിൽ സ്ഥാനമുറയ്ക്കും. കഴിഞ്ഞ 16 ഇന്നിങ്സുകളിൽ രണ്ടെണ്ണത്തിൽ മാത്രം അർധ ശതകം കടക്കാൻ കഴിഞ്ഞ വാട്സന് തിരിച്ചുവരവ് അതോടെ ഏറെക്കുറെ അസാധ്യമാകും.

മുൻ ഒസ്ട്രേലിയൻ ഒപ്പണർ ജെഫ് മാർഷിന്റെ മകനായ മിച്ചൽ മാർഷ് നാലു ടെസ്റ്റ് കളിച്ചിട്ടുണ്ട്. കെന്റിനും എസക്സിനും എതിരെ ഈ പരമ്പരയുടെ തുടക്കം കുറിച്ചു നടന്ന സന്നാഹ മൽസരങ്ങളിൽ നേടിയ സെ‍ഞ്ചുറികൾ മാർഷ് മികച്ച ഫോമിലാണെന്നു വ്യക്തമാക്കുന്നു.

പരിചയ സമ്പന്നനായ വിക്കറ്റ് കീപ്പർ ബ്രാഡ് ഹാഡിൻ ടീമിൽനിന്നു പിൻമാറിയതിനു പിന്നാലെയാണു മറ്റൊരു സീനിയർ താരത്തിന്റെ സേവനംകൂടി ഓസ്ട്രേലിയയ്ക്കു നഷ്ടമാകുന്നത്. ഹാഡിൻ പക്ഷേ, ഇംഗ്ലണ്ടിൽ ടീമിനൊപ്പം തുടരും. ന്യൂസൗത്ത് വെയ്ൽസ് ടീമിൽ ഹാഡിന്റെ ഡപ്യൂട്ടി ആയ പീറ്റർ നെവിൽ ഇതോടെ ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കും. കുടുംബപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുൻപും ഹാഡിൻ ടീമിൽനിന്നു വിട്ടുനിന്നിട്ടുണ്ട്. 2012ൽ മകൾ കാൻസർ ബാധിതയാണെന്ന് അറിഞ്ഞതോടെ മാസങ്ങളോളം ഹാഡിൻ ക്രിക്കറ്റിൽനിന്നു വിട്ടുനിന്നിരുന്നു.

കാർഡിഫ് ടെസ്റ്റിൽനിന്നു പരുക്കുമൂലം വിട്ടുനിന്ന ഫാസ്റ്റ് ബോളർ മിച്ചൽ സ്റ്റാർക് തിരിച്ചെത്തുന്നത് ഓസീസ് ടീമിന് ഏറെ ആത്മവിശ്വാസം നൽകുന്നുണ്ട്. കാർഡിഫിനെക്കാൾ വേഗമേറിയ പിച്ചാണ് ലോർഡ്സിലേത്. അതുകൊണ്ടു തന്നെ വിക്കറ്റിനു പിന്നിൽ അരങ്ങേറുന്ന പീറ്റർ നെവിലിന് പിടിപ്പതു പണിയാകും. പന്തിന്റെ ഗതിമാറ്റം അപ്രതീക്ഷിത വേഗത്തിലാണു സംഭവിക്കുന്നത്.

തുടർച്ചയായി രണ്ടാം വിജയമാണ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്. പക്ഷേ, ഈ വർഷം ന്യൂസീലൻഡിനെതിരെയും വെസ്റ്റ് ഇൻഡീസിനെതിരെയും നടന്ന പരമ്പരകളിൽ ഈ നേട്ടം കൈവരിക്കാൻ ഇംഗ്ലണ്ടിനായിട്ടില്ല. പക്ഷേ, ഇതു പുതിയ ഇംഗ്ലണ്ട് ടീമാണല്ലോ. ജയം തുടരാൻ ടീമിൽ ഒരു മാറ്റത്തിനും ക്യാപ്റ്റൻ അലസ്റ്റയർ കുക്ക് തയാറായേക്കില്ല. വിജയത്തിന്റെ കരുത്തിൽ ആലസ്യത്തിലേക്കു വീഴരുതെന്നു ടീം തിരിച്ചറിയുന്നുണ്ട്. പ്രത്യേകിച്ച് തിരിച്ചടിയിൽനിന്നു കരകയറാൻ നിശ്ചയദാർഢ്യത്തോടെ ഓസ്ട്രേലിയ എത്തുമ്പോൾ…

മണിയടിക്കാൻ റിക്കി പോണ്ടിങ്

ലണ്ടൻ ∙ ഓസ്ട്രേലിയ–ഇംഗ്ലണ്ട് ആഷസ് മൂന്നാം ടെസ്റ്റിനു മുൻപ് ഇത്തവണ ലോർഡ്സിൽ മണി മുഴക്കുക റിക്കി പോണ്ടിങ് ആയിരിക്കും. മൽസരങ്ങൾക്ക് അഞ്ചു മിനിറ്റ് മുൻപ് പവിലിയനിലെ ബോളേഴ്സ് ബാറിനു പുറത്തുള്ള ബെൽ മുഴക്കുക എന്നത് ലോർഡ്സിലെ പതിവാണ്. ക്ഷണിക്കപ്പെട്ട താരങ്ങളെയോ ക്രിക്കറ്റുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരെയോ ആണ് ഇതിനു ക്ഷണിക്കുക.

ലോർഡ്സ് മണിമുഴക്കാൻ ക്ഷണിക്കപ്പെടുന്ന ഏഴാമത്തെ ഒസീസ് താരമാണ് പോണ്ടിങ്. മൻസൂർ അലിഖാൻ പട്ടൗഡി, സുനിൽ ഗാവസ്കർ, ദിലീപ് വെങ്സർക്കർ, സൗരവ് ഗാംഗുലി, കപിൽദേവ്, രാഹുൽ ദ്രാവിഡ് എന്നീ ഇന്ത്യൻ താരങ്ങളാണ് ലോർഡ്സിൽ മണി മുഴക്കിയിട്ടുള്ളത്. ക്രിക്കറ്റുമായി നേരിട്ടു ബന്ധമില്ലാത്തവർക്കും അപൂർവമായി ഈ ബഹുമതി ലഭിക്കാറുണ്ട്.

ഈ വർഷം തന്നെ ബ്രിട്ടിഷ് സൈന്യത്തിന്റെ ഭാഗമായുള്ള റോയൽ ഗൂർഖ റൈഫിൾസിലെ കേണൽ സാർജന്റ് പദം ഗുരുങിന് അവസരം ലഭിച്ചു. അന്നു തിരഞ്ഞെടുക്കപ്പെട്ട ജൊവാന ലുംലെ എന്ന ബ്രിട്ടിഷ് നടി സമയത്തിന് എത്താത്തതിനെ തുടർന്നാണ് ഗുരുങിന് അപ്രതീക്ഷിതമായി അവസരം കിട്ടിയത്. നേപ്പാൾ ഭൂകമ്പത്തിന്റെ ദുരിതാശ്വാസഫണ്ടിനു വേണ്ടി നിശ്ചയിക്കപ്പെട്ട ദിവസമായതിനാൽ നേപ്പാളി വംശജനായ ഗുരുങിനെ തിരഞ്ഞെടുക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here