ന്യൂഡൽഹി ∙ റിലീസ് ചെയ്യാനിരുന്ന സിനിമയുടെ ‘പെട്ടി’ മോഷണം പോയ അവസ്ഥയിലാണു ബിസിസിഐ. രണ്ടു മുൻനിര ടീമുകൾ കളത്തിനു പുറത്തായതോടെ അടുത്ത വർഷത്തെ ഐപിഎൽ എങ്ങനെ റിലീസ് ചെയ്യുമെന്ന ചോദ്യം ബിസിസിഐയെ വലയ്ക്കുന്നു. ‘ഇപ്പശരിയാക്കിത്തരാ’മെന്നു പുറമെ പറയുമ്പോഴും ബോർഡ് അധികൃതരുടെ മനസ്സിൽ ‘കൺഫ്യൂഷൻ’ ട്വന്റി20 കളിക്കുന്നു.

തങ്ങളുടെ ഏറ്റവും വലിയ വരുമാനമാർഗമായ ഐപിഎലിനെ സംരക്ഷിക്കാൻ ആഞ്ഞുപിടിക്കുകയാണു ബിസിസിഐ. രണ്ടു ടീമുകളെ കണ്ടെത്തുകയാണ് ആദ്യ വെല്ലുവിളി. ചെന്നൈ, രാജസ്ഥാൻ ടീമുകൾ പുറത്തായതോടെ ടീമുകളുടെ എണ്ണം ആറായി. ആറു ടീമുകൾ മാത്രമായാൽ മൽസരങ്ങളുടെ എണ്ണം അറുപതിൽനിന്ന് 34 ആയി കുറയും. പരസ്യക്കാർ, ടൂർണമെന്റ് സംപ്രേഷണം ചെയ്യുന്ന സോണി സിക്സ് ചാനൽ എന്നിവ ഇതിനെ അനുകൂലിക്കില്ല.

ടീമുകളുടെ എണ്ണം എട്ടാക്കാൻ ബിസിസിഐക്ക് മുന്നിലുള്ള സാധ്യതകൾ

സാധ്യത 1: ചെന്നൈ, രാജസ്ഥാൻ ടീമുകളെ തങ്ങളുടെ ടീമുകളായി കളത്തിലിറക്കുക. ഉടമസ്ഥാവകാശം മാറ്റിയാൽ ഇരു ടീമുകളെയും കളിക്കാൻ അനുവദിക്കുന്ന കാര്യം ബിസിസിഐക്കു തീരുമാനിക്കാമെന്ന് ആർ.എം. ലോധ സമിതി വ്യക്തമാക്കിയിട്ടുണ്ട്.

പ്രതികൂല ഘടകം: സ്വന്തം ടീമുകളെ രംഗത്തിറക്കുന്നത്, ബിസിസിഐയ്ക്കു തന്നെ ഭാവിയിൽ പാരയായേക്കും. ബിസിസിഐ ഭാരവാഹികൾക്കു താൽപര്യങ്ങളുള്ള ടീമിന് അനർഹ പരിഗണന ലഭിക്കുന്നുവെന്ന ആരോപണമുയരും. ബിസിസിഐ പ്രസിഡന്റ് എന്ന പദവിയിൽ എൻ. ശ്രീനിവാസൻ ചെന്നൈ ടീമിന് പല ആനുകൂല്യങ്ങളും നേടിക്കൊടുത്തുവെന്ന മുൻ ആരോപണങ്ങൾ ഇവിടെയും ഉയരും. സ്വന്തം ടീമുകളിലെ താരങ്ങൾക്കുള്ള പ്രതിഫലം ഉൾപ്പെടെയുള്ള സാമ്പത്തിക ബാധ്യതകൾ ബിസിസിഐക്കു തലവേദനയാവും.

സാധ്യത 2: മുൻ ടീമുകളായ കൊച്ചി ടസ്കേഴ്സ്, പുണെ വാരിയേഴ്സ് എന്നിവയെ വീണ്ടും കളത്തിലിറക്കുക. പണമിടപാട് തർക്കങ്ങൾ രമ്യമായി പരിഹരിച്ചാൽ, ഇരു ടീമുകളെയും എളുപ്പം കളത്തിലിറക്കാം.

