getPh34oto.php
ചേരി നിവാസികളുടെ ജീവിതം സിനിമയാകുമ്പോള്‍ അതില്‍ കാഴ്ചയുടെ വര്‍ണപ്പകിട്ടുകള്‍ ദര്‍ശിക്കാനാവില്ല. ചേരി എന്ന വാക്ക് അത്തരം സാമൂഹ്യ പശ്ചാത്തലത്തില്‍ ജീവിക്കുന്നവര്‍ക്ക് സമൂഹത്തിലും എന്തിന് സിനിമയില്‍ പോലും വൃത്തികെട്ട ഒരു സംസ്‌കാരത്തിന്റെ ബിംബങ്ങളായാണ് പ്രദര്‍ശിപ്പിക്കുന്നത്. എന്നാല്‍ സിനിമയിലെ പതിവു നായികാ-നായക സങ്കല്‍പ്പങ്ങളുടെയും ക്‌ളീഷേകളുടെയും പ്രണയങ്ങളുടെയുമൊന്നും അകമ്പടിയില്ലാതെ തന്നെ കാക്കമുട്ടൈ പോലൊരു സിനിമ പ്രേക്ഷക പ്രീതി പിടിച്ചുപറ്റുന്നുവെന്നത് ശ്രദ്ധേയമാണ്.
കാക്കമുട്ടൈ എന്ന സിനിമയില്‍ ചേരി എന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു പശ്ചാത്തലത്തില്‍ ജീവിക്കുന്ന തനിസാധാരണക്കാരായ മനുഷ്യര്‍ അവരുടെ ഇല്ലായ്മകളിലും എത്ര സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്ന് നമുക്ക് കാട്ടിത്തരുന്നു. മലയാളം-തമിഴ്-ബോളിവുഡ് സിനിമകളില്‍ ഇത്രയും കാലം കണ്ട ചേരി കഥകളില്‍ നിന്നും വ്യത്യസ്തമായി ഗുണ്ടാ തേര്‍വാഴ്ചയും വേശ്യാജീവിതങ്ങളും ഒന്നുമില്ലാതെ രണ്ടു കൊച്ചു കുട്ടികള്‍ കഥ പറഞ്ഞു തരുന്നു. അതുകൊണ്ടു തന്നെ കാക്കമുട്ടൈ കാണാന്‍ രസകരമായ അനുഭവമാണ്.
ചെന്നൈ നഗരത്തിലെ ചേരികളിലൊന്നില്‍ അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പം താമസിക്കുന്ന കുട്ടികളാണ് വിഗ്നേഷും രമേഷും. അവര്‍ സ്വയം വിളിക്കുന്നത് പെരിയ കാക്കമുട്ടൈ എന്നും ചിന്ന കാക്കമുട്ടൈ എന്നുമാണ്. രണ്ടു പേര്‍ക്കും അവര്‍ താമസിക്കുന്ന ചേരി പ്രദേശത്തോട് വലിയ മമതയൊന്നുമില്ല. നാലു പേരുടെയും ഉപജീവനത്തിനായി അവര്‍ കഷ്ടപ്പെടുന്നു. ട്രെയിനില്‍ നിന്നും കല്‍ക്കരി മോഷ്ടിച്ചുകൊണ്ടു വന്ന് വില്‍ക്കുകയാണ് കുട്ടി കാക്കമുട്ടൈകളുടെ പ്രധാന ജോലി. എങ്കിലും അവര്‍ തങ്ങളുടെ ചേരിക്കപ്പുറത്തെ ഒരു ലോകം ഇഷ്ടപ്പെടുന്ന കുട്ടികളുമാണ്.
ഇടയ്ക്കിടയ്ക്ക് അവര്‍ നഗരത്തിലേക്കിറങ്ങും. അവിടുത്തെ കൊതിപ്പിക്കുന്ന കാഴ്ചകള്‍ അവരെ ഹരം പിടിപ്പിക്കാറുണ്ട്. നഗരത്തിലെ കൂട്ടുകാരനേയും അവര്‍ കാണും. തികച്ചും സാധാരണക്കാരനായ പയ്യന്‍ ലോകേഷ് ആണ് അവരുടെ സുഹൃത്ത്. പണക്കാരായ ആളുകളെ കുറിച്ചും അവരുടെ ജീവിതത്തെ കുറിച്ചുമുള്ള കഥകള്‍ പറഞ്ഞുകൊടുക്കുന്നത് ലോകേഷാണ്. കൂട്ടുകാരന്റെ കഥ കേട്ടു മയങ്ങി കാക്കമുട്ടൈ സഹോദരങ്ങള്‍ അമ്മയെയും അമ്മൂമ്മയേയും തങ്ങള്‍ക്ക് പുതിയ ഡ്രസ് വേണം, ടി.വി വേണം, മൊബൈല്‍ ഫോണ്‍ വേണം എന്നു പറഞ്ഞ് ശല്യപ്പെടുത്തുന്നത് പതിവാകുന്നു. മക്കളുടെ ആവശ്യങ്ങള്‍ കേട്ട് അപ്പോഴെല്ലാം നിസഹായരാകുന്ന  അവരുടെ അമ്മയും അമ്മൂമ്മയും അവരോട് വഴക്കു പറയും.
