
സൗത്ത് ഫ്ലോറിഡ : അമേരിക്കയിലെ മലയാളികൾക്ക് എന്നും അഭിമാനം കൂടിയായ വ്യവസായിയും സേവനപ്രവർത്തകനുമായ ജോൺ ടൈറ്റസിന്റെ ജീവിതകഥ പുസ്തകമായി എത്തുന്നു. ‘എവിയേഷൻ ആൽക്കമിസ്റ്റ്’ എന്ന പേരിലാണ് പുസ്തകം പുറത്തിറങ്ങുന്നത്. മെയ് 4-ാം തിയതി ഞായറാഴ്ചയാണ് പ്രകാശനച്ചടങ്ങ് നടക്കുന്നത്. സൗത്ത് ഫ്ലോറിഡയിലെ മാർത്തോമാ ചർച്ചിലെ ഫെല്ലോഷിപ്പ് ഹാളിലാണ് (4740 SW 87 AVE, Davie, Fl. 33328) പുസ്തക പ്രകാശനം, വൈകിട്ട് 3.30ന്.
ജോൺ ടൈറ്റസും വിനോദ് മാത്യുവും ചേർന്നാണ് ഈ പുസ്തകം എഴുതിയത്. ലവ് യുവർ നെയ്ബർ പ്രോജക്ട് എന്ന ചാരിറ്റി പ്രവര്‍ത്തനത്തിന് സഹായമായാണ് പുസ്തകവില 20 ഡോളറായി നിശ്ചയിച്ചിരിക്കുന്നത്. ആ തുക സംഭാവനയായി നൽകാവുന്നതാണ്.
നാളുകള്‍ക്കു മുമ്പ് ഒരു ചെറിയ ഗ്യാരേജില്‍ നിന്നാണ് ജോൺ ടൈറ്റസ് തന്റെ യാത്ര തുടങ്ങിയത്. ഇന്ന് ലോകമെമ്പാടുമുള്ള വിമാന വ്യവസായ മേഖലയിലേക്കുള്ള സേവനങ്ങളുമായി മുന്നേറുന്ന എയ്റോ കൺട്രോൾസ് എന്ന അന്താരാഷ്ട്ര കമ്പനിയുടെ സ്ഥാപകനും പ്രസിഡണ്ടുമായാണ് അദ്ദേഹം. വിമാനങ്ങൾക്ക് സർവീസ്, പാകറ്റുകൾ വ്യത്യസ്തഭാഗങ്ങളായി പൊളിക്കൽ, ലീസിങ് തുടങ്ങിയ സേവനങ്ങളാണ് ഈ സ്ഥാപനം നൽകുന്നത്.
അമേരിക്കൻ മലയാളി സമൂഹത്തിൽ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമാണ് ജോൺ ടൈറ്റസ്. ഫോമയുടെ (FOMA) മുൻ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. ഫൊക്കാന ഫൗണ്ടേഷൻ, ഫോമാ ഫൗണ്ടേഷൻ എന്നിവയുടെയും അധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്. സഹായം ആവശ്യമുള്ളവർക്ക് കൈത്താങ്ങാകുന്നത് അദ്ദേഹം എന്നും പ്രധാനമാക്കിയ ഒരു ദൗത്യമാണ്. ഭാര്യ കുസുമം ടൈറ്റസിനൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അദ്ദേഹം എന്നും മുന്നിലുണ്ട്.
ഫോമയുടെ പ്രസിഡണ്ട് ആയിരിക്കെ അദ്ദേഹം വ്യക്തിപരമായി 25 കുടുംബങ്ങൾക്ക് വീടുകൾ നൽകി. കൂടാതെ എയ്റോ കൺട്രോൾസ് ചാരിറ്റബിൾ ഫണ്ടിലൂടെയും ലോകമെങ്ങുമുള്ള ജീവകാരുണ്യ സംഘടനകൾക്ക് അദ്ദേഹം സഹായം നൽകുകയാണ്.
ജോൺ ടൈറ്റസിന്റെ ജീവിതം ഒരു വിജയഗാഥയാണ് – കഠിനാധ്വാനത്തിൻറെ, ദീർഘവീക്ഷണത്തിന്റെയും, മനുഷ്യത്വത്തിന്റെ തെളിവ്. ‘എവിയേഷൻ ആൽക്കമിസ്റ്റ്’ എന്ന ഈ പുസ്തകം പുതിയ തലമുറക്ക് പ്രചോദനമാകും എന്നതിൽ സംശയമില്ല.