sreeകോട്ടയം: ‘‘ഇത്തരമൊരു പ്രതിസന്ധിഘട്ടം ഉണ്ടാകുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിരുന്നോ ?’’, ക്രിക്കറ്റ് താരം ശ്രീശാന്തിനോടു ബിരുദ വിദ്യാർഥിനി റിയയുടെ ചോദ്യം. ‘ഒരിക്കലും പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്. ചെറുപ്പത്തിൽ രോഗം ബാധിച്ചപ്പോൾ മാതാപിതാക്കൾ ഏറ്റുമാനൂർക്ഷേത്ര നടയിൽ അടിമ ഇരുത്തിയിരുന്നു. ഏറ്റുമാനൂരപ്പന്റെ ഭക്തനായ താൻ എത്ര വലിയ പ്രതിസന്ധിയും അതിജീവിക്കും’ എന്ന് ശ്രീശാന്തിന്റെ ഉത്തരം. ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള വിപാസന ഇമോഷനൽ സപ്പോർട്ട് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന ആത്മഹത്യാപ്രതിരോധ ദിനാചരണത്തിൽ പങ്കെടുക്കാൻ കോളജിൽ എത്തിയതായിരുന്നു ശ്രീശാന്ത്.

ക്യാംപസിൽ കാറിറങ്ങിയപ്പോൾ ശ്രീശാന്തിനെ സ്വീകരിച്ചത് വിദ്യാർഥികളുടെ നൃത്തച്ചുവടുകളായിരുന്നു. അവർക്കൊപ്പം കൂടിയ ശ്രീശാന്ത് നൃത്തം തുടങ്ങിയപ്പോഴേക്കും പരിപാടി തുടങ്ങാൻ സമയമായെന്നു പ്രിൻസിപ്പൽ അറിയിച്ചു. ശ്രീശാന്ത് പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ആരവം മുഴക്കിയ വിദ്യാർഥിയെ വേദിയിലേക്ക് വിളിച്ച് നല്ലൊരു സെൽഫിയെടുത്ത് ശാന്തനാക്കി വിടാനും ശ്രീശാന്ത് മടിച്ചില്ല. ഡാൻസ് കളിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ സ്നേഹപൂർവം ഒഴിവായി. തന്റെ പുറത്തിറങ്ങാനുള്ള സിനിമയിലെ ഡാൻസ് കാണണമെന്നും ഓർമിപ്പിച്ചാണ് മടങ്ങിയത്. പോകാനൊരുങ്ങുമ്പോൾ ചിലർ കയ്യിൽ രാഖി കെട്ടിക്കൊടുക്കാനെത്തിപ്പോൾ അതിലും പങ്കു ചേർന്നു. 2019-ലെ ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യൻ ടീമിൽ താൻ ഉണ്ടാകുമെന്നും ഇനിയും എട്ട് വർഷം കൂടി ക്രിക്കറ്റ് മൽസര രംഗത്ത് ഉണ്ടാകുമെന്നും പറഞ്ഞു. പുതുപുത്തൻ ജാഗ്വാർ കാറിലേക്ക് കയറുമ്പോൾ വിദ്യാർഥികളുടെ ആവേശം കാറിനെ വലയം ചെയ്തു നിന്നു.

LEAVE A REPLY

Please enter your comment!
Please enter your name here