യു.എസില്‍ വംശീയാധിക്രമം തുടരുന്നു. ടാക്‌സി ഡ്രൈവറായ സിഖുകാരനെതിരെ മദ്യപിച്ചെത്തിയ നാലു പേര്‍ ചേര്‍ന്ന് മര്‍ദിക്കുകയും തലപ്പാവ് വലിച്ചൂരി കൊണ്ടുപോവുകയും ചെയ്തു. ന്യൂയോര്‍ക്ക് ഡൈലിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

വൈശാഖിയുടെ ഭാഗമായി സിഖ് സംഘടന ടൈംസ് ചത്വരത്തില്‍ സംഘടിപ്പിച്ച ‘തലപ്പാവ് ദിന’ാഘോഷം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിടവേയാണ് ആക്രമണമുണ്ടായത്.

പഞ്ചാബില്‍ നിന്ന് മൂന്നുവര്‍ഷം മുമ്പ് യു.എസിലേക്കു കുടിയേറിയ ഹര്‍കിരാത് സിങിനാണ് ക്രൂരമായ മര്‍ദനമേറ്റത്. ഒരു സ്ത്രീയടക്കം നാലു പേരെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ നിന്ന് ബ്രോണ്‍ക്‌സിലേക്ക് എത്തിച്ചിരുന്നു. പക്ഷെ, സ്ഥലത്തെത്തിയപ്പോള്‍ ഇറക്കിയ സ്ഥലം മാറിയെന്നാരോപിച്ച് ഡ്രൈവര്‍ക്കെതിരെ ഇവര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

മദ്യപിച്ചിരുന്ന സംഘത്തില്‍പ്പെട്ട ഒരാള്‍ ഇടത്തേക്കു പോകൂയെന്നും, അതില്‍പ്പെട്ട സ്ത്രീ വലത്തേക്കു പോകൂയെന്നും നിര്‍ദേശിച്ചു. ഇതോടെ താന്‍ ആശങ്കയിലായെന്നും നിര്‍ത്തിയതോടെ തന്നെ പ്ലാസ്റ്റിക് വടി കൊണ്ട് അടിക്കാന്‍ തുടങ്ങിയെന്നും ഹര്‍കിരാത് പറഞ്ഞു. ആലിബാബയെന്നു വിളിച്ച് പരിഹസിച്ചെന്നും ഇയാള്‍ പരാതിപ്പെട്ടു. പൊലിസിനെ വിളിക്കാന്‍ തുടങ്ങിയപ്പോഴേക്കും തന്റെ തലപ്പാവുമെടുത്ത് അവര്‍ കടന്നുകളഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

സംഭവം ശ്രദ്ധയില്‍പ്പെട്ട ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ഹര്‍കിരാത് സിങിനെ ആശ്വസിപ്പിച്ചു. താങ്കള്‍ക്ക് ഇവിടേക്ക് സ്വാഗതമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here