 ‘ടെലിവിഷനിലെ കണ്ണഞ്ചിക്കുന്ന പരസ്യങ്ങള്‍ എങ്ങനെയാണ് കുട്ടികളെ സ്വാധീനിക്കുന്നതെന്നും കാക്കമുട്ടൈ വ്യക്തമാക്കുന്നു. എല്ലാവരും പരസ്യങ്ങള്‍ കണ്ട് തങ്ങള്‍ക്ക് ആവശ്യമില്ലാത്ത സാധനങ്ങള്‍ പോലും വാങ്ങിക്കൂട്ടുന്നു. വന്‍കിട ബ്രാന്‍ഡിന്റെ സാധനങ്ങളാണ് എന്നതിന്റെ പേരില്‍ മാത്രം. റോഡ് സൈഡിലെ പാനി പൂരി മതിയെന്നു പറഞ്ഞ് കരയുന്ന കുട്ടിയെയും അവനെ വഴക്കു പറയുന്ന പിതാവിനെയും നമുക്ക് ഈ സിനിമയില്‍ കാണാം. തങ്ങളെടെ വീട്ടിലുളള ടിവിയില്‍ ആകെയുള്ള രണ്ട് ചാനലുകളില്‍ തങ്ങള്‍ക്കിഷ്ടമുള്ള പരിപാടികളൊന്നും കാണാന്‍ കഴിയാത്തതിന്റെ നിരാശ പലപ്പോഴും അവരുടെ വാക്കുകളില്‍ പ്രകടമാണ്. അതോടൊപ്പം വോട്ടു ബാങ്ക് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയക്കാരുടെ കള്ളത്തരങ്ങളും ഈ രംഗങ്ങളിലെ സംഭാഷണങ്ങളില്‍ നിന്നു വ്യക്തമാകുന്നു.
മികച്ച ബാലതാരങ്ങള്‍ക്കുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയിരുന്നുഈ ചിത്രത്തിലെ വിഗ്നേഷും രമേഷും.  ചിത്രത്തിലെ പെരിയ കാക്കമുട്ടൈയും ചിന്ന കാക്കമുട്ടൈയുമായി വെള്ളിത്തിരയില്‍ നിറഞ്ഞു നിന്ന ഈ കുട്ടികള്‍ കാശുണ്ടാക്കാന്‍ വേണ്ടി ചെയ്തുകൂട്ടുന്ന കാര്യങ്ങള്‍ പ്രേക്ഷകന്റെ മനസില്‍ രസകരമായി മായാതെ കിടക്കും. അത്രമാത്രം തന്‍മയത്വത്തോടെയാണ് ഈ കുട്ടികള്‍ തങ്ങളുടെ കഥാപാത്രത്തിന് ജീവന്‍ നല്‍കിയിട്ടുള്ളത്. കഥയിലെ ഒരു രംഗത്തിലും പെരിയ-ചിന്ന കാക്കമുട്ടൈകള്‍ അവര്‍ താമസിക്കുന്ന ചേരിയില്‍ നിന്നു വേറിട്ടു നില്‍ക്കുന്നവരായി നമുക്കു തോന്നുന്നില്ല. ചിലപ്പോഴൊക്കെ മുതിര്‍ന്നവരുടെ നേര്‍ക്കു നടത്തുന്ന ചില കിടിലന്‍ ഡയലോഗുകളുമുണ്ട് ചിത്രത്തില്‍. അത് പ്രേക്ഷകര്‍ക്ക് കല്ലുകടിയാത്ത രീതിയില്‍ ചിത്രീകരിച്ചിട്ടുണ്ട് സംവിധായകന്‍.
ഒരു ഹ്രസ്വചിത്രം സ്വിധാനം ചെയ്ത പരിചയം മാത്രമുള്ള സംവിധയകന്റെ സിനിമ നിര്‍മിക്കാന്‍ ധനുഷും വെട്രിമാരനും മുന്നിട്ടിറങങിയതും സമൂഹത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നു കാണിക്കാന്‍ അദ്ദേഹത്തിനു കഴിയുമെന്ന ആത്മവിശ്വാസം കൊണ്ടു തന്നെയാകണം.
അസാധാരണത്വങഅങള്‍ ഒന്നുമില്ലാത്ത ചിത്രമാണ് കാക്കമുട്ടൈ. നമുക്കു ചുറ്റിലുമുള്ള കാര്യങ്ങള്‍ വെള്ളം ചേര്‍ത്തു നേര്‍പ്പിക്കാതെയും കൂടുതല്‍ നിറം പിടിപ്പിക്കാതെയും തികഞ്ഞ ഒറിജിനാലിറ്റിയോടെ അവതരിപ്പിച്ചിരിക്കുന്നു. കിടിലന്‍ സ്റ്റണ്ട് രംഗങ്ങളോ കളര്‍ഫുള്‍ പ്രണയരംഗങ്ങളോ ഒന്നുമില്ലാത്ത ചിത്രം മനസിനു സന്തോഷം നല്‍കുന്ന ഒരു സിനിമയാണ്.. അതുകൊണ്ടു തന്നെ കാണാന്‍ മറക്കുരതേ എന്നു പറയാന്‍ ആഗ്രഹിക്കുന്ന ഒരു സിനിമയും.

 

LEAVE A REPLY

Please enter your comment!
Please enter your name here