പ്രവാസികളുടെ നിക്ഷേപത്തിന് സംസ്ഥാന സര്‍ക്കാര്‍ ഗ്യാരന്റി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എമിറേറ്റ്‌സ് ടവറില്‍ ദുബായ് സ്മാര്‍ട്ട് സിറ്റി നടത്തിയ ബിസിനസുകാരുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ വികസനത്തിന് വലിയതോതില്‍ സംഭാവന നല്‍കിയത് പ്രവാസികളാണ്. ഏത് മേഖലയിലും അവര്‍ക്ക് നിക്ഷേപിക്കാനുള്ള സാഹചര്യമുണ്ട്. പ്രവാസികളുടെ നിക്ഷേപങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനു പ്രവാസി നിക്ഷേപസഹായ സെല്ലും പ്രമുഖ വ്യവസായികളെ ഉള്‍പ്പെടുത്തി പ്രവാസി നിക്ഷേപ കൗണ്‍സിലും രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പുതിയ വ്യവസായനയം ഉടന്‍ പ്രഖ്യാപിക്കും.

എകജാലക സംവിധാനം നടപ്പിലാക്കുമെന്നും ഇതിലൂടെ വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാനാവുമെന്നും പിണറായി പറഞ്ഞു. വ്യവസായങ്ങള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഓണ്‍ലൈന്‍ വഴിയാവും നടത്തുകയെന്നും പിണറായി അറിയിച്ചു.
ദുബായ് അല്‍ഖൂസിലുള്ള ഡെല്‍സ്‌കോ ലേബര്‍ ക്യാമ്പും ഇന്നലെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. പ്രവാസികളോട് കരുതലുള്ള സര്‍ക്കാറായിരിക്കുമിതെന്നു പിണറായി തൊഴിലാളികള്‍ക്ക് ഉറപ്പുനല്‍കി.

യു.എ.ഇ സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അടുത്ത സെപ്റ്റംബറില്‍ കേരളം സന്ദര്‍ശിക്കും. മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ചാണ് ഷാര്‍ജ ഭരണാധികാരിയുടെ സന്ദര്‍ശനം.

LEAVE A REPLY

Please enter your comment!
Please enter your name here