ലിസ്‌ബൺ: യൂറോപ്പിലെ വമ്പൻ പോര്‌ ഇന്ന്‌. ലയണൽ മെസിയുടെ ബാഴ്‌സലോണയും റോബർട്ട്‌ ലെവൻഡോവ്‌സ്‌കിയുടെ ബയേൺ മ്യൂണിക്കും നേർക്കുനേർ. ചാമ്പ്യൻസ്‌ ലീഗ്‌ കിരീടത്തിലേക്ക്‌ കണ്ണുംനട്ടിരിക്കുന്ന രണ്ട്‌ ടീമുകൾ. കളത്തിൽ സ്വതസിദ്ധമായ ശൈലിയിൽ ജയം കൊയ്‌തവർ, പ്രതിഭാശാലികളുടെ നിര. വിശേഷണങ്ങൾ മതിയാകില്ല ബാഴ്‌സയ്‌ക്കും ബയേണിനും. ലിസ്‌ബണിലെ എസ്റ്റാഡിയോ ഡോ സ്‌പോർട്‌ സ്‌റ്റേഡിയത്തിലാണ് ത്രസിപ്പിക്കും പോര്‌.

2015നുശേഷം യൂറോപ്പിലെ കിരീടം ബാഴ്‌സയ്‌ക്ക്‌ അന്യമാണ്‌. മെസിയെന്ന ലോകോത്തര താരവും കൂട്ടിന്‌ മികച്ച പടയാളികളുണ്ടായിട്ടും ബാഴ്‌സയ്‌ക്ക്‌ മുന്നേറാനായില്ല. കഴിഞ്ഞ സീസണുകളിൽ റോമയോടും ലിവർപൂളിനോടും രണ്ടാംപാദ മത്സരങ്ങളിൽ അവിശ്വസനീയമായി കീഴടങ്ങി. ഈ സീസണിലാകട്ടെ നിരാശയാണ്‌. സ്‌പാനിഷ്‌ ലീഗ്‌ കിരീടം റയൽ മാഡ്രിഡിനുമുന്നിൽ അടിയറവ്‌ വയ്‌ക്കേണ്ടിവന്നു. പരിശീലകനെ മാറ്റി. താരങ്ങളും മാനേജ്‌മെന്റും തമ്മിൽ അസ്വാരസ്യങ്ങൾ വർധിച്ചു. ഇതിനെല്ലാം നടുവിലാണ്‌ ബാഴ്‌സ. എല്ലാം പഴയപടിയാകാൻ, ആത്മവിശ്വാസം വീണ്ടെടുക്കാൻ ഈ കിരീടം ബാഴ്‌സയ്‌ക്ക്‌ വേണം. മെസി തന്നെയാണ്‌ കുന്തമുന. കഴിഞ്ഞകളിയിൽ സസ്‌പെൻഷനിലായിരുന്ന സെർജിയോ ബുസ്‌ക്വറ്റ്‌സും അർട്യൂറോ വിദാലും തിരിച്ചെത്തും. ഏറെനാളായി പരിക്കുകാരണം പുറത്തിരിക്കുന്ന ഉസ്‌മാൻ ഡെംബെലെ മടങ്ങിയെത്താനും സാധ്യതയുണ്ട്‌.

സീസണിലെ ഏറ്റവും മികച്ച സംഘമാണ്‌ ബയേൺ. ലീഗിൽ കളിച്ച എട്ടിലും ജയിച്ചു. ജർമൻ ലീഗും സ്വന്തമാക്കി. അവസാന 13 കളികളിലും തോൽവി അറിഞ്ഞിട്ടില്ല. പ്രീ ക്വാർട്ടറിൽ ചെൽസിയെ 7–-1നാണ്‌ ഹാൻസി ഫ്ലിക്കിന്റെ സംഘം തുരത്തിയത്‌. ലെവൻഡോവ്‌സ്‌കിയാണ്‌ കരുത്തൻ. സീസണിൽ 44 കളികളിൽ 53 ഗോളാണ്‌ ഈ മുന്നേറ്റക്കാരൻ ബയേണിനായി കുറിച്ചത്‌. ലീഗിൽ 13ഉം. ബാഴ്‌സയുമായി നേരിട്ട്‌ ഏറ്റുമുട്ടിയതിലുള്ള മുൻതൂക്കവും ഗുണകരമാകും.

LEAVE A REPLY

Please enter your comment!
Please enter your name here