പ്രതികൂല ഘടകം: പണമിടപാടുകൾ ഒത്തുതീർപ്പിലൂടെ പരിഹരിക്കുന്നത് അനാവശ്യ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നു ബിസിസിഐ ഭയക്കുന്നു. ഭാവിയിൽ, മറ്റു ടീമുകളുമായി സമാന പ്രശ്നമുണ്ടായാൽ അന്നും ഒത്തുതീർപ്പിനു വഴങ്ങേണ്ടിവരും.

സാധ്യത 3: കൊച്ചി, പുണെ എന്നിവയ്ക്കു പുറമെ അഞ്ചു നഗരങ്ങൾ കൂടി ബിസിസിഐയുടെ പരിഗണനയിലുണ്ട് – അഹമ്മദാബാദ്, റാഞ്ചി, റായ്പൂർ, ഇൻഡോർ, കാൻപൂർ. ക്രിക്കറ്റിന് ആഴത്തിൽ വേരോട്ടമുള്ള സ്ഥലങ്ങളാണ് ഇവ. മികച്ച ഉടമകളെ ലഭിച്ചാൽ, ഈ നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള രണ്ടു ടീമുകളെ സജ്ജമാക്കാം.

പ്രതികൂല ഘടകം: ഇത്തരത്തിൽ രണ്ടു പുതിയ ടീമുകളെ സജ്ജമാക്കിയാൽ, അടുത്ത രണ്ടു വർഷത്തേക്ക് എട്ടു ടീമുകളുമായി ടൂർണമെന്റ് നടത്താം. എന്നാൽ, 2018 സീസണിൽ സസ്പെൻഷൻ കഴിഞ്ഞ് ചെന്നൈ, രാജസ്ഥാൻ ടീമുകൾ തിരിച്ചെത്തുമ്പോൾ ടീമുകളുടെ എണ്ണം പത്താകും. പത്തു ടീമുകളെ ഉൾപ്പെടുത്തിയാൽ, മൽസരങ്ങളുടെ എണ്ണം കൂടും. ഐപിഎൽ ജൂൺ, ജൂലൈ മാസങ്ങളിലേക്കു നീളും. രാജ്യാന്തര ക്രിക്കറ്റ് മൽസര കലണ്ടർ ഇതോടെ താളംതെറ്റും. രാജ്യാന്തര ക്രിക്കറ്റ് സമിതി (ഐസിസി) ഇത് അനുവദിക്കില്ല.

പണം, പണമാണ് ഐക്കൺ താരം

ലോകത്തിലെ ഏറ്റവും സമ്പന്നമായ കായിക മാമാങ്കങ്ങളിലൊന്നാണ് ഐപിഎൽ. ടീമുകൾ, താരങ്ങൾ, പരസ്യക്കാർ, ടിവി ചാനലുകൾ എന്നിവയെല്ലാം കാശുവാരുന്ന മേള. അതുകൊണ്ടു തന്നെ ഐപിഎൽ ഇല്ലാതാവുന്നതോ, മൽസരങ്ങൾ കുറയുന്നതോ ഈ പണത്തിന്റെ ചാകര വറ്റിക്കും.

പരസ്യക്കാർ: പെപ്സിയാണ് ഐപിഎലിന്റെ മുഖ്യ സ്പോൺസർ. 400 കോടി ഡോളർ ചെലവഴിച്ചാണ് 2013 മുതൽ 2017 വരെയുള്ള സീസണുകളിലെ മുഖ്യ സ്പോൺസർഷിപ് പെപ്സി സ്വന്തമാക്കിയത്. മൽസരത്തിനിടെ കളിക്കാർക്കു നൽകുന്ന പാനീയം പെപ്സി ആണ്. രാജ്യം കണ്ണിമ ചിമ്മാതെ കാണുന്ന ഐപിഎൽ മൽസരങ്ങളിൽ സ്റ്റേഡിയങ്ങളിലും കളിക്കളത്തിലുമുൾപ്പെടെ പരസ്യങ്ങൾ നൽകി വൻ പ്രചാരണമാണു പെപ്സി നടത്തുന്നത്.

