സുഷുമ്‌ന നാഡി അഥവാ സ്പൈനൽ കോഡിന് സംഭവിക്കുന്ന രോഗാവസ്ഥയാണ് സ്പൈനൽ കോഡ് കംപ്രഷൻ അഥവ മൈലോപ്പതി. ശരീരത്തിലെ ഏറ്റവും പ്രാധാന്യമേറിയ നാഡിയാണ് സുഷുമ്‌ന നാഡി. കേന്ദ്ര നാഡീ വ്യവസ്ഥയുടെ ഭാഗമായ നാഡിയാണ് സുഷുമ്‌ന നാഡി. തലച്ചോറിൽ നിന്ന് ആരംഭിച്ച് നട്ടെല്ലിനിടയിലൂടെ കടന്നു പോകുന്ന ഈ നാഡിക്ക് ഏകദേശം 45 സെൻറി മീറ്റർ നീളമുണ്ടാകും.

തലച്ചോറിൽ നിന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും തിരിച്ചും നാഡീയ സന്ദേശങ്ങൾ എത്തിക്കാൻ സഹായിക്കുന്നത് സുഷുമ്ന നാഡിയാണ്. ഇതിനുണ്ടാകുന്ന ക്ഷതം ശരീര ഭാഗങ്ങളുടെ തളർച്ചയ്ക്ക് കാരണമാകാറുണ്ട്. ഈ നാഡിക്ക് സംഭവിക്കുന്ന വേദനയാണ് മൈലോപ്പതിയായി മാറുന്നത്. നാഡിയിലെ മറ്റ് ഘടകങ്ങളെ ബാധിക്കുന്നതിനെ മൈലിറ്റിസ് എന്നും കോശങ്ങളെ ബാധിക്കുന്നതിനെ വാസ്‌കുലാർ മൈലോപ്പതി എന്നും പറയുന്നു.
അപകടങ്ങൾ മൂലമോ വീഴ്ചകൾ മൂലമോ നട്ടെല്ലിന് ഉണ്ടാകുന്ന ക്ഷതങ്ങൾ സുഷുമ്‌ന നാഡിയുടെ സ്വാഭാവികത തകർക്കുകയും, നാഡിക്ക് ഞെരുക്കം സൃഷ്ടിക്കുകയും ചെയ്യും. ഇത് പിന്നീട് മൈലോപ്പതിയായി രൂപാന്തരപ്പെടുകയാണ് ചെയ്യുന്നത്. ചെറുപ്പത്തിൽ സംഭവിക്കുന്ന, നിസ്സാരം എന്ന് പറഞ്ഞ് തള്ളിക്കളയുന്ന വീഴ്ചകൾ, അണുബാധ എന്നിവയും ഈ രോഗാവസ്ഥയ്ക്ക് കാരണമാകും. നാഡിയിൽ മുഴകൾ വളരുന്നതും ഇതിന് കാരണമാകുന്നുണ്ട്.
മൈലോപ്പതി ബാധിച്ചാൽ രോഗിക്ക് സന്തുലനാവസ്ഥ നഷ്ടപ്പെടുന്നു. പേശിയുടെ ബലക്ഷയമാണ് ഇതിന് കാരണമാകുന്നത്. നടക്കുമ്പോൾ അമിതമായ കാലുവേദന, ബലക്ഷയം, തളർച്ച എന്നിവയെല്ലാം പേശിയുടെ ബലം കുറയുന്നതു കൊണ്ടാണ് സംഭവിക്കുന്നത്. വേദന കൂടുന്നതനുസരിച്ച് ദൈനംദിന ജോലികൾ ചെയ്യാൻ ബുദ്ധിമുട്ടായി വരും. സുഷുമ്‌ന നാഡിക്ക്‌ അമിതമായി മർദം ഏൽക്കേണ്ടി വരുന്നതും ഇതിന് കാരണമാകുന്നുണ്ട്.
ശരിയായ രീതിയിലല്ലാതെ അമിതമായി ഭാരം ചുമക്കുന്നവരിലും, അധിക സമയം തെറ്റായ ശരീര ഘടനയിൽ ഇരുന്ന് ജോലി ചെയ്യുന്നതും നാഡിയുടെ തേയ്മാനത്തിന് കാരണമാകുന്നു.
കഴുത്തിലെ സുഷുമ്‌നാ നാഡിയുടെ ഭാഗത്തിന് സംഭവിക്കുന്ന ക്ഷതങ്ങൾ പലപ്പോഴും മൈലോപ്പതിയിലേക്ക് നയിക്കാറുണ്ട്. ഈ വേദന ഇരു കൈകളിലേക്ക് പടരുകയും മരവിപ്പും തരിപ്പും ഉണ്ടാകുകയും ചെയ്യുന്നു. കഴുത്തിലെ വേദന കൂടുന്നതനുസരിച്ച് കൈകൾക്ക് ബലമില്ലാതാകുന്നു. നട്ടെല്ലിന്റെ ഭാഗത്തുള്ള സുഷുമ്‌നാ നാഡിക്ക് ക്ഷതങ്ങൾ സംഭവിക്കുന്നത് കാലുകൾക്ക് ബലക്കുറവും കഠിനമായ നടുവേദനയും ഉണ്ടാക്കും. വേദനയ്ക്കു പുറമേ ഈ രോഗാവസ്ഥ വ്യക്തിയുടെ ദഹന പ്രക്രിയ താറുമാറാക്കുന്നു. പലരിലും കഴുത്ത് വേദന ഒരു പ്രാരംഭ ലക്ഷണമായാണ് കണ്ടുവരുന്നത്. കഴുത്തിൽ ആരംഭിക്കുന്ന വേദന ഇരു തോളുകളേയും കാര്യമായി ബാധിക്കുന്നു.
പലപ്പോഴും വേദന രോഗികളുടെ ഉറക്കം നഷ്ടപ്പെടുത്തുകയും ശരീരക്ഷീണം ഉണ്ടാക്കുകയും ചെയ്യും. ഉറങ്ങുമ്പോൾ ഒരു വശം ചരിഞ്ഞ് കിടക്കുമ്പോഴും ചലിക്കുമ്പോഴും വേദനയുണ്ടാകുന്നതിനാലാണിത്. വേദന സംഹാരികൾ ഉപയോഗിക്കാതെ വിദഗ്ധമായ ചികിത്സയാണിവിടെ ആവശ്യം. എം.ആർ.ഐ , സി.ടി സ്‌കാനുകൾ വഴി രോഗാവസ്ഥയെ കുറിച്ചുള്ള വ്യക്തമായ ധാരണ ലഭിക്കും. ഡോക്ടറുടെ അഭിപ്രായം തേടിയതിനു ശേഷം മാത്രമേ മരുന്നുകൾ ഉപയോഗിക്കാവൂ.

LEAVE A REPLY

Please enter your comment!
Please enter your name here