ഹൈദരാബാദ്: ഓരോരുത്തരുടെയും മരണത്തിനുള്ള കാരണങ്ങൾ വ്യത്യസ്തമാണ്. ചിലർ സ്വാഭാവിക മരണത്തിന് കീഴടങ്ങുമ്പോൾ മറ്ര് ചിലരുടെ മുന്നിൽ അപകടത്തിന്റെയും രോഗത്തിന്റെയും രൂപത്തിലാണ് മരണം എത്തുന്നത്. എന്നാൽ സിനിമ കാണുന്നത് മരണത്തിന് കാരണമായെന്ന വാർത്ത അധികം കേട്ടിട്ടില്ല. ആന്ധ്രാപ്രദേശിലാണ് സംഭവം. അടുത്തിടെ പുറത്തിറങ്ങിയ കോൻജുറിങ്ങ്-2 ആണ് സംഭവത്തിലെ വില്ലൻ.

ആന്ധ്രാപ്രദേശിലെ തിരുമണ്ണാമലൈയിലുള്ള 60വയസുകാരനാണ് തിയറ്ററിനുള്ളിൽ കോൻജുറിങ്ങ്-2 സിനിമ കണ്ടു കൊണ്ടിരിക്കെ പേടിച്ച് മരിച്ചത്. പ്രദേശത്തെ ഒരു ആശ്രമത്തിലെ അന്തേവാസിയായ ഇയാൾ സിനിമ കണ്ട് കൊണ്ടിരിക്കുമ്പോൾ നെഞ്ചുവേദന അനുഭവപ്പെടുന്നതായി പരാതിപ്പെട്ടു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് ഇയാളുടെ മരണകാരണമെന്ന് ഡോക്‌ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാൽ സംഭവത്തിൽ എന്തെങ്കിലും തരത്തിലുള്ള പരാതി നൽകാൻ ഇദ്ദേഹത്തിന്റെ കുടുംബം തയ്യാറായില്ലെന്നും അന്ത്യകർമ്മങ്ങൾക്കായി മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ട് പോയെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു. ഇദ്ദേഹത്തിന്റെ പേര് വിവരങ്ങളും പൊലീസ് പുറത്ത് വിട്ടിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here