ദുബായ് : 201 റൺസെന്ന കൂറ്റൻ ലക്ഷ്യം നൽകിയശേഷം സ്കോർബോർഡ് തുറക്കാൻ അനുവദിക്കുംമുന്നേ മൂന്ന് മുൻനിരക്കാരെ കൂടാരംകയറ്റിയ മുംബയ് ഇന്ത്യൻസിന്റെ ബൗളിംഗ് മൂർച്ചയ്ക്ക് മുന്നിൽ ഡൽഹി ക്യാപ്പിറ്റൽസ് പിടഞ്ഞുവീണു.ഇന്നലെ പ്ളേഓഫിലെ ആദ്യ ക്വാളിഫയറിൽ 57 റൺസിന് ഡൽഹിയെ തകർത്ത് മുംബയ് ഈ സീസൺ ഫൈനലിലെത്തുന്ന ആദ്യ ടീമായി.ഇന്നലെ തോറ്റെങ്കിലും ഡൽഹിയുടെ ഫൈനൽ സാദ്ധ്യത അടഞ്ഞിട്ടില്ല. ഞായറാഴ്ചത്തെ രണ്ടാം ക്വാളിഫയറിൽ ജയിച്ചാൽ ഡൽഹിക്ക് ഫൈനലിലെത്താം.ദുബായ്‌യിൽ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ മുംബയ് 200/5 എന്ന സ്കോർ ഉയർത്തിയപ്പോൾ ഡൽഹിക്ക് എന്ന സ്കോറിലേ എത്താനായുള്ളൂ.

നാലു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ബൗൾട്ടും ചേർന്നാണ് ഡൽഹിയെ പിച്ചിച്ചീന്തിയത്.ആദ്യ ഓവറിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയ കിവീസ് പേസർ ട്രെന്റ് ബൗൾട്ടാണ് ഡൽഹിക്ക് ആഘാതമേൽപ്പിച്ചുതുടങ്ങിയത്.പൃഥ്വി ഷാ(0),അജിങ്ക്യ രഹാനെ(0 എന്നിവരെ ബൗൾട്ട് പുറത്താക്കിയപ്പോൾ അടുത്ത ഓവറിൽ ബുംറ ശിഖർ ധവാന്റെ (0) കുറ്റിതെറുപ്പിച്ചു.നാലാം ഓവറിൽ നായകൻ ശ്രേയസ് അയ്യരെയും (12) ബുംറ തിരിച്ചയച്ചപ്പോൾ ഡൽഹി 20/4 എന്ന നിലയിലായിരുന്നു. റിഷഭ് പന്ത് (3) ക്രുനാൽ പാണ്ഡ്യയ്ക്ക് ഇരയായപ്പോൾ സ്റ്റോയ്നിസും (65) അക്ഷർ പട്ടേലും (42) പൊരുതിനിന്നതിനാലാണ് 100 കടന്നത്.രോഹിതും പൊള്ളാഡും ഡക്കായെങ്കിലും ക്വിന്റൺ ഡികോക്ക് (40),സൂര്യകുമാർ യാദവ്(51),ഇശാൻ കിഷൻ (55നോട്ടൗട്ട്),ഹാർദിക്ക് പാണ്ഡ്യ (37 നോട്ടൗട്ട്) എന്നിവരുടെ തകർപ്പൻ ബാറ്റിംഗാണ് മുംബയ്‌യെ 200/5 എന്ന സ്കോറിലെത്തിച്ചത്. ഡൽത്തിക്കായി സ്പിന്നർ അശ്വിൻ മൂന്ന് വിക്കറ്റ് വീഴ്ത്തി.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബയ്‌യുടെ നായകൻ രോഹിത് ശർമ്മ രണ്ടാം ഓവറിൽ നേരിട്ട ആദ്യ പന്തിൽത്തന്നെ അശ്വിന്റെ ബൗളിംഗിൽ എൽ.ബിയിൽ കുരുങ്ങി​ ഡക്കായി .16 റൺസായിരുന്നു അപ്പോൾ ടീം സ്കോർ. തുടർന്ന് ക്രീസിലൊരുമിച്ച ഡി കോക്കും സൂര്യകുമാർ യാദവും കൂട്ടിച്ചേർത്ത 62 റൺസ് മുംബയ്‌യെ മുഖമുയർത്താൻ പ്രാപ്തരാക്കി.

എന്നാൽ എട്ടാം ഓാവറിൽ ഡികോക്കിനെ മടക്കി അയച്ച് അശ്വിൻ തന്നെ ഈ സഖ്യം പൊളിച്ചു.25 പന്തുകളിൽ അഞ്ചുഫോറും ഒരു സിക്സുമടിച്ച ഡികോക്ക് ധവാനാണ് ക്യാച്ച് നൽകിയത്. ടീം സ്കോർ 100ലെത്തിയപ്പോൾ സൂര്യകുമാറിനെ നോർക്കിയ സാംസിന്റെ കയ്യിലെത്തിച്ചു. 38 പന്തുകൾ നേരിട്ട യാദവ് ആറു ഫോറും രണ്ട് സിക്സുമടിച്ചു.തുടർന്ന് പൊള്ളാഡിനെയും (0) അശ്വിൻ മടക്കി അയച്ചു.തുടർന്ന് ഇശാൻ കിഷൻ,ക്രുനാൽ പാണ്ഡ്യ(13), ഹാർദിക്ക് എന്നിവർ ചേർന്ന് മികച്ച സ്കോറിലേക്ക് നയിച്ചു. 30 പന്തുകളിൽ നാലുഫോറും മൂന്ന് സിക്സും ഇശാൻ പായിച്ചപ്പോൾ ഹാർദിക്ക് 14 പന്തുകളിൽ അഞ്ച് സിക്സുകളാണ് പറത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here