സി.ബി.എസ്.ഇ മൂല്യനിർണയത്തിൽ ഗുരുതര ക്രമക്കേട്; ഉത്തരക്കടലാസുകൾ മൊബൈൽ ഫോണിൽ സ്കാൻ ചെയ്തെന്ന് രാഹുൽ ഗാന്ധി.

ന്യൂഡൽഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഡിജിറ്റൽ മൂല്യനിർണയ പ്രക്രിയയിൽ വൻ അഴിമതിയും സുരക്ഷാവീഴ്ചയും നടന്നതായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ പ്രൊഫഷണൽ സ്കാനിംഗ് സംവിധാനങ്ങൾക്ക് പകരം സാധാരണ മൊബൈൽ ഫോണുകൾ ഉപയോഗിച്ചാണ് സ്കാൻ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ഒരു സ്വകാര്യ കമ്പനിക്ക് കരാർ നൽകുന്നതിനായി സി.ബി.എസ്.ഇ ടെൻഡർ വ്യവസ്ഥകളിൽ ബോധപൂർവമായ മാറ്റം വരുത്തിയെന്നാണ് രാഹുൽ ഗാന്ധിയുടെ ആരോപണം. എക്സ് പ്ലാറ്റ്ഫോമിലൂടെ പ്രതികരിച്ച അദ്ദേഹം, 2025 മെയ് മാസത്തിൽ പുറത്തിറക്കിയ ആദ്യ ടെൻഡറിൽ 300 DPI റെസലൂഷനുള്ള ഓട്ടോമാറ്റിക് റോബോട്ടിക് സ്കാനറുകൾ ഉപയോഗിക്കണമെന്ന വ്യവസ്ഥ ഉണ്ടായിരുന്നുവെന്നും പിന്നീട് ഓഗസ്റ്റിൽ പുറത്തിറക്കിയ പരിഷ്കരിച്ച ടെൻഡറിൽ ഈ മാനദണ്ഡങ്ങൾ ഒഴിവാക്കിയെന്നും ചൂണ്ടിക്കാട്ടി.
‘COEMPT Edu Teck’ എന്ന സ്വകാര്യ സ്ഥാപനത്തിന് കരാർ ലഭ്യമാക്കാനാണ് സുരക്ഷാ മാനദണ്ഡങ്ങൾ ലഘൂകരിച്ചതെന്നാണ് ആരോപണം. സ്കാൻ ചെയ്ത ഉത്തരക്കടലാസുകളിൽ മങ്ങിയ ചിത്രങ്ങളും വിട്ടുപോയ പേജുകളും കണ്ടെത്തിയതായും, ഇത് സാങ്കേതിക പിഴവല്ല മറിച്ച് ആസൂത്രിതമായ ക്രമക്കേടാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
18.5 ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനം ആശങ്കാജനകമാണെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാർത്ഥി ഗവേഷകനായ സാർത്ഥക് സിദ്ധാന്ത് നടത്തിയ അന്വേഷണമാണ് ആരോപണങ്ങൾക്ക് വഴിവെച്ചത്. ഓൺലൈനിൽ ലഭ്യമായ സ്കാൻ ചെയ്ത ഉത്തരക്കടലാസുകളിൽ മൊബൈൽ ക്യാമറ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന നിഴലുകളും മടക്കുകളും കണ്ടെത്തിയതായാണ് റിപ്പോർട്ട്. ഇതിലൂടെ മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള സ്കാനിംഗ് നടന്നെന്ന ആരോപണം ശക്തിപ്പെടുന്നു.
അതേസമയം, നിസർഗ അധികാരി എന്ന 19-കാരനായ എത്തിക്കൽ ഹാക്കർ സി.ബി.എസ്.ഇ പോർട്ടലിലെ ഗുരുതര സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. പരീക്ഷാ രേഖകൾ ഉൾപ്പെടെയുള്ള രഹസ്യ വിവരങ്ങൾ അനധികൃതമായി ലഭ്യമാകുന്ന സാഹചര്യം ഉണ്ടായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ.
ഇത്തവണ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ വിജയശതമാനം 88.39 ശതമാനത്തിൽ നിന്ന് 85.2 ശതമാനമായി കുറഞ്ഞിരുന്നു. ഫിസിക്സ്, കെമിസ്ട്രി, ഗണിതശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ നിരവധി വിദ്യാർത്ഥികൾക്ക് പ്രതീക്ഷിച്ചതിലും കുറഞ്ഞ മാർക്ക് ലഭിച്ചതും വിവാദമായിരുന്നു. ഡൽഹിയിലെ ഒരു വിദ്യാർത്ഥിക്ക് ലഭിച്ച ഫിസിക്സ് ഉത്തരക്കടലാസ് മറ്റൊരാളുടേതായിരുന്നുവെന്ന് സി.ബി.എസ്.ഇ പിന്നീട് സമ്മതിക്കുകയും ചെയ്തിരുന്നു.
ആരോപണങ്ങൾ ആദ്യം നിഷേധിച്ച സി.ബി.എസ്.ഇ, പിന്നീട് തങ്ങളുടെ ഓൺലൈൻ സംവിധാനത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായിരുന്നുവെന്ന് അംഗീകരിച്ചു. ഐ.ഐ.ടി വിദഗ്ധരുടെയും സൈബർ സുരക്ഷാ ഉദ്യോഗസ്ഥരുടെയും സഹായത്തോടെ പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് സി.ബി.എസ്.ഇ അധികൃതർ അറിയിച്ചു.