ടിവി ചാനൽ: മൽസരം ഒൗദ്യോഗികമായി സംപ്രേഷണം ചെയ്യുന്ന സോണി സിക്സ് ചാനൽ ഓരോ സെക്കൻഡിനും ലക്ഷങ്ങളാണു സ്വന്തമാക്കുന്നത്. മൽസരങ്ങൾക്കിടയിൽ പരസ്യങ്ങൾ നൽകാൻ കമ്പനികൾ ക്യൂ നിൽക്കുന്നു. കഴിഞ്ഞ ലോകകപ്പിൽ പോലും പരസ്യം നൽകാൻ വിസമ്മതിച്ച പല കമ്പനികളും ഐപിഎലിൽ തങ്ങളുടെ സാന്നിധ്യമറിയിച്ചു.

കഴിഞ്ഞ സീസണിൽ 10 സെക്കൻഡ് പരസ്യ സമയത്തിന്റെ വില അഞ്ചു ലക്ഷം രൂപയായിരുന്നു. പരസ്യങ്ങളിൽനിന്നു മാത്രം ചാനൽ 1300 കോടി രൂപ വരുമാനം നേടി. ചാനലിന്റെ ഉടമകളായ എംഎസ്എം കമ്പനി 8200 കോടി രൂപയ്ക്കാണ് 2008 മുതൽ 2017 വരെയുള്ള പത്തു സീസണുകളിലേക്കുള്ള സംപ്രേഷണാവകാശം സ്വന്തമാക്കിയത്.

ടീമുകൾ, താരങ്ങൾ: രണ്ടു ടീമുകൾ ഇല്ലാതാവുമ്പോൾ താരങ്ങളുടെ വരുമാനം നഷ്ടമാവില്ലേ എന്ന് ജസ്റ്റിസ് ലോധയോടു കഴിഞ്ഞ ദിവസം ചോദ്യമുയർന്നു. ‘അത് ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല. ക്രിക്കറ്റാണു വലുത്. കളിയുമായി താരതമ്യം ചെയ്യുമ്പോൾ താരങ്ങളുടെ പ്രതിഫലം അപ്രസക്തമാണ്’ – എന്നായിരുന്നു മറുപടി. സ്റ്റേഡിയത്തിലെത്തുന്ന കാണികൾ വാങ്ങുന്ന ടിക്കറ്റ്, സ്പോൺസർഷിപ് എന്നിവയാണു ടീമുകളുടെ മുഖ്യവരുമാന മാർഗം.

ചെന്നൈ, രാജസ്ഥാൻ ടീമുകളിലായി ആകെയുള്ളത് 45 കളിക്കാരാണ്– ചെന്നൈയിൽ 23, രാജസ്ഥാനിൽ 22. ചെന്നൈ ടീമിലെ താരങ്ങളുടെ ആകെ മൂല്യം 150 കോടി ഡോളർ ആണ്. കഴിഞ്ഞ സീസണിലെ ലേലത്തിൽ എട്ടു താരങ്ങൾക്കു വേണ്ടി ചെന്നൈ 42 കോടി ഡോളർ ചെലവഴിച്ചു. രാജസ്ഥാൻ ടീമിലെ താരങ്ങളുടെ ആകെ മൂല്യം എൺപതു കോടി ഡോളർ. കഴിഞ്ഞ സീസണിൽ എട്ടു താരങ്ങൾക്കു വേണ്ടി ടീം െചലവഴിച്ചത് 21 കോടി ഡോളർ.

ചെന്നൈ ടീമിന്റെ ഒൗദ്യോഗിക സ്പോൺസർഷിപ് സ്വന്തമാക്കാൻ കഴിഞ്ഞ സീസണിൽ എയർസെൽ കമ്പനി ചെലവഴിച്ചത് 22 കോടി രൂപ. രാജസ്ഥാൻ റോയൽസ് സ്പോൺസർഷിപ്പിനായി അൾട്രാടെക്ക് കമ്പനി ചെലവഴിച്ചത് ഒൻപതു കോടി.

LEAVE A REPLY

Please enter your comment!
Please enter your name here