ബൊറൂഷ്യ മോൺഷെംഗ്ളാബാഷിനെ 2-0ത്തിന് തോൽപ്പിച്ച് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ
ഇന്റർ മിലാനും ഷാക്തർ ഡോണെസ്കും പുറത്ത്

മാഡ്രിഡ് : പുറത്താകലിന്റെ വക്കിൽനിന്ന് സ്പാനിഷ് ക്ളബ് റയൽ മാഡ്രിഡിനെ പ്രീ ക്വാർട്ടറിലേക്ക് കടത്തിവിട്ട് ഫ്രഞ്ച് സ്ട്രൈക്കർ കരിം ബെൻസേമ. ജർമ്മൻ ക്ളബ് ബൊറൂഷ്യ മോൺഷെംഗ്ളാബാഷിനെതിരായ അവസാന ഗ്രൂപ്പ് മത്സരിൽ ബെൻസേമ ഹെഡറിലൂടെ നേടിയ രണ്ട് ഗോളുകളാണ് റയലിനെ രക്ഷിച്ചത്. 9, 31 മിനിട്ടുകളിലാണ് ബെൻസേമ ലക്ഷ്യം കണ്ടത്. വിജയത്തോടെ ആറു കളികളിൽനിന്ന് 10 പോയിന്റുമായി ഗ്രൂപ്പ് ചാംപ്യൻമാരായാണ് റയലിന്റെ നോക്കൗട്ട് പ്രവേശം.റയലിനോട് തോറ്റെങ്കിലും എട്ട് പോയിന്റുമായി മോൺഷെംഗ്ളാബാഷും രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിൽ കടന്നു. ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തിൽ ഗോൾരഹിത സമനിലയിൽ പിരിഞ്ഞ ഇന്റർ മിലാനും ഷാക്തർ ഡോണെസ്കും പുറത്തായി.

ജയിച്ചാൽ ഇരു ടീമുകൾക്കും നോക്കൗട്ടിൽ കടക്കാമായിരുന്നു. എട്ടു പോയിന്റുണ്ടായിരുന്നെങ്കിലും ഗോൾശരാശരിയിൽ പിന്നിലായതാണ് ഷാക്തറിന് വിനയായത്.ഗ്രൂപ്പ് എയിൽ നിലവിലെ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്ക് 16 പോയിന്റുമായി നോക്കൗട്ട് പ്രവേശം ആഘോഷമാക്കി. റഷ്യൻ ക്ലബ് ലോക്കോമോട്ടീവ് മോസ്കോയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബയൺ തോൽപ്പിച്ചത്. നിക്കോളാസ് സുലെ (63), ചോപ്പോ മോട്ടിങ് (80) എന്നിവരാണ് ബയണിനായി ലക്ഷ്യം കണ്ടത്. ലീഗിൽ ബയേൺ തോൽവിയറിയാതെ പൂർത്തിയാക്കുന്ന 17–ാം മത്സരമാണിത്.ഇതേ ഗ്രൂപ്പിൽ ഓസ്ട്രിയൻ ക്ലബ് ആർബി സാൽസ്ബർഗിനെ തോൽപ്പിച്ച് സ്പാനിഷ് ക്ലബ് അത്‍ലറ്റിക്കോ മാഡ്രിഡ് രണ്ടാം സ്ഥാനക്കാരായും നോക്കൗട്ടിൽ കടന്നു. മാരിയോ ഹെർമോസ്സോ (39), യാനിക് കാരസ്കോ (86) എന്നിവരാണ് അത്‍ലറ്റിക്കോയ്ക്കായി ഗോൾ നേടിയത്.ഗ്രൂപ്പ് സിയിൽ അഞ്ചാം ജയത്തോടെ മാഞ്ചസ്റ്റർ സിറ്റിയും ഒന്നാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തി.

ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് ഫ്രഞ്ച് ക്ലബ് മാഴ്സെയെയാണ് സിറ്റി തോൽപ്പിച്ചത്. ഫെറാൻ ടോറസ് (48), സെർജിയോ അഗ്യൂറോ (77) എന്നിവർ സിറ്റിക്കായി ലക്ഷ്യം കണ്ടു. മൂന്നാം ഗോൾ മാഴ്സെ താരം ഗോൺസാലസിന്റെ (90) സെൽഫ് ഗോളാണ്. ഗ്രീക്ക് ക്ലബ് ഒളിംപിയാക്കോസിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് പോർച്ചുഗീസ് ക്ലബ് എഫ്‍സി പോർട്ടോ ഗ്രൂപ്പ് സിയിൽനിന്ന് രണ്ടാം സ്ഥാനത്തോടെ നോക്കൗട്ടിലെത്തി.ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തിൽ ഡെൻമാർക്കിൽനിന്നുള്ള മൈറ്റിലാൻഡിനോട് സമനില വഴങ്ങിയെങ്കിലും ലിവർപൂൾ ഒന്നാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തി. ഓരോ ഗോളടിച്ചാണ് ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞത്. മത്സരത്തിന്റെ ആദ്യ മിനിട്ടിൽത്തന്നെ മുഹമ്മദ് സലായിലൂടെ ലിവർപൂളാണ് ലീഡ് നേടിയത്. 60–ാം മിനിറ്റിൽ അലക്സാണ്ടർ സ്കോൾസിന്റെ പെനാൽട്ടി ഗോളിലൂടെയാണ്മൈറ്റിലാൻഡ് സമനില പിടിച്ചത്.ഗ്രൂപ്പ് ഡിയിലെ നിർണായക മത്സരത്തിൽ ഡച്ച് ക്ലബ് അയാക്സിനെ തകർത്ത് ഇറ്റാലിയൻ ക്ലബ് അറ്റലാന്റയും നോക്കൗട്ടിലെത്തി. ഏകപക്ഷീയമായ ഒരു ഗോളിനാണ് അറ്റലാന്റയുടെ വിജയം. മത്സരത്തിന്റെ 85–ാം മിനിറ്റിൽ പകരക്കാരൻ താരം ലൂയിസ് മുരിയലാണ് അറ്റലാന്റയുടെ വിജയഗോൾ നേടിയത്.


നോക്കൗട്ടിലെത്തിയവർ
ബയൺ മ്യൂണിക്ക്, അത്‌ലറ്റിക്കോ മാഡ്രിഡ്, റയൽ മാഡ്രിഡ്, ബൊറൂസിയ മോൺഷെൻഗ്ലാബാഷ്, മാഞ്ചസ്റ്റർ സിറ്റി, എഫ്‍സി പോർട്ടോ, ലിവർപൂൾ, അറ്റലാന്റ, ചെൽസി, സെവിയ്യ, ബൊറൂഷ്യ ഡോർട്ട്മുണ്ട്, ലാസിയോ, യുവെന്റസ്, ബാഴ്സിലോണ, പി.എസ്‍.ജി, ആർ.ബി ലെയ്പ്സിഗ്

LEAVE A REPLY

Please enter your comment!
Please enter your